Kerala Hartal and Sabarimala Protests LIVE: കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ശബരിമല സംരക്ഷണ സമിതിയും, ശബരിമല കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ 24 മണിക്കൂറാണ്. ഇന്നലെ അർദ്ധരാത്രി ആരംഭിച്ച ഹർത്താലിന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ പിന്തുണയുണ്ട്. രാവിലെ ആറ് മണിക്കാരംഭിച്ച ശബരിമലയുടെ കർമ്മ സമിതിക്ക് ബിജെപി പിന്തുണയാണ് ബലം.

Kerala Shutdown (Hartal) Today and Sabarimala Protests LIVE Updates: ഹർത്താൽ വിവരങ്ങൾ തത്സമയം

9.28 pm: ശബരിമല ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനമെന്ന് കേന്ദ്രസര്‍ക്കാര്‍. സമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും സമാധാനം ഉറപ്പാക്കാന്‍ സംസ്ഥാനം ആവശ്യമായ നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

8.21 pm: ശബരിമലയിലെ വിധിയില്‍ ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് വിഷയത്തില്‍ സ്വതന്ത്ര്യമായി തീരുമാനമെടുക്കാമെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

7.36 pm: ശബരിമലയില്‍ നിന്നും

Photo Credit: Vishnu Varma

7.08 pm: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശവുമായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ തീവ്രസമരം വേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് വ്യക്തമാക്കി.

6.51 pm: മന്ത്രി പുറത്തുവിട്ട ശബ്ദരേഖ ആരുടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗുജറാത്തില്‍നിന്നുള്ള പ്രമുഖനായ നേതാവിന്റെ കേരളത്തിലെ ആളിന്റെ ശബ്ദം, ബിജെപിക്കാരുടെ ശബ്ദമാണെന്നു പറയുന്നത് കള്ളത്തരമാണ്. നരേന്ദ്ര മോദിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരാളുടെ അനുയായിയുടെ ശബ്ദമാണ്. സിപിഎമ്മിലെ പുത്തന്‍കൂറ്റുകാരന്റെ ശബ്ദമാണത്. അത് ഞങ്ങളുടെ ആളുടെ പാര്‍ട്ടിയില്‍പ്പെട്ട ആളുടേതാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

6.45 pm: ശബരിമല സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് ആര്‍എസ്എസുകാരാണെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം തള്ളി പിഎസ് ശ്രീധരന്‍പിള്ള.

സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമില്ല. ഹര്‍ജിക്കാര്‍ ആര്‍എസ്എസുകാരാണ് എന്ന് വാര്‍ത്ത കൊടുത്ത മലയാള ചാനലിനെതിരെ അവര്‍ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

6.15 pm:

5.51 pm: ശബരിമലയില്‍ നിന്നുമുള്ള ചിത്രങ്ങള്‍

Photo Credit: Vignesh Krishna Moorthy

Photo Credit: Vignesh Krishna Moorthy

Photo Credit: Vignesh Krishna Moorthy

5.42 pm: നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ സുരക്ഷാക്രമീകരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും ക്രമസമാധാന നില വിലയിരുത്തുന്നതിനുമായി മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചു. കൊച്ചി റേഞ്ച് ഐ.ജി. വിജയ് .എസ്.സാക്കറേ, ക്രൈം വിഭാഗം ഐ.ജി. എസ്. ശ്രീജിത്ത്, പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവരെയാണ് നിയോഗിച്ചത്. വിജയ് സാക്കറേയ്ക്ക് നിലയ്ക്കല്‍, കോട്ടയം എന്നിവിടങ്ങളുടേയും ശ്രീജിത്തിനും ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കും പമ്പയുടേയും ചുമതലയാണ് നല്കിയിരിക്കുന്നത്.

5.10 വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോർഡ്. റിവ്യൂ ഹർജി നല്‍കിയാല്‍ പ്രതിഷേധം നിർത്താന്‍ തയ്യാറാകുമോ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ.

4.51 pm: 1996 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് ‘ഹെഡ് ബാന്‍ഡ്’ ധരിച്ചവരെന്ന് ഓര്‍ക്കണമെന്ന് സീതാറാം യെച്ചൂരി. ശബരിമലയിലെ കാഴ്ചകള്‍ ബാബ്‌റി മസ്ജിദിനെ ഓര്‍മിപ്പിയ്ക്കുന്നതാണ്. വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും എന്നും യെച്ചൂരി.

