തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ 2021 ജനുവരിയിൽ സാധാരണഗതിയിൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി. ഒരു വർഷത്തോളം സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് വിട്ടുനിന്ന് മടങ്ങിയെത്തുന്ന വിദ്യാർഥികളെ മികച്ച പശ്ചാത്തല സൗകര്യമൊരുക്കി വരവേൽക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിർമ്മാണം തുടരുന്നു. ഓരോ സ്കൂളിനും അഞ്ച് കോടി രൂപ മുടക്കി നിർമിക്കുന്ന 35 കെട്ടിടങ്ങളും മൂന്ന് കോടി രൂപ മുടക്കി നിർമ്മിക്കുന്ന 14 കെട്ടിടങ്ങളും നൂറു ദിവസത്തിനുള്ളിൽ ഉൽഘാടനം ചെയ്യും. ഇതിന് പുറമെ നൂറു ദിവസത്തിനുള്ളിൽ 27 സ്കൂൾ കെട്ടിടങ്ങളുടെയും പണി പൂർത്തിയാക്കും. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: സാമൂഹിക സുരക്ഷ പെൻഷൻ വർധിപ്പിക്കും, വിതരണം മാസംതോറുമാക്കും; 100 പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

45000 ക്ലാസ്സ് മുറികൾ ഇതിനകം ഹൈടെക് ആക്കി മാറ്റി. എല്ലാ എൽപി സ്കൂളുകളും ഹൈടെക് ആക്കാനുള്ള ശ്രമം തുടരുന്നു. ഇതിനായുള്ള പദ്ധതി കിഫ്ബി സഹായതത്തോടെ പുരോഗമിക്കുന്നു. 11400 ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ സ്കൂളുകൾ തുറക്കുമ്പോൾ സജ്ജമാകും.

കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്ടോപ് ലഭ്യമാക്കാനുള്ള വിദ്യാശ്രീ പദ്ധതി പ്രകാരം 100 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും. 18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: മൊറട്ടോറിയം നീട്ടണമെന്ന് കേരളം; റിസർവ് ബാങ്കിന് കത്തയക്കും

സംസ്ഥാനത്തെ സർക്കാർ – എയ്ഡഡ് കോളെജുകളിൽ 150 പുതിയ കോഴ്സുകൾ അനുവദിക്കും. ആദ്യ നൂറു കോഴ്സുകൾ സെപ്റ്റംബർ 15ന് അകം പ്രഖ്യാപിക്കും. എപിജെ അബ്ദുൽകലാം സർവകലാശാല, മലയാളം സർവകലാശാല എന്നിവയ്ക്ക് സ്ഥിര ക്യാംപസിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതൽ മുടക്കിൽ 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർമിക്കുന്ന കെട്ടിടങ്ങൾ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും. 5 ഹോസ്റ്റലുകള്‍, 4 ഐടിഐകള്‍, 2 മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും. 100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: 100 ദിവസത്തിനുള്ളില്‍ 15,000 പുതിയ സംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത നൂറ് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനോ തുടക്കം കുറിക്കാനോ ലക്ഷ്യമിടുന്ന 100 കർമ പദ്ധതികളുടെ ഭാഗമായാണ് വിദ്യാഭ്യാസ രംഗത്തെ പുതിയ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിക്കുന്നതിനും അവ മാസംതോറും വിതരണം ചെയ്യുന്നതിനും സർക്കാർ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ ഉപേക്ഷിച്ചിരുന്നെന്നും എന്നാല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.