scorecardresearch

സ്കൂൾ തുറക്കൽ: ശനിയാഴ്ചകളിലും ക്ലാസ്, ഉച്ചഭക്ഷണം ഉണ്ടാകുമെന്നും മന്ത്രി

സ്കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾ എത്തുന്ന എല്ലാ ഇടങ്ങളും ശുദ്ധീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി

v shivankutty, ldf, ie malayalam

തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്കൂൾ അധികൃതർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന നിലയ്ക്ക് ആയിരിക്കും ക്രമീകരണം. അവധിദിനം അല്ലാത്ത ശനിയാഴ്ച അടക്കമുള്ള ദിവസങ്ങൾ പ്രവൃത്തി ദിനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്കൂളുകളിൽ സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാൻ സാഹചര്യം ഉണ്ടായിരിക്കും. കുട്ടികളുടെ ഊഷ്മാവ് അളക്കാൻ തെർമ്മൽ സ്കാനറുണ്ടാകും. ഓരോ സ്കൂളിലും ഓരോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കുട്ടികൾ സ്കൂളിലേക്ക് എത്തുക. അത്തരത്തിലാണ് ക്രമീകരണം. ബയോ ബബിൾ സംവിധാനത്തിൽ ആക്കി സംരക്ഷിക്കുന്നതിനാണ് പദ്ധതി. സ്കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾ എത്തുന്ന എല്ലാ ഇടങ്ങളും ശുദ്ധീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Also Read: യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala school reopening class on saturdays mid day meal will be provided says v sivankutty