4.47 pm: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും ബാബറി മസ്ജിദിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

4.37 pm: ശബരിമലയിലെ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തുന്നുവെന്നും പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷണം വേണമെന്നും പിഎസ് ശ്രീധരന്‍പിള്ള. പൊലീസ് അക്രമത്തിനെതിരെ നീതിനിഷേധ സമരം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍.

4.14 pm: മലപ്പുറം തിരൂരില്‍ വെട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

4.00 pm: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുന്‍ നിലപാട് മാറ്റി ആര്‍എസ്എസ്. സുപ്രീം കോടതി വിധി കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പരിഗണിക്കാതെയുള്ളതെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

3.48 pm: രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കലാപത്തിന് ശ്രമിച്ചെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റു ചെയ്തത്. 14 ദിവസത്തേത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇന്നു രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ രാഹുലിനെ ഹാജരാക്കിയിരുന്നു

2.45 pm: സംസ്ഥാനത്ത് 32 കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണവും നടന്നു. പുലർച്ചെ ബൈക്കിലെത്തിയ സംഘം കല്ലുകളും ബീയർ ബോട്ടിലുകളും വലിച്ചെറിഞ്ഞു. മലപ്പുറം ചമ്രവട്ടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.

2.40 pm: ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ മലപ്പുറത്ത് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. മലപ്പുറം താനൂരിലാണ് പൊലീസിനെ നേരെ ആക്രമണം ഉണ്ടായത്. വാഹനങ്ങൾ തടഞ്ഞ ഹർത്താൽ അനുകൂലികൾ പൊലീസിനു നേരെ കല്ലെറിഞ്ഞു. ഷൈജു, റാഷിദ് എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്.

2.22 pm: ശബരിമലയിലെ ആക്രമണം ആസുത്രീതമാണെന്ന് പൊലീസ്. അയ്യപ്പ ഭക്തരെന്ന വ്യാജേന എത്തുന്നവരാണ് പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയതെന്നും പൊലീസ് പറയുന്നു.

ഭക്തരുടെ അടക്കം വാഹനം തടഞ്ഞ് പരിശോധിച്ചതും പൊലീസിനെ കല്ലെറിഞ്ഞും കലാപം ഉണ്ടാക്കാനായി ആസൂത്രിത നീക്കം നടത്തുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

1.00 pm: ശബരിമലയിലേക്ക് കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.

12.40 pm: നിരോധനാജ്ഞ മറികടന്ന് നിലയ്ക്കലേക്കെത്താൻ ആർഎസ്എസ് നേതാവിന്റെ ആഹ്വാനം. വാട്‌സ്ആപ്പിൽ പങ്കുവച്ച ഓഡിയോ സന്ദേശം മന്ത്രി കടകംപളളി സുരേന്ദ്രൻ പുറത്തുവിട്ടു.

12.10 pm: ശബരിമലയിൽ വിശ്വാസികളുടെ അഭിപ്രായവും വർഷങ്ങളായി തുടരുന്ന ആചാരങ്ങളും പരിഗണിക്കാതെയാണ് സുപ്രീം കോടതി വിധി പ്രസ്താവം പുറപ്പെടുവിച്ചതെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. വിജയ ദശമി ദിന സന്ദേശം നൽകുകയായിരുന്നു ഇദ്ദേഹം. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നായിരുന്നു ആർഎസ്എസിന്റെ മുൻ നിലപാട്.

11.43 am: ശബരിമലയെ തകർക്കാനാണ് ആർഎസ്എസ് ശ്രമമെന്ന് പിണറായി വിജയൻ. “വിശ്വാസികളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുക, ഭീകരത പടര്‍ത്തി അവരെ പിന്തിരിപ്പിക്കാന്‍ നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബരിമലക്ക്തന്നെ എതിരാണ്. സവര്‍ണജാതിഭ്രാന്താല്‍ പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.” പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ പറയുന്നു.

11.41 am: ശബരിമലയിൽ എല്ലാ ജാതി-മത വിഭാഗക്കാർക്കും പ്രവേശിക്കാമെന്നതിൽ ആർഎസ്എസിന് പണ്ട് മുതലേ അസഹിഷ്ണുതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “പല ഘട്ടങ്ങളില്‍ ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക് ശബരിമല കാര്യത്തില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു.”

