ശബരിമല: ശബരിമല നടപ്പന്തലിൽ വീണ്ടും സ്ത്രീയെ തടഞ്ഞു. ആന്ധ്ര സ്വദേശിനിയായ സ്ത്രീയെയാണ് ഇന്ന് പന്ത്രണ്ടര മണിയോടെ തടഞ്ഞത്. പ്രായത്തിൽ സംശയമുന്നയിച്ചാണ് സ്ത്രീയെ തടഞ്ഞത്. പ്രായം തെളിയിക്കുന്ന രേഖ കാണണമെന്ന് സ്ത്രീയെ തടയാനെത്തിയവർ ആവശ്യപ്പെട്ടു. ബാലമ്മ എന്ന സ്ത്രീയെയാണ് തടഞ്ഞ് തിരിച്ചയച്ചത്. പ്രതിഷേധത്തിൽ ഭയചകിതയായി തളർന്ന ബാലമ്മയെ സന്നിധാനത്തിൽ നിന്നും സ്ട്രെക്ചറിലാണ് പമ്പയിലേയ്ക്ക്  മാറ്റിയത്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയുടെ ചുവടുപിടിച്ച് ഇന്ന് ദർശനത്തിനായെത്തിയ തെലങ്കാന സ്വദേശികളായ സ്ത്രീകളെ പമ്പയിൽ വച്ച് പ്രതിഷേധക്കാർ തടഞ്ഞു. രണ്ട് സ്ത്രീകളാണ് ഇന്ന് ദർശനത്തിന് എത്തിയത്. ഇവരുടെ പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന്റെ പശ്ചാത്തലത്തിൽ ഇവർ മടങ്ങാൻ തീരുമാനിച്ചു. പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വന്നതെന്ന് സ്ത്രീകൾ പറഞ്ഞു.

തിരുച്ചിറപ്പള്ളിയിൽ നിന്നുമെത്തിയ ലത എന്ന സ്ത്രീയേയും ഇന്നലെ പ്രായം ചോദിച്ച് തടഞ്ഞിരുന്നു. തുലാമാസ പൂജയ്ക്ക് ശേഷം നാളെയാണ് നട അടയ്ക്കുന്നത്. തുലാമാസ പൂജയ്ക്ക് നട തുറന്ന ശേഷം ