/indian-express-malayalam/media/media_files/uploads/2020/03/sslc-exam-students.jpg)
തിരുവനന്തപുരം: പ്രാക്‌ടിക്കലുകൾക്കും സംശയ ദൂരീകരണത്തിനുമായി ജനുവരി ഒന്നുമുതല്‍ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു വിദ്യാഥികൾക്കായാണിത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകള്‍ നടക്കുക. തിരുവനന്തപുരത്ത് സ്‌കൂളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ.എം.സഫീറിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിൽ ചേര്‍ന്ന യോഗം വിലയിരുത്തി.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍, പി.ടി.എയിലെ ഒരംഗം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍/നഴ്സ് തുടങ്ങിയവരാണ് കോവിഡ് സെല്ലിലെ മറ്റ് അംഗങ്ങള്‍.
ജനുവരി ഒന്നുമുതല്‍ രാവിലെയും ഉച്ചയ്ക്കും രണ്ടു ഷിഫ്റ്റുകളിലായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സി.എഫ്എല്‍ടിസികളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളെ അണുവിമുക്തമാക്കി വിദ്യാഭ്യാസ വകുപ്പിന് തിരികെ നല്‍കിയിട്ടുണ്ട്.
ജാഗ്രതയില്‍ വിട്ടുവീഴ്‌ച അരുത്
കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കം ഉണ്ടായവരുമായ കുട്ടികള്‍ സ്‌കൂളുകളില്‍ യാതൊരു കാരണവശാലും എത്തരുത്. ഉച്ചഭക്ഷണം സ്‌കൂളില്‍ കൊണ്ട് വന്നു കഴിക്കാന്‍ അനുവദിക്കില്ല. കുടിവെള്ളം സ്വന്തമായി കൊണ്ട് വരണം. കുടിവെള്ളം കുട്ടികള്‍ തമ്മില്‍ പങ്കിടാനും പാടില്ല. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുമ്പോഴും തിരികെ കൂട്ടിക്കൊണ്ടു പോകുമ്പോഴും രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുത്. എല്ലാ സ്‌കൂളുകളിലും സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുള്ള കോവിഡ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഒരുകാരണവശാലും മാസ്‌ക് താഴ്ത്തിവയ്ക്കാനോ ഉപയോഗിക്കാതിരിക്കാനോ അനുവദിക്കില്ല. സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. ഇത് നേരത്തെ തന്നെ കുട്ടികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ജാഗ്രതാ സമിതിയും അധ്യാപകരും നേതൃത്വം നല്‍കണം
50 ശതമാനം അധ്യാപകരെയായിരിക്കും സ്‌കൂള്‍ തുറക്കുമ്പോള്‍ നിയോഗിക്കുന്നത്. പൊതുവെയുള്ള ജാഗ്രതയ്‌ക്കൊപ്പം ഇന്റർവെൽ സമയത്തും കുട്ടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധ്യാപകരും സമിതിയും ഉറപ്പുവരുത്തണം. ഇതിനായി എല്‍പി, യുപി വിഭാഗം അധ്യാപകരെക്കൂടി ചുമതലപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ആ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ള അധ്യാപകരും രോഗികളുമായി സമ്പര്‍ക്കം ഉള്ളവരും സ്‌കൂളുകളില്‍ എത്തരുത്. അധ്യാപകര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ സ്റ്റാഫ് റൂമുകളിലും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ ഉപയോഗിക്കുകയും വേണം.
റൂറല്‍ എസ്‌പി ബി.അശോകന്‍, പൊതുവിദ്യാഭ്യാസം, ആരോഗ്യം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യു, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് തുടങ്ങി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.