11.40 am: രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

11.35 am: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ച സംസ്ഥാന പ്രസിഡന്റും മൂന്ന് സംസ്ഥാന ഭാരവാഹികളുമാണ് അറസ്റ്റിലായത്.

11.23 am: ന്യൂയോർക് ടൈംസ് ലേഖിക സുഹാസിനി രാജ് കനത്ത പൊലീസ് സന്നാഹത്തിൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

11.22 am: നിലയ്ക്കലിൽ പൊലീസ് കൺട്രോൾ റൂം തുറന്നു.

11.17 am: ഒക്ടോബർ 23 മുതൽ 30 വരെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രാർത്ഥനാ യജ്ഞം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. ഗ്രാമീണ അടിസ്ഥാനത്തിൽ സമരം നടത്തുമെന്ന് ബിജെപി പ്രസിഡന്റ്. നവംബർ ഒന്നിന് ശേഷം ജില്ലാടിസ്ഥാനത്തിൽ പദയാത്രയും വാഹന റാലിയും നടത്തും. രണ്ടാഴ്ചക്കാലം നടത്തും. അക്രമത്തിലേക്ക് എവിടെയും പോകില്ലെന്നും ബിജെപി തീരുമാനം.

11.12 am: ശബരിമലയെ തകർക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതൊരു വലിയ തീർത്ഥാടന കേന്ദ്രമാകാനുളള സാഹചര്യം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമത്തിനെതിരെ ബിജെപി ശക്തമായ സമരം തുടരും. അടുത്ത അഞ്ച് ദിവസം ഗാന്ധിയൻ മാതൃകയിൽ സമരം തുടരുമെന്ന് പിഎസ് ശ്രീധരൻ പിളള.

11.00 am: ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള. അക്രമം നടത്തിയത് പൊലീസാണെന്നും അദ്ദേഹം ആരോപിച്ചു.  ബിജെപിക്കെതിരെ ദേവസ്വം മന്ത്രി കൊലവിളി നടത്തി.

10.40 am: ഒരു കൂട്ടം ആളുകൾ തന്നെ ആക്രമിച്ചെന്ന് ന്യൂയോർക് ടൈംസ് ലേഖിക സുഹാസിനി. പമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും അവർ വ്യക്തമാക്കി.

ഹർത്താലിൽ അടഞ്ഞുകിടക്കുന്ന പെട്രോൾ പമ്പ്…

10.20 am: ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി.

9.55 am: കോഴിക്കോട് ജില്ലയിലെ മുക്കത്തും കുന്നമംഗലത്തും കുണ്ടായിത്തോടും കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കനത്ത പൊലീസ് കാവലുണ്ട്.

9.40 am: ഹർത്താലാണെങ്കിലും സംസ്ഥാനത്ത് പലയിടത്തും ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. ബസ് സർവ്വീസുകൾ മുടങ്ങി. കടകൾ അടഞ്ഞുകിടക്കുകയാണ്.

പറവൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാന്റ്

9.20 am: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട കെഎസ്ആർടിസി, പൊലീസ് അകമ്പടിയുണ്ടെങ്കിലേ സർവ്വീസ് തുടരൂ എന്ന് പറഞ്ഞു.

9.15 am: ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സുഹാസിനി യാത്ര ആരംഭിച്ചത്. എട്ട് മണിയോടെ മരക്കൂട്ടത്തിന് തൊട്ടടുത്തെത്തി. ഇവിടെ വച്ച് ഇവരെ സന്നിധാനത്ത് നിന്ന് മടങ്ങിയ ആളുകൾ അസഭ്യം പറയുകയായിരുന്നു.

9.10 am: പമ്പയിൽ നിന്നും മരക്കൂട്ടത്തേക്കുളള 3.75 കിലോമീറ്റർ ദൂരം സുഹാസിനി രാജും അവരുടെ സഹപ്രവർത്തകനും താണ്ടി. ഇവിടെ നിന്ന് സന്നിധാനത്തേക്ക് വെറും 1.25 കിമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്.

