കട്ടപ്പന: അണക്കരയിൽ രണ്ടേകാൽ ലക്ഷം രൂപ കളളനോട്ടുമായി മൂന്ന് പേർ പിടിയിൽ. സീരിയൽ നടിയും അമ്മയും സഹോദരിയുമാണ് ഈ കേസിൽ പിടിയിലായത്. സീരിയൽ നടി കൊല്ലം മുളങ്കാടകം തിരുമുല്ലവാരം ഉഷസിൽ സൂര്യ (36), സഹോദരി ശ്രുതി (29), അമ്മ രമാദേവി (56) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൊല്ലത്തെ വീട്ടിലെ രണ്ടാം നിലയിൽ കഴിഞ്ഞ എട്ട് മാസമായി കളളനോട്ട് നിർമ്മാണം നടക്കുന്നതായാണ് പൊലീസ് പറയുന്നത്. ഈ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോഴും 500 രൂപ നോട്ടിന്റെ കളളനോട്ട് നിർമ്മാണം നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
57 ലക്ഷം രൂപ വിലമതിക്കുന്ന 500 രൂപയുടെ കളളനോട്ട് നിർമ്മാണമായിരുന്നു നടന്നത്. ഏഴുകോടി രൂപ നിർമ്മിക്കാനായിരുന്നു ശ്രമം. എന്നാൽ ഇവരെ പിടികൂടിയതോടെ ഈ ലക്ഷ്യം തകർക്കാൻ സാധിച്ചതായി പൊലീസ് അവകാശപ്പെടുന്നു.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവരുടെ മുളങ്കാടകം മനയിൽകുളങ്ങര വനിത ഐടിഐക്ക് സമീപത്തെ വീട്ടിൽ റെയ്‌ഡ് നടന്നത്. കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ, പ്രിന്റർ, മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ എന്നിവയും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. എട്ട് മാസമായി കളളനോട്ട് പ്രിന്റിങ്ങ് നടന്നുവരുകയായിരുന്നു. സംഘത്തിൽ പത്ത് പേരിലധികം ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നടക്കുമെന്നും പൊലീസ് പറഞ്ഞു.
2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പുറ്റടി അച്ചക്കാനം കടിയൻകുന്നേൽ രവീന്ദ്രൻ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേൽ ലിയോ (സാം-44), കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയിൽ കൃഷ്‌ണകുമാർ (46) എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സീരിയൽ നടിയും അമ്മയും സഹോദരിയും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.