തൃശൂർ: ബാലസാഹിത്യ പുരസ്കാര നിർണയത്തിനു കുട്ടികളുടേതായ ജൂറി വേണമെന്ന് എഴുത്തുകാരി പ്രിയ എ എസ്. മികച്ച ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ 2020ലെ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
വലിയവരുടെ കാഴ്ചപ്പാടല്ല കുട്ടികളുടേത്. കുട്ടികളുടെ കണ്ണിൽ കൂടി വേണം ഒരു ബാലസാഹിത്യ കൃതി വിലയിരുത്താൻ. ബാലസാഹിത്യ പുരസ്കാര നിർണയത്തിനു കുട്ടികളുടെ ജൂറി ഏർപ്പെടുത്തണമെന്നു സാഹിത്യ അക്കാദമിയോട് അഭ്യർഥിക്കുന്നു.
കുട്ടികൾക്കുള്ള രചനകളിലെ ചിത്രങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമാകണം. നിലവിൽ വരുന്ന ചിത്രങ്ങൾ ആ ലക്ഷ്യം നിറവേറ്റുന്നുണ്ടോയെന്ന് ആലോചിക്കണം. കുട്ടികൾ കഥയിലേക്കു കയറുന്ന ഏണിപ്പടികളാണ് ചിത്രങ്ങൾ. എന്നാൽ മലയാള ബാലസാഹിത്യത്തിനൊപ്പമുള്ള ചിത്രങ്ങൾ കാണുമ്പോൾ നെഞ്ചത്തടിച്ച കരയാനാണ് തോന്നുന്നതെന്നും പ്രിയ പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ പുരസ്കാര സമർപ്പണ ചടങ്ങിന്റെ രണ്ടാം ഘട്ടം പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. നവോത്ഥാന മൂല്യങ്ങൾ ദുർബ്ബലമാകുമ്പോൾ യുവജനങ്ങൾ യാഥാസ്ഥിതികത്വത്തിലേക്ക് മടങ്ങിപ്പോവുകയാണെന്നും ഇതിനെക്കുറിച്ച് എഴുത്തുകാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിയ എ എസ് വൈശാഖനിൽനിന്ന് പുരസ്കാരം സ്വീകരിച്ചു. ഐ ഇ മലയാളത്തിൽ കുട്ടികളുടെ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ എന്ന നോവലിനാണ് പ്രിയയ്ക്ക് പുരസ്കാരം ലഭിച്ചത്.
ഐ ഇ മലയാളത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകൾ.’ നോവൽ പരമ്പരയായി വരുന്ന സമയത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട രചനയായിരുന്നു.
മാമ്പുഴ കുമാരൻ, സിദ്ധാർത്ഥൻ പരുത്തിക്കാട്, എം.എ. റഹ്മാൻ (സമഗ്രസംഭാവനാ പുരസ്കാരം), പി.എഫ്. മാത്യൂസ്, ശ്രീജിത്ത് പൊയിൽക്കാവ്, കെ. രഘുനാഥൻ, ഇന്നസെന്റ്, സംഗീതാ ശ്രീനിവാസൻ, പ്രിയ എ.എസ്. (അക്കാദമി അവാർഡുകൾ), ചിത്തിര കുസുമൻ, കെ.എൻ. പ്രശാന്ത്, എം.വി. നാരായണൻ, കേശവൻ വെളുത്താട്ട്, വി. വിജയകുമാർ (എൻഡോവ്മെന്റുകൾ), ഗീതു എസ്.എസ്. (തുഞ്ചൻ സ്മാരക ഉപന്യാസ പുരസ്കാരം) എന്നിവരും പുരസ്കാരംഏറ്റുവാങ്ങി.
അക്കാദമി വൈസ് പ്രസിഡന്റ് ഖദീജാ മുംതാസ് അധ്യക്ഷയായിരുന്നു. സെക്രട്ടറി ഡോ.കെ.പി. മോഹനൻ, കെ ഇ എൻ കുഞ്ഞഹമ്മദ്, മ്യൂസ് മേരി ജോർജ്, ടി പി വേണുഗോപാലൻ, കെ എസ് സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടമായാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ഒന്നാം ഘട്ടം എട്ടിന് തിരുവനന്തപുരത്താണു നടന്നത്. മന്ത്രി സജി ചെറിയാൻ പുരസ്കാര സമർപ്പണം നിർവഹിച്ചു.
Also Read: യൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കുറ്റപത്രം