തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാതലത്തിലും ഉപജില്ലാ തലത്തിലും പ്രവേശനോത്സവം നടക്കും.
42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും നാളെ മുതൽ സ്കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്ക് നിർബന്ധമാണ്. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളിൽ എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തുമായി ചർച്ച നടത്തിയാതായി അദ്ദേഹം പറഞ്ഞു. സ്കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. സ്കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് മുന്നറിയിപ്പുകൾ എന്നിവ സ്ഥാപിക്കുമെന്നും പറഞ്ഞു.
സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടിയിട്ടുണ്ട്. സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തും. സ്കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു. സ്കൂള്‍ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നെസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം.
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം മാത്രമേ പോലീസ് അനുമതി നല്‍കൂ. സ്കൂള്‍ അധികൃതരുടെ സഹകരണത്തോടെ സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.
കുട്ടികളെ സ്കൂളില്‍ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങള്‍ സ്കൂളിന് സമീപത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്കൂള്‍കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതു പരിശോധിക്കാന്‍ അപ്രതീക്ഷിത വാഹനപരിശോധന നടത്താനും ഡി.ജി.പി നിര്‍ദ്ദേച്ചിട്ടുണ്ട്.
സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്കൂള്‍ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കും.കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേകശ്രദ്ധ പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ സഭ്യമല്ലാത്ത പ്രവൃത്തികള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും.
സൈബര്‍ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണം എന്നിവയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read: എസ്എസ്എൽസി ടാബുലേഷൻ ജൂൺ ആദ്യവാരത്തോടെ പൂർത്തിയാകും, ഫലം ജൂൺ 10ന് പ്രഖ്യാപിച്ചേക്കും