തൃശൂർ: കേരള സാഹിത്യ അക്കാദമി 2017–ലെ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിജെ ജയിംസിന്റെ ‘നിരീശ്വരൻ’ മികച്ച നോവലായും വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിതയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥ അയ്‌മനം ജോണിന്റെ ‘ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം’ ആണ്.

പുരസ്കാര ജേതാക്കൾക്ക് ശിൽപ്പവും പ്രശസ്തി പത്രവും 25,000 രൂപയും സമ്മാനമായി ലഭിക്കും. സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരത്തിന് പഴവിള രമേശൻ, എംപി പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ കെജി പൗലോസ്, കെ അജിത, സിഎൽ ജോസ് എന്നിവർ അർഹരായി. 30000 രൂപയാണ് സമ്മാനത്തുക.

ഡോ കെഎൻ പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർക്കാണ് 2017 ലെ സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വ ഫെല്ലോഷിപ്പ്. 50000 രൂപയാണ് പുരസ്കാര തുക.

മുരളി തുമ്മാരുകുടി ‘കാഴ്ചപ്പാടുകൾ’ എന്ന ഉപന്യാസത്തിന് പുരസ്കാരം നേടി. പി പവിത്രനാണ് ഭാഷാശാസ്ത്രം, വ്യാകരണം എന്ന വിഭാഗത്തിലെ സമ്മാനം. മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം ആണ് കൃതി. പികെ ശ്രീധരൻ വൈദികസാഹിത്യം വിഭാഗത്തിൽ അദ്വൈതശിഖരം തേടി എന്ന കൃതിക്ക് സമ്മാനം വാങ്ങി. എസ് കലേഷ് ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനും, അബിൻ ജോസഫിന് ചെറുകഥാ സമാഹാരം വിഭാഗത്തിൽ കല്യാശ്ശേരി തീസിസ് എന്ന പുസ്തകത്തിനും പുരസ്കാരം ലഭിച്ചു. ഡോ പി സോമൻ (വൈജ്ഞാനിക സാഹിത്യം–മാർക്സിസം ലൈംഗികത സ്ത്രീപക്ഷം), ശീതൾ രാജഗോപാൽ (പ്രബന്ധമൽസരം) എന്നിവരും പുരസ്കാരം നേടി.

‘സ്വദേശാഭിമാനി’ നാടകത്തിന് എസ്.വി.വേണുഗോപൻ നായരും, കവിതയുടെ ജീവചരിത്രം എന്ന പുസ്തകത്തിന് മികച്ച സാഹിത്യ വിമർശനത്തിനുളള പുരസ്കാരം കൽപറ്റ നാരായണനും സ്വന്തമാക്കി. വിആർ സുധീഷ് (ബാലസാഹിത്യം–കുറുക്കൻമാഷിന്റെ സ്കൂൾ), എൻജെകെ നായർ (വൈജ്ഞാനിക സാഹിത്യം–നദീവിജ്ഞാനീയം), സിവി ബാലകൃഷ്ണൻ (യാത്രാവിവരണം–ഏതേതോ സരണികളിൽ), ജയചന്ദ്രൻ മൊകേരി (ജീവചരിത്രം/ ആത്മകഥ–തക്കിജ്ജ എന്റെ ജയിൽ ജീവിതം), രമാ മേനോൻ (വിവർത്തനം–പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു), ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (ഹാസ്യ സാഹിത്യം–എഴുത്തനുകരണം അനുരണനങ്ങളും) എന്നിവരും പുരസ്കാരങ്ങൾ സ്വന്തമാക്കി.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