ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിൽ ഏറെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്ന കേരളത്തിന് 1843 കോടിയുടെ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
അടിയന്തിര സഹായമെന്ന നിലയിൽ 300 കോടി ഉടൻ ലഭ്യമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കേരളത്തിന് വേണ്ടി ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനുമായും മുഖ്യമന്ത്രി ചർച്ച നടത്തി. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കേന്ദ്ര സംഘത്തെ ദുരിതം വിലയിരുത്താൻ കേരളത്തിലേക്ക് അയക്കുമെന്ന് രണ്ട് കേന്ദ്രമന്ത്രിമാരും ഉറപ്പുനൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം പ്രകൃതിക്ഷോഭങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് മുൻകൂട്ടി മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് നൽകുന്നതിന് പ്രത്യേക സംവിധാനങ്ങൾ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ദില്ലിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകബാങ്കിന്റെ സഹായം ലഭിക്കുന്ന നാഷണൽ സൈക്ലോൺ റിസ്ക് ഫണ്ടിൽ നിന്ന് പണം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. 13436 മത്സ്യത്തൊഴിലാളികൾ കേരളത്തിൽ ഭൂമിയും വീടും ഇല്ലാത്തവരാണ്. ഇവരിൽ 4148 മത്സ്യത്തൊഴിലാളികൾക്ക് ഭൂമിയുണ്ടെങ്കിലും വീടില്ല. ഇവർക്കാകെ പ്രധാനമന്ത്രിയുടെ റൂറൽ ഹൗസിംഗ് പദ്ധതിയിൽ പെടുത്തി എല്ലാവർക്കും വീട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുടെ രക്ഷാപ്രവർത്തനത്തിനുള്ള പങ്കാളിത്തം മികച്ചതായിരുന്നു. ഇതിനാവശ്യമായ ചിലവ് കേന്ദ്രം തന്നെ വഹിക്കണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിൽ വച്ചു. ആവശ്യമായ സഹായങ്ങൾ പെട്ടെന്ന് നൽകാമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുനൽകി.
കേന്ദ്ര പ്രതിരോധ മന്ത്രി ദുരന്തബാധിത പ്രദേശം സന്ദർശിച്ചതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിനും ഉള്ള നന്ദി അറിയിച്ചു. പത്ത് ദിവസത്തേക്ക് കൂടി തിരച്ചിൽ നടത്തുന്നതിനാവശ്യമായ സഹായം കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
3800 മണിക്കൂറാണ് ഇതുവരെ രക്ഷാപ്രവർത്തനം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ എത്തിയിട്ടുണ്ടെന്നും അവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാവശ്യമായ പണം സംസ്ഥാനം നൽകുന്നതായും അദ്ദേഹം അറിയിച്ചു.