8.45 am: “ജോലിചെയ്യാനാണ് ഞാൻ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചത്. എന്നാൽ ആരുടെയും വികാരം വ്രണപ്പെടുത്താനില്ല. ഞാൻ മടങ്ങുന്നു,” ഏഷ്യാനെറ്റ് ന്യൂസിനോട് സുഹാസിനി പറഞ്ഞു.

8.25 am: സുഹാസിനി രാജും ഒപ്പമുണ്ടായിരുന്ന യുവാവും പൊലീസ് സംഘത്തിനൊപ്പം പമ്പയിലേക്ക് തിരികെയെത്തി. ഇവർ ഇരുവരെയും പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

എരുമേലിയിൽ പൊലീസ് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു

8.00 am: മരക്കൂട്ടത്ത് വച്ച് സുഹാസിനി രാജിന് നേരെ വീണ്ടും പ്രതിഷേധം. തീർത്ഥാടകരുടെ വേഷത്തിലുണ്ടായ നൂറോളം പേർ ഇവരെ തടഞ്ഞ് അസഭ്യം പറഞ്ഞതായി റിപ്പോർട്ടുണ്ട്. സന്നിധാനം വരെ സുരക്ഷയൊരുക്കാമെന്ന് പൊലീസ് ഉറപ്പുകൊടുത്തെങ്കിലും സുഹാസിനി പിന്മാറി.

7.45 am: ബെംഗലുരുവിൽ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക് നേരെയും ആക്രമണം നടന്നു. രണ്ട് ബസുകളുടെ മുൻവശത്തെ ചില്ല് തകര്‍ന്നു.

7.40 am: മലപ്പുറം കുറ്റിപ്പുറത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ബസുകളുടെ ചില്ലുകൾ തകർന്നതായാണ് വിവരം.

എരുമേലിയിൽ നിന്നുളള കാഴ്ച…

7.25 am: കാനനപാതയിലൂടെ സന്നിധാനം ലക്ഷ്യമാക്കി നടന്ന ന്യൂയോർക് ടൈംസിന്റെ മാധ്യമപ്രവർത്തക സുഹാസിനി രാജിനെ അയ്യപ്പ ഭക്തർ തടഞ്ഞു. പൊലീസ് ഉടനടി സുഹാസിനിയുടെ സുരക്ഷയ്ക്ക് എത്തി. പൊലീസും സുഹാസിനിയെ അനുഗമിക്കുകയാണിപ്പോൾ.

7.20 am: ഇന്നലെ അർദ്ധരാത്രിക്ക് ശേഷം പമ്പയിലേക്ക് ഒറ്റ ബസ് പോലും പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് നടത്തിയിട്ടില്ല. ഇതേ തുടർന്ന് പത്തനംതിട്ടയിൽ നിരവധി തീർത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്.

7.10 am: നിലയ്ക്കൽ-ഇലവുങ്കൽ റൂട്ടിൽ ഇന്നലെ കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ കല്ലേറ് നടന്നിരുന്നു. ഏഴിലധികം ബസുകള്‍ ആക്രമണത്തിന് ഇരയായി.

7.00 am: ന്യൂയോർക് ടൈംസിലെ മാധ്യമപ്രവർത്തക സുഹാസിനി രാജ് ശബരിമല സന്നിധാനത്തേക്ക് പോകാൻ കാനനപാതയിലേക്ക് പ്രവേശിച്ചു. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിനിയാണ് ഇവർ.

6.45 am: ഇന്നത്തെ ഹര്‍ത്താലിനെ യുഡിഎഫ് പിന്തുണക്കില്ല. എന്നാൽ സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്.

6.30 am: സംസ്ഥാനത്ത് നാലിടത്ത് നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലേക്കുളള തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.

6.00 am: ബിജെപിയുടെ പിന്തുണയോടെ ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ ആരംഭിച്ചു. ഇന്നലെ നിലയ്ക്കലിൽ പൊലീസ് വിശ്വാസികളെ അക്രമിക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള ഹർത്താലിനുളള പിന്തുണ പ്രഖ്യാപിച്ചത്.

5.30 am: ശബരിമല വിഷയത്തിൽ പ്രവീൺ തൊഗാഡിയ സ്ഥാപിച്ച അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും പ്രഖ്യാപിച്ച ഹർത്താൽ അർദ്ധരാത്രി 12 മണി മുതൽ തന്നെ ആരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.