കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ 2017 ലെ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത് വിജെ ജയിംസ് എഴുതിയ നിരീശ്വരനാണ്. മികച്ച ചെറുകഥയ്ക്കുളള പുരസ്കാരം നേടിയത് ‘ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം’ എന്ന കൃതിയിലൂടെ അയ്‌മനം ജോണാണ്.

aymanam john,kerala flood

Read More: “പാഠപുസ്തകങ്ങളിൽ പഠിക്കാതെപോയ പ്രളയ പാഠങ്ങൾ”: അയ്‌മനം ജോൺ

പുരസ്‌കാര നേട്ടത്തിന്റെ സന്തോഷത്തിലും അയ്മനം ജോണിനെ ഒരു നിരാശ പിടികൂടിയിട്ടുണ്ട്. പുരസ്കാരത്തെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസിനോട് സംസാരിച്ച അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെ. “എഴുത്തിനെ ഞാനത്ര ഗൗരവമായി കണ്ടിരുന്നില്ല. ഇപ്പോഴത്തെ പോലായിരുന്നില്ല മുൻപ്. അന്ന് ഇതിലും നന്നായി എഴുതുമായിരുന്നു. അന്നിത്രയും സ്വീകാര്യത ലഭിച്ചിരുന്നില്ല. കൂറേക്കൂടി ഗൗരവത്തോടെ സമീപിക്കേണ്ടതായിരുന്നു. ഇത്രയും മൂല്യമുളള എഴുത്തായിരുന്നുവെന്ന് തിരിച്ചറിയുന്നത് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചപ്പോഴാണ്,” അയ്‌മനം ജോൺ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

abin joseph, writer, malayalam, kalyassery thesis

അബിൻ ജോസഫ്

അതേസമയം സാഹിത്യ അക്കാദമിയുടെ അവാർഡ് തനിക്ക് അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് എഴുത്തുകാരൻ അബിൻ ജോസഫ് പ്രതികരിച്ചു. കല്യാശേരി തീസിസ് എന്ന ചെറുകഥാ സമാഹാരത്തിന് ഗീതാഹിരണ്യൻ പുരസ്കാരമാണ് അബിൻ ജോസഫിന് ലഭിച്ചത്. “സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുമ്പോഴുളള സന്തോഷം ധാരാളമുണ്ട്. അതേസമയം തന്നെ പേടിയും കുറ്റബോധവുമുണ്ട്. വർഷം ഒന്നോ രണ്ടോ കഥയാണ് ഞാനെഴുതാറുളളത്. ജീവിതത്തിൽ ഒരടുക്കും ചിട്ടയുമില്ലാത്തതിന്റെ പ്രശ്നമാണത്,” അബിൻ പറഞ്ഞു.

“ആളുകളെ നിരാശരാക്കുന്ന വിധം ചവറെഴുതരുത് എന്നൊരു ആഗ്രഹം എപ്പോഴുമുണ്ട്. അത് തന്നെയാണ് നിരന്തരം എഴുതുന്നതിൽ നിന്ന് എന്നെ പുറകോട്ട് വലിക്കുന്നത്. അതൊരു പേടിയാണ്. പക്ഷെ ഗീതാ ഹിരണ്യനെ പോലെ വലിയ എഴുത്തുകാരിയുടെ പേരിലുളള പുരസ്കാരം ലഭിക്കുമ്പോൾ ഇനി കൂടുതൽ നന്നായി എഴുതണം എന്നതാണ് ആഗ്രഹം,” അബിൻ കൂട്ടിച്ചേർത്തു.

Read More: വിജെ ജയിംസിന്റെ ‘നിരീശ്വരൻ’ മികച്ച നോവൽ; സാഹിത്യ അക്കാദമി അവാർഡുകൾ ഇങ്ങിനെ

പുരസ്കാര വാർത്തയിൽ ഏറെ സന്തോഷത്തിലാണ് കവി എസ് കലേഷും ഉളളത്. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് അദ്ദേഹത്തിന് സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം ലഭിച്ചിരിക്കുന്നത്. പുരസ്കാരം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് കലേഷ് പറഞ്ഞു. “ഏറെ സന്തോഷം നൽകുന്ന ഒന്നാണിത്. പ്രധാനപ്പെട്ട പുരസ്കാരമാണ്. എഴുത്തിൽ ആ മൂല്യം ഇനിയും എന്നും കാത്തുസൂക്ഷിക്കാൻ എപ്പോഴും ശ്രമിക്കും,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.