scorecardresearch
Latest News

ഇറങ്ങി വാ മക്കളേ…; മംഗളൂരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് മധുരവുമായി മന്ത്രി, വീഡിയോ

അഞ്ച് കെഎസ്ആർടിസി ബസുകളിലായാണ് മംഗളൂരുവിൽ നിന്ന് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിച്ചത്

ഇറങ്ങി വാ മക്കളേ…; മംഗളൂരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് മധുരവുമായി മന്ത്രി, വീഡിയോ

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധങ്ങള്‍ ഏറെ കലുഷിതമായിരുന്നു. പൊലീസ് വെടിവയ്‌പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ രൂക്ഷമായി. നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റർനെറ്റ് സൗകര്യങ്ങൾ നിർത്തിവച്ചു, മലയാളി മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നു വന്നവരാണ് മംഗളൂരുവിൽ അക്രമങ്ങൾ സൃഷ്ടിക്കുന്നതെന്ന് കർണാടക ആഭ്യന്തരമന്ത്രി പറഞ്ഞത് ഏറെ വിവാദമായി.

അതിനുപിന്നാലെയാണ്, മംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സർവ്വീസുകൾ നിർത്തിവച്ചത്. മംഗളൂരുവിൽ കുടുങ്ങി കിടന്ന വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ സാധിക്കാത്ത അവസ്ഥയായി. ഇതേ തുടർന്ന് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയിരുന്നു.

Read Also: Horoscope of the Week (Dec 22 -Dec 28 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

പിന്നീട്, അഞ്ച് കെഎസ്ആർടിസി ബസുകളിലായാണ് മംഗളൂരുവിൽ നിന്ന് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിച്ചത്. കാസർകോട് ജില്ലാ ഭരണകൂടവും ആവശ്യമായ ഇടപെടലുകൾ നടത്തി. ഇന്നലെ രാത്രിയോടെ അഞ്ച് ബസ്സുകളിലായി മംഗളൂരുവിൽ നിന്ന് വിദ്യാർഥികൾ കേരളത്തിലെത്തി. കെഎസ്ആർടിസി ബസുകളിൽ വരുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ എത്തി. വിദ്യാർഥികൾക്ക് മധുരം നൽകിയാണ് അദ്ദേഹം സ്വീകരിച്ചത്. ബസിലേക്ക് നോക്കി മന്ത്രി പറയുന്നത് കേൾക്കാം ‘ വാ മക്കളേ…ഇറങ്ങി വാ…ഇറങ്ങ് മക്കളേ’ ഓരോരുത്തരായി ഇറങ്ങുമ്പോൾ അവർക്കെല്ലാം മന്ത്രി തന്നെ മധുരം നൽകി.

തങ്ങളെ നാട്ടിലെത്തിക്കാൽ ഇടപെടലുകൾ നടത്തിയ സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വിദ്യാർഥികൾ നന്ദി പറഞ്ഞു. മംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബസ് സർവീസ് നിർത്തിയതോടെ തങ്ങൾ തങ്ങൾക്ക് നാട്ടിലെത്താനുള്ള എല്ലാ വഴികളും അടഞ്ഞെന്നും കെഎസ്ആർടിസി സർവീസ് നടത്തിയത് ഏറെ സഹായമായെന്നും കേരളത്തിലെത്തിയ ശേഷം വിദ്യാർഥികൾ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala special ksrtc service from mangaluru citizenship amendment act