Sabarimala Temple Live Updates: സന്നിധാനം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം മൂന്നാം ദിവസവും ശക്തം. 10 നും 50 നും ഇടയിലുളളവരെ ഒരു കാരണവശാലും ശബരിമലയിൽ എത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിശ്വാസി സമൂഹം.

ശബരിമലയിൽ ഇന്ന് ദർശനത്തിനായി എത്തിയ രണ്ടു സ്ത്രീകളെ പ്രതിഷേധക്കാർ തടഞ്ഞു. നടപ്പന്തൽ വരെ രണ്ടു സ്ത്രീകൾ എത്തിയതോടെ പ്രതിഷേധം ശക്തമായി. ഇവർക്കൊപ്പം പരികർമ്മികളും പ്രതിഷേധവുമായി എത്തി. പതിനെട്ടാം പടിക്കുതാഴെ ശരണം വിളികളുമായി പ്രതിഷേധക്കാർക്കൊപ്പം പരികർമ്മികളും പ്രതിഷേധിച്ചു. ഇതോടെ സ്ത്രീകൾ സന്നിധാനത്തേക്ക് പോകാനാവാതെ തിരികെ മല ഇറങ്ങി.

Kerala Sabarimala Protest Live:

9.18 pm: ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ കത്തു നല്‍കിയത് കേന്ദ്രം. കോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി

8.59 pm: മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ച രഹന ഫാത്തിമ, മേരി, എന്നിവര്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്ത ഐജി ശ്രീജിത്തിനുമെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. പൊലീസിലില്ലാത്ത ഒരാള്‍ യൂണിഫോം ധരിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.

8.37 pm: രഹന ഫാത്തിമയെ അറിയില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചാനല്‍ ചർച്ചയ്ക്കിടെയാണ് വിവാദത്തില്‍ സുരേന്ദ്രന്‍ മറുപടി പറഞ്ഞത്. തന്‍റെ വെരിഫെെഡ് ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നുമല്ല രഹനയെ ടാഗ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

7.46 pm: ശബരിമലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നീ സ്ഥലങ്ങളിലേക്ക് കൂടിയാണ് നിരോധനാജ്ഞ വ്യാപിപ്പിച്ചത്. പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

7.00 pm: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തിലേക്ക് വരുന്നതിനെ കുറിച്ച് നടത്തിയ പ്രസ്താവന തിരുത്തി ദേവസ്വം മന്ത്രി. ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസമ്മില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പുതിയ പ്രസ്താവന.

‘ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസ്സമില്ല. ബോധപൂര്‍വം അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണു തടയേണ്ടത്’ എന്ന് മന്ത്രി പറഞ്ഞു. അതേസമയം, ആക്ടിവിസത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കരുതെന്നും അക്കാര്യം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ കുറച്ചു കൂടി വ്യക്തമായി പറയേണ്ടതായിരുന്നെന്നും കടകംപള്ളി വ്യക്തമാക്കി.

6.30 pm: ശബരിമലയിൽ സ്ത്രീകളെ തടഞ്ഞ 200 പേർക്കെതിരെ പൊലീസ് കേസെടുത്തു.

6.25 pm: ശബരിമലയിൽ വരുന്ന മൂന്ന് ദിവസത്തേക്ക് കൂടി നിരോധനജ്ഞ തുടരും. ഇലവുങ്കൽ മുതൽ ശബരിമല വരെയാണ് നിരോധനജ്ഞ.

5.50 pm: ശബരിമലയിൽ കയറാൻ ശ്രമിച്ച രഹ്ന ഫാത്തിമയുമായി തനിക്ക് ബന്ധമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. രഹ്നയ്ക്ക് താനുമായി ബന്ധമുണ്ടെന്നത് വാസ്തവ വിരുദ്ധമാണ്.

5.25 pm: ഭക്തജനങ്ങളെ ദേവസ്വം ബോർഡ് തുടർച്ചയായി കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിഭാഷകരോട് ചർച്ച ചെയ്യാൻ എന്തുകൊണ്ട് വൈകിയെന്ന് ചെന്നിത്തല

5.10 pm: ഇന്ന് ശബരിമലയിലുണ്ടായ സംഭവം മാർക്സിസ്റ്റ് പാർട്ടി ചോദിച്ചു വാങ്ങിയതാണെന്ന് ഉമ്മൻചാണ്ടി. നിരീശ്വരവാദികളെ ശബരിമലയിൽ കയറ്റണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. ഇന്നത്തെ പൊലീസ് നടപടി പരിഹാസ്യമെന്നും ഉമ്മൻ ചാണ്ടി

4.40 pm: സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുളള വിധിക്കെതിരെ 25 ഓളം പുനഃപരിശോധന ഹർജികൾ സുപ്രീം കോടതിയിലുണ്ട്. ഇതിലെല്ലാം ദേവസ്വം ബോർഡ് കക്ഷിയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് സുപ്രീം കോടതിയെ അറിയിക്കും. അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയെ അതിനായി ചുമതലപ്പെടുത്തു. ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. ദേവസ്വം ബോർഡിന്റെ ആത്മാർത്ഥതയെ ആരും ചോദ്യം ചെയ്യരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

4.25 pm: നിരോധനാജ്ഞ മറികടന്ന് നാമജപയജ്ഞത്തിന് നിലയ്ക്കലിൽ എത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി രേണുവിനെയും ഒപ്പമെത്തിയ യുവതിയെയുമാണ് പൊലീസ് തടഞ്ഞത്

4.10 pm: ജനങ്ങളെ ബോധവത്കരിക്കാൻ സിപിഎം ഇടപെടൽ നടത്തുമെന്ന് കോടിയേരി ബാലകൃഷ്ണൻ. യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ കുടുംബ യോഗങ്ങൾ സംഘടിപ്പിക്കും. നവംബർ 3, 4 തീയതികളിൽ സംസ്ഥാനമൊട്ടാകെ ഗൃഹസന്ദർശനം നടത്തുമെന്ന് കോടിയേരി

3.40 pm: ശബരിമല സംഘർഷ ഭൂമിയാക്കി മാറ്റരുതെന്ന് കോടിയേരി ബാലകൃഷ്ണൻ. വിശ്വാസവും അവിശ്വാസവും തമ്മിലുളള യുദ്ധമാക്കേണ്ട. കോൺഗ്രസും ബിജെപിയും നടത്തുന്നത് രാഷ്ട്രീയ സമരം. വിശ്വാസികളെ ഇളക്കി വിടുകയല്ല. നിയമവഴി തേടുകയാണ് വേണ്ടത്.

3.20 pm: ശബരിമലയെ കലാപഭൂമിയാക്കിയത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പളളി

3.12 pm: : ശബരിമലയില്‍ ഇന്ന് നടന്നത് വന്‍ കലാപ നീക്കമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വലിയ കലാപ നീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍

3.02 pm: കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് തിരിച്ചിറങ്ങിയതെന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍.

‘വേണമെങ്കില്‍ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാമായിരുന്നു. ഞാന്‍ എന്റെ അവകാശത്തിനു വേണ്ടി പോരാടാനാണ് എത്തിയത്. എന്നാല്‍ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധമായിരുന്നു മുകളിലുണ്ടായത്. കുട്ടികളെ അപകടത്തിലാക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് തിരിച്ചിറങ്ങിയത്’ കവിത പറഞ്ഞു.

1.30 pm: വിശ്വാസികളെ തടയുന്നത് കളളും കഞ്ചാവുമടിച്ച ആർഎസ്എസ്സുകാരെന്ന് ഇ.പി.ജയരാജൻ. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാനേ സർക്കാരിന് കഴിയൂവെന്നും ജയരാജൻ

1.20 pm: ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റിയവർക്കെതിരെ നടപടി വേണമെന്ന് പി.എസ്.ശ്രീധരൻ പിളള

1.02 pm: ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

12.45 pm: പമ്പയിലേക്ക് പോയ ശോഭ സുരേന്ദ്രനെയും എം.ടി.രമേശിനെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു

12.30 pm: ശബരിമലയിൽ സംഘപരിവാര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സര്‍ക്കാരും പ്രകോപനമുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

12.15 pm:

12.05 pm: പൊലീസ് യൂണിഫോം ആർക്കും നൽകിയിട്ടില്ലെന്ന് ഐജി എസ്.ശ്രീജിത്ത്. ഹെൽമെറ്റ് നൽകിയത് ചട്ടലംഘനമല്ല

12.01 pm: ശബരിമല വിഷയത്തിൽ ഗവർണർ പി.സദാശിവവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി

11.55 am: ശബരിമലയിൽ ദർശനത്തിനായി നടപ്പന്തൽ വരെയെത്തിയ രഹ്ന ഫാത്തിമയും കവിതയും ദർശനം നടത്താൻ കഴിയാതെ തിരികെ ഇറങ്ങി. പൊലീസ് സുരക്ഷയിൽ ഇവരെ തിരികെ പമ്പയിൽ എത്തിച്ചു

11.40 am: സര്‍ക്കാര്‍ ചമച്ചുണ്ടാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള നാടകങ്ങളാണ് ശബരിമലയില്‍ അരങ്ങേറുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ശബരിമല അവിശ്വാസികള്‍ക്കും അന്യമതര്‍ക്കും കയറിയിറങ്ങാനുള്ള സ്ഥലമല്ല

11.325 am: ശബരിമല സന്ദർശിക്കാൻ തിരുവനന്തപുരത്തുനിന്നും 46 കാരിയായ സ്ത്രീ പമ്പയിലെത്തി. ഇവരെ പൊലീസ് മടക്കി അയച്ചു

11.10 am:

11.05 am: യുവതികൾ തിരിച്ചിറങ്ങിയതോടെ പരികർമ്മികൾ പ്രതിഷേധം അവസാനിപ്പിച്ചു

10.55 am: സ്ത്രീകൾ കയറിയാൽ ദർശനം നടക്കില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് ഐജി ശ്രീജിത്തിനെ അറിയിച്ചു. തുടർന്ന് സ്ത്രീകളെ ഐജി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി

10.50 am: പൊലീസ് യൂണിഫോമിലാണ് നടപ്പന്തൽ വരെ യുവതി എത്തിയത്. ഹിന്ദുക്കളുടെയും അയ്യപ്പ വിശ്വാസികളുടെയും വിശ്വാസത്തെ തകർക്കാനുളള സിപിഎം ശ്രമമാണിത്. ഇത് ഞങ്ങളൊരിക്കലും അനുവദിക്കില്ലെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹരി പറഞ്ഞു.

10.45 am: സന്നിധാനത്തേക്ക് കയറാനെത്തിയ രണ്ടു യുവതികൾ പ്രതിഷേധത്തെ തുടർന്ന് മടങ്ങുന്നു

10.35 am: ശബരിമലയിലേക്ക് പോയ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീടിനുനേരെ ആക്രമണം

10.20 am: ശബരിമല വിഷയത്തിൽ ഗവർണർ ഡിജിപിയുമായി ചർച്ച നടത്തി. ക്രമസമാധാനം ഉറപ്പു വരുത്തിയേ മതിയാവൂവെന്ന് ഗവർണർ വ്യക്തമാക്കി

10.07am : സന്നിധാനത്ത് പരികർമ്മികൾ പ്രതിഷേധിക്കുന്നു.

9.51 am: ശബരിമല സന്നിധാനത്തേക്ക് പോയ യുവതികളെ സന്നിധാനത്തെ സ്ഥിതി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘം അറിയിക്കുന്നു.

9.45 am:

എരുമേലിയിൽ വിശ്വാസികളുടെ പ്രതിഷേധം

9.40 am: ശബരിമലയിലെത്തുന്ന എല്ലാ വിശ്വാസികൾക്കും പ്രവേശനം നൽകാനാണ് സുപ്രീം കോടതി വിധി. അത് പാലിക്കാനുളള ബാധ്യതയാണ് സർക്കാരിനുളളതെന്ന് സംസ്ഥാന സർക്കാർ.

9.19 am: ആക്ടിവിസ്റ്റുകൾ വാശി തീർക്കാനുളള സ്ഥലമായി സന്നിധാനത്തെ കാണരുതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. അത്തരക്കാർക്ക് സുരക്ഷ നൽകാനുളള ബാധ്യത സർക്കാരിനില്ലെന്നും ശബരിമല സംഘർഷ ഭൂമിയാക്കില്ലെന്നും ദേവസ്വം മന്ത്രി.

9.18 am: സർക്കാർ നിയമവിധേയമായി പ്രവർത്തിക്കേണ്ട സ്ഥാപനമെന്ന് ദേവസ്വം മന്ത്രി. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആക്ടിവിസ്റ്റുകൾ ശ്രമിക്കരുതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ.

ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

9.16 am: ശബരിമലയിലേക്ക് വന്നത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുളള ഇടമായി ശബരിമല സന്നിധാനത്തെ കാണരുതെന്ന് മന്ത്രി. ശബരിമലയിലെത്തുന്ന വിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരാരെന്നും തിരിച്ചറിയാൻ സാധിക്കില്ല. വിശ്വാസികളെ ശബരിമലയിലേക്ക് എത്തിക്കാനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന് മന്ത്രി.

8.55 am: സമയം അനുവദിക്കണമെന്ന് ഐജി ശ്രീജിത്ത് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. ഒരു മണിക്കൂർ സമയം ശാന്തരായി ഇരിക്കണമെന്ന് ആവശ്യപ്പെട്ടു.

8.50 am: സന്നിധാനത്ത് സംഘർഷാവസ്ഥ ഉണ്ടാകരുതെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ, ഐജി ശ്രീജിത്തിന് നിർദ്ദേശം നൽകി.

8.48 am: പിന്മാറില്ലെന്ന് പ്രതിഷേധക്കാർ. ഐജി ശ്രീജിത്ത് ഡിജിപിയുമായും ദേവസ്വം മന്ത്രിയുമായും ആലോചിച്ചു.

എരുമേലിയിലെ പ്രതിഷേധം

8.47 am: നിയമം നടപ്പിലാക്കാൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാരോട് ഐജി ശ്രീജിത്ത് ആവശ്യപ്പെട്ടു. യുവതികൾക്ക് അവരുടെ അവകാശം ഉണ്ടെന്ന് ഐജി പ്രതിഷേധിക്കുന്നവരോട് പറഞ്ഞു. സംഘർഷാവസ്ഥയുണ്ടാക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

8.45 am: യുവതികളുമായി ഐജിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സന്നിധാനത്തെത്തി.

8.40 am: ശബരിമലയിൽ നടപ്പന്തലിൽ ഭക്തർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. സന്നിധാനത്ത് സംഘർഷാവസ്ഥ.

8.30 am: മോജോ ജേര്‍ണലിസ്റ്റാണ് കവിത. മലയാളിയായ യുവതിയുടെ പേര് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. കവിത പൊലീസ് വേഷത്തിലാണ് ഇവർ സന്നിധാനത്ത് എത്തിയത്. മലയാളിയായ മറ്റൊരു യുവതിയും ഭർത്താവും ഇവർക്കൊപ്പമുണ്ട്.

8.15 am: രാത്രിയിൽ സന്നിധാനത്തേക്ക് പോകാൻ സാധിക്കില്ല. രാവിലെയാണെങ്കിൽ താനും ഒപ്പം വരാമെന്നാണ് കവിതയോട് ഐജി വ്യക്തമാക്കിയത്. ഇതേ തുടർന്നാണ് ഇന്ന് രാവിലെ പൊലീസ് സംഘം യുവതികളുമായി പുറപ്പെട്ടത്.

8.10 am: തൊഴിൽ പരമായ ആവശ്യത്തിനാണ് കവിത മല കയറുന്നതെന്നാണ് വിവരം. ഇരുമുടിക്കെട്ടുമേന്തിയാണ് മലയാളിയായ യുവതി മല കയറുന്നത്. ഇന്നലെ രാത്രിയാണ് കവിതയും മറ്റ് രണ്ടുപേരും സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

rahna fathima,sabarimala

ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

7.45 am:  യുവതികളുമായി മുന്നോട്ട് നീങ്ങിയ പൊലീസ് സംഘത്തെ തടയാൻ മരക്കൂട്ടത്ത് വച്ച് തിരുവനന്തപുരം സ്വദേശി ശ്രമിച്ചു. എന്നാൽ ഇയാളെ പൊലീസ് ഇവിടെ നിന്ന് നീക്കി. പൊലീസ് സംഘം യാത്ര തുടരുകയാണ്.

7.30 am: യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ശബരിമലയിലുളള ഭക്തർ. ഇവർ പ്രതിഷേധിക്കാൻ ഒരുങ്ങുന്നു.

sabarimala,kavitha jakkal

ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

7.10 am: രണ്ട് യുവതികളും ഒരു പുരുഷനുമാണ് 200 ഓളം വരുന്ന പൊലീസ് സംഘത്തിന്റെ കാവലിൽ ശബരിമല സന്നിധാനത്തേക്ക് നടക്കുന്നത്.

7.00 am: ഒരു മലയാളി യുവതിയും സംഘത്തിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

6.50 am: മാധ്യമപ്രവർത്തകയെ അനുഗമിക്കുന്നത് 200 ഓളം പൊലീസ് സംഘം. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് കവിതയെ അനുഗമിക്കുന്നത്.

6.45 am: ഹൈദരാബാദിൽ നിന്നുളള മാധ്യമപ്രവർത്തക കവിത പൊലീസ് വേഷത്തിൽ ശബരിമലയിലേക്ക് പോകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook