കേരളത്തിന് അനുയോജ്യമല്ല; അതിവേഗ റെയില്‍പാത പുനപരിശോധിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

കേരളത്തിലെ എല്ലാ ആളുകളും കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവരല്ലെന്നും നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള യാത്രാ ആവശ്യമാണുള്ളതെന്നും അതിനാല്‍ നിലവിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കുകയും ചരക്കുഗതാഗതത്തിനായി മറ്റൊരു പാത നിര്‍മ്മിക്കുകയുമാണ് വേണ്ടതെന്ന് പരിഷത്ത്

aerial survey,Kasaragod-Thiruvananthapuram semi high-speed rail corridor, കാസർഗോഡ്-തിരുവനന്തപുരം സെമി അതിവേഗ റെയില്‍ ഇടനാഴി, 'Silver Line' project, സിൽവർ ലൈൻ പദ്ധതി, Chief Minister Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, K-Rail, കെ-റെയിൽ, The Kerala Rail Development Corporation,കേരള റെയിൽ വികസന കോർപറേഷൻ, Ministry of Railway,റെയിൽവേ മന്ത്രാലയം, IE Malayalam,ഐഇ മലയാളം

തൃശ്ശൂര്‍ : കേരളത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുള്ളതും കേരളത്തിന്റെ വികസനത്തിന് അനുയോജ്യമല്ലാത്തതുമായ സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍പാത പദ്ധതി പുനപ്പരിശോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (കെ എസ് എസ് പി) ആവശ്യപ്പെട്ടു.

കേരളത്തിലെ എല്ലാ ആളുകളും കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവരല്ലെന്നും നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള യാത്രാ ആവശ്യമാണുള്ളതെന്നും അതിനാല്‍ നിലവിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കുകയും ചരക്കുഗതാഗതത്തിനായി മറ്റൊരു പാത നിര്‍മ്മിക്കുകയുമാണ് വേണ്ടതെന്ന് പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി കെ രാധന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“ഈ പാതകളില്‍ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ യാത്ര സമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇപ്പോള്‍ ജനശതാബ്ദിയില്‍ മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നത് ഓട്ടോമാറ്റിക് സിഗ്നലിങ് ആകുമ്പോള്‍ വളരെയേറെ കുറച്ചു കൊണ്ട് വരാന്‍ സാധിക്കും.” ഇത് കേരളത്തില്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

63,941 കോടി രൂപ മുടക്കി സില്‍വര്‍ലൈന്‍ നിര്‍മ്മിക്കുന്നതാണോ കേരളത്തിന്റെ യാത്രാ പ്രശ്‌നം പരിഹരിക്കുകയാണോ വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മാഹി തൊടാതെ അതിവേഗ റെയില്‍പാത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

സില്‍വര്‍ലൈനിലൂടെ ചരക്കുഗതാഗതം സാധിക്കുകയില്ല. കൊച്ചി മെട്രോ പോലൊരു യാത്രാ സംവിധാനമാണ് സില്‍വര്‍ലൈനിന്റേതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സില്‍വര്‍ലൈന്‍ നിര്‍മ്മിക്കുമ്പോള്‍ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാത പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇപ്പോള്‍ തന്നെ ദുര്‍ബലാവസ്ഥയിലുള്ള പശ്ചിമഘട്ട മലനിരകള്‍ക്ക് സില്‍വര്‍ലൈനിനുവേണ്ടിയുള്ള വിഭവങ്ങള്‍ എടുക്കുന്നതിനെ താങ്ങാന്‍ കഴിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഗതാഗത വികസനത്തില്‍ ഒട്ടും മുന്‍ഗണനയില്ലാത്തതും നിലവില്‍ കേരളം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുള്ളതുമാണ് സില്‍വര്‍ലൈന്‍ എന്ന പേരിലുള്ള അതിവേഗ സ്റ്റാന്‍ഡേര്‍ഡ് ഗേജ് റെയില്‍പ്പാത നിര്‍മ്മാണ പദ്ധതിയെന്ന് പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു. “അതോടൊപ്പം ഇപ്പോഴുള്ള ലൈനിന്റെ ഇരട്ടിപ്പിക്കലിനും നിലവിലുള്ള പാതക്ക് പൂരകമായൊരു റെയില്‍വേ ലൈനിനും ഇലക്ട്രോണിക് സിഗ്‌നലിംഗിനും വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും  പരിഷത്ത് കേരള സര്‍ക്കാരിനോട് പരിഷത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

“കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേവലം 4 മണിക്കൂര്‍ സമയം കൊണ്ട് എത്തുകയെന്നതാണ് 63,941 കോടി രൂപ മുടക്കി സില്‍വര്‍ലൈന്‍ നിര്‍മ്മിക്കുന്നതിന്റെ ലക്ഷ്യമായി കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങളിലുള്ളത്. ഹൈസ്പീഡ് റെയില്‍ പാതയുടെ സാധ്യതയോ അഭികാമ്യതയൊ അല്ല,” മറിച്ച് കേരളത്തിന്റെ സമഗ്ര ഗതാഗത വികസനമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് പരിഷത്ത് പ്രസ്താവനയില്‍ പറയുന്നു.

“നിലവിലുള്ള റെയില്‍ പാതയുടെ 115 ശതമാനം വരെയാണ് ട്രെയിന്‍ ട്രാഫിക്ക് എന്ന് കെ.ആര്‍.ഡി.സി.എല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ഇങ്ങനെ വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ ട്രാഫിക്ക് മാനേജ് ചെയ്യുന്നതിന് അനിവാര്യം എന്നതിനാലാണ് നിലവിലുള്ള ബ്രോഡ്‌ഗേജ് റെയില്‍ പാതയ്ക്ക് പൂരകവും സമാന്തരവുമായൊരു പാത വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുള്ളത്. എന്നാല്‍ നിലവിലുള്ളതില്‍ നിന്നും വ്യത്യസ്തമായി സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയാണ് ഹൈസ്പീഡ് റെയില്‍ നിര്‍മ്മിക്കുന്നത്. ഇത് കേരളത്തിനു പുറത്തുനിന്നുള്ള യാത്രാ, ചരക്കു വണ്ടികള്‍ക്ക് അപ്രാപ്യമാവുകയും അതിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയുമാണ് ചെയ്യുക. കോടികള്‍ ചെലവഴിക്കുമ്പോഴും നാടിന് കൂടുതല്‍ ഉപയോഗപ്പെടുക എന്നതിനേക്കാള്‍ കേരളത്തില്‍ നിലവിലില്ലാത്ത സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതാണ് ആധുനിക വികസനമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായേ ഇതിനെ കാണാനാവൂ,” പ്രസ്താവനയില്‍ പരിഷത്ത് പറഞ്ഞു.

Read Also: സിൽവർ ലൈൻ കുതിപ്പിന് കേരളം; അതിവേഗ റെയിൽപാതയുടെ ആകാശ സർവേ പൂർത്തിയായി

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആളുകള്‍ക്ക് ഗുണം ചെയ്യുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറഞ്ഞതുമായ പദ്ധതികള്‍ക്ക് ആയിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്ന് പരിഷത്ത് പറയുന്നു. കേരളത്തിനു മൊത്തം ഗുണം ലഭിക്കുന്ന നിലവിലുള്ള ബ്രോഡ്‌ഗേജ് റെയില്‍വേ ലൈനിന്റെ ഇരട്ടിപ്പിക്കലും ഇലക്ട്രോണിക് സിഗ്‌നലിംഗും പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ ഒട്ടും തന്നെ പ്രാധാന്യം നല്‍കുന്നില്ല. ഈ അവഗണന സംശയാസ്പദമാണ്. ഇതു പൂര്‍ത്തിയാക്കി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടവിട്ടുള്ള പാസഞ്ചര്‍ ട്രെയിന്‍, മെമു സര്‍വീസ് സംവിധാനങ്ങള്‍ നടപ്പാക്കിയാല്‍ കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ ഒട്ടേറെ പരിഹരിക്കാനാവും. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രധാന നഗരങ്ങളില്‍ അതിവേഗത്തില്‍ എത്താന്‍ നിലവില്‍ നാലു വിമാനത്താവളങ്ങളുണ്ട്. മംഗലാപുരം കൂടി പരിഗണിച്ചാല്‍ 600 കിലോ മീറ്ററിനുള്ളില്‍ അഞ്ചെണ്ണവും. അടിയന്തര സാഹചര്യങ്ങള്‍ക്കു ഹെലികോപ്ടര്‍ സൗകര്യവും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിലവിലുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ അടങ്കല്‍ തുകയില്‍ 52% വായ്പയായും ബാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കാനുമാണ് പദ്ധതി നിര്‍ദ്ദേശം. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഇപ്പോള്‍ തന്നെ കടക്കെണിയിലുള്ള കേരളത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ആശങ്കയുണ്ട്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയും തിരൂരിനു വടക്കോട്ട് വളവു നിവര്‍ത്തുന്ന സ്ഥലങ്ങളിലും നിലവിലുള്ള റെയില്‍ പാതയോട് ചേര്‍ന്നല്ല ഇതു കടന്നു പോകുന്നത്. ഈ ദൂരത്തില്‍ പാതയ്ക്ക് വേണ്ടി 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ ജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇത് നെല്‍പ്പാടങ്ങളുടേയും തണ്ണീര്‍ത്തടങ്ങളുടേയും ഇടനാടന്‍ കുന്നുകളുടേയും വലിയതോതിലുള്ള നാശത്തിനു കാരണമാകും. 532 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ ഏതാണ്ട് അഞ്ചിലൊന്ന് ഭാഗവും ഉയരത്തിലുള്ള പാതയും പാലങ്ങളും തുരങ്കങ്ങളുമാണ് എന്നതിനാല്‍ നിര്‍മ്മാണത്തിന് വലിയ അളവില്‍ കരിങ്കല്ലും മണലും മണ്ണും മറ്റും വേണ്ടിവരും. അധികൃതവും അനധികൃതവുമായ കരിങ്കല്‍ ക്വാറികളാല്‍ വലിയ ദുരന്തഭീഷണി നേരിടുന്ന അവസ്ഥയില്‍ പുതിയ പാതയുടെ നിര്‍മ്മാണം കിഴക്കന്‍ മലകള്‍ക്ക് സൃഷ്ടിക്കാനിടയുള്ള പാരിസ്ഥിതിക ഭീഷണിയെക്കുറിച്ചും ആശങ്കയുണ്ട്.

കേരളജനതയെ മൊത്തത്തില്‍ ബാധിക്കുന്ന ഈ പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടും (ഡി.പി.ആര്‍) പാരിസ്ഥിതികാഘാത വിലയിരുത്തലും (ഇ.ഐ.എ) പരസ്യപ്പെടുത്തണമെന്നും പരിഷത്ത് ബുധനാഴ്ച്ച ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala sashthra sahithya parishad stand on silverline highspeed rail corridor

The moderation of comments is automated and not cleared manually by malayalam.indianexpress.com