തിരുവനന്തപുരം: കൈത്തറി തുണി നെയ്ത് കൂലി വാങ്ങിയ ആളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഠപുസ്തകത്തിന്റേയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഓർമ്മകളിലേയ്ക്ക് കടന്നുപോയത്. .

“എസ്.എസ്.എല്‍.സി കഴിഞ്ഞ സമയത്തായിരുന്നു അത്. പത്താം ക്‌ളാസ് കഴിഞ്ഞ് കോളേജിലേക്ക് അപേക്ഷിക്കാന്‍ താമസിച്ചു. ഒരു വര്‍ഷം വെറുതെ കളയേണ്ടെന്ന് കരുതിയാണ് കൈത്തറി ശാലയില്‍ പോയത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പഠിച്ചെടുക്കാവുന്ന തൊഴിലാണ് നെയ്ത്ത്. വീടിനു സമീപത്തെ നെയ്ത്തു ശാലയിലാണ് പോയത്. നന്നായി നെയ്ത്തു കൂലിയും വാങ്ങി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഇത് ഉണര്‍വിന്റെ കാലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ 200 പ്രവൃത്തി ദിവസങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. പഠന സമ്പ്രദായവും പാഠ്യ വിഷയങ്ങളും മാറി വരികയാണ്. മാറ്റം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കുകയാണ്. എല്ലാ വിദ്യാര്‍ത്ഥികളെയും പഠനത്തിന് സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൂര്‍ണ അന്ധരായ ചില നിര്‍ഭാഗ്യവാന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. ആലപ്പുഴയില്‍ വച്ച് ഇത്തരത്തിലുള്ള ഒരാള്‍ നേരിട്ടു കണ്ട് പഠിക്കുന്ന കാലത്തെ വിഷമത്തെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രെയിലി പഠന സഹായി കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കൈത്തറി യൂണിഫോം തയ്യാറാക്കുന്നതിന് ആവശ്യമായ തൊഴിലാളികളെ കണ്ടെത്തി നിയമിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.

പാഠപുസ്തകം ലഭിക്കുന്നില്ലെന്നതായിരുന്നു വിദ്യാഭ്യാസ മേഖലയിലെ വലിയ പരാതി. എന്നാല്‍ ഇപ്പോഴത് പഴങ്കഥയായിരിക്കുന്നു. സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് പാഠപുസ്തകം എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളായ ഇന്ദ്രാര്‍ജുന്‍, നിമിഷ, നിഖില്‍ നായര്‍ എന്നിവര്‍ക്ക് ബ്രെയിലി പാഠപുസ്തകം മുഖ്യമന്ത്രി നല്‍കി. മണക്കാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഐശ്വര്യ, പാര്‍വതി, ഗീതാഞ്ജലി, അശ്വനി എന്നിവര്‍ക്ക് പുതിയ പാഠപുസ്തകങ്ങളും യൂണിഫോമും മുഖ്യമന്ത്രി വിതരണം ചെയ്തു.

സ്‌കൂള്‍ ​ യൂണിഫോമിനായി ഈ വര്‍ഷം 23 ലക്ഷം മീറ്റര്‍ തുണിയാണ് തയ്യാറാക്കിയത്. അടുത്ത വര്‍ഷം കൂടുതല്‍ തൊഴിലാളികളെയും തറികളും ഇതിനായി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. പറഞ്ഞു. വ്യവസായ വകുപ്പിന്റെ മികച്ച സഹകരണത്താലാണ് കൈത്തറി യൂണിഫോം വിതരണം ഫലപ്രദമായി നടപ്പാക്കാനായതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യാനായതും നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോം സൗജന്യമായി നല്‍കുന്നതിന് തയ്യാറാക്കിയത് 48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി. ഹാന്റെക്‌സ്, ഹാന്‍വീവ് എന്നിവയുടെ നേതൃത്വത്തിലാണ് തുണി തയ്യാറാക്കിയത്.

ഈ അധ്യയന വര്‍ഷം 3701 സ്‌കൂളുകളിലാണ് സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് യൂണിഫോം വിതരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2017 ജൂണില്‍ത്തന്നെ ആരംഭിച്ച നെയ്ത്ത്, അനുബന്ധ ജോലികള്‍ ജനുവരിയില്‍ പൂര്‍ത്തിയായി. 3950 നെയ്ത്തുകാരുടെയും ഇരട്ടിയോളം അനുബന്ധ തൊഴിലാളികളുടെയും സേവനം ഇതിനായി ലഭ്യമാക്കി. നെയ്ത്തുകാര്‍ക്ക് കൂലിയിനത്തില്‍ മുപ്പതു കോടിയിലധികം രൂപ നല്‍കി. ഈ വര്‍ഷം പദ്ധതിക്ക് അറുപത്തി മൂന്നുകോടി രൂപ ചെലവായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എച്ച്.ഡി.സി മുഖേനയാണ് നൂല്‍ വിതരണം ചെയ്തത്. നൂലിന്റെയും ഉത്പാദിപ്പിച്ച തുണിയുടെയും ഗുണമേന്മ പരിശോധിക്കുന്നതിന് പ്രത്യേകം പരിശോധനകള്‍ വിവിധ ഘട്ടങ്ങളിലായി നടത്തി.

സൗജന്യ യൂണിഫോം പദ്ധതി ആരംഭിക്കുക വഴി കൈത്തറിമേഖലയില്‍ പുതിയ ഒരു ഉണര്‍വുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രവര്‍ത്തനരഹിതമായിരുന്ന ഒട്ടനവധി തറികളും സംഘങ്ങളും ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞു. പദ്ധതിയുടെ ആകര്‍ഷണീയത മനസിലാക്കി നെയ്ത്തു തൊഴിലില്‍ നിന്ന് വിട്ടുനിന്നവരും പുതിയ തലമുറ നെയ്ത്തുകാരും ഈ തൊഴിലിലേക്ക് മടങ്ങിയെത്തി. ആദ്യ ഘട്ടത്തില്‍ 2929 നെയ്ത്തുകാരായിരുന്നത് ഇപ്പോള്‍ നാലായിരത്തില്‍പ്പരമായിട്ടുണ്ടെന്ന് കൈത്തറി വകുപ്പ് ഡയറക്ടര്‍ പി. സുധീർ പറഞ്ഞു.

പാഠപുസ്തക അച്ചടിക്കും വിതരണത്തിനുമായുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നര മാസം മുമ്പു തന്നെ സ്വീകരിച്ചതിനാലാണ് പാഠപുസ്തകങ്ങള്‍ ഇത്തവണ നേരത്തേ വിതരണം ചെയ്യാന്‍ സാധിച്ചതെന്ന് പാഠപുസ്തക ഓഫീസര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