scorecardresearch

സ്‌കൂളുകൾ സാധാരണനിലയിലേക്ക്; ഭൂരിപക്ഷം കുട്ടികളും ക്ലാസിലെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി

47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്നുമുതൽ സ്‌കൂളിൽ എത്തുക

School Reopening, School Bus
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്നുമുതൽ വീണ്ടും സാധാരണ നിലയിലേക്ക്. കോവിഡ് വ്യാപനത്തെത്തുർന്ന് അടച്ചിട്ട സ്‌കൂളുകൾ 23 മാസത്തിനുശേഷമാണ് സാധാരണ നിലയിലേക്ക് എത്തുന്നത്. ഇനി മുതൽ വൈകുന്നേരം വരെ ക്ലാസുണ്ടാകും.

47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്നുമുതൽ സ്‌കൂളിലെത്തുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം കുട്ടികളും ഇന്ന് ക്ലാസുകളിലെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ തുറന്നതിൽ കുട്ടികൾ സന്തോഷത്തിലാണെന്നും രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ കുട്ടികളും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒന്ന്‌ മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണുള്ളത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരുമുണ്ട്‌. ഒന്ന്‌ മുതൽ പത്ത് വരെ ക്ളാസുകളിൽ ഒരു ലക്ഷത്തി അമ്പതിയേഴായിരത്തിൽപരവും ഹയർ സെക്കൻഡറിയിൽ മുപ്പത്തിനായിരത്തിൽപരവും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൂവായിരത്തി തൊള്ളായിരത്തോളവും അധ്യാപകരാണുള്ളത്.

പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്‌ളാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ളാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകും.

കുട്ടികളുടെ യൂണിഫോമിന്റെയും ഹാജറിന്റെയും കാര്യത്തിൽ കടുംപിടിത്തം വേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്കൂളുകൾ തുറക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മാർഗരേഖ നിർദ്ദേശിച്ച പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സ്കൂൾ പ്രവർത്തനം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: 47 ലക്ഷത്തോളം വിദ്യാർഥികൾ തിങ്കളാഴ്ച സ്കൂളിലേക്ക്: ഒരുക്കങ്ങൾ പൂർത്തിയായതായി; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala schools reopening returning to normal