ന്യൂഡല്‍ഹി: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് സംസ്ഥാനം ആവശ്യപ്പെട്ടു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാന്‍ സാധിക്കില്ല. ഇവയെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ സംസ്ഥാന ചട്ടങ്ങല്‍ ഇവയെ കൊല്ലാന്‍ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
എബിസി പദ്ധതി നടപ്പിലാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുവാദം നല്‍കണമെന്നാണ് അപേക്ഷയില്‍ കേരളം വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നായിരുന്നു പദ്ധതി നടത്തിപ്പില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കിയത്. ഇതുമൂലം എട്ട് ജില്ലകളില്‍ പദ്ധതി നടത്തിപ്പ് പൂര്‍ണമായി മുടങ്ങിയെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായിട്ടുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയതായും സര്‍ക്കാര്‍ അപേക്ഷയില്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം മേഖലകളില്‍ വാക്സിനേഷനടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.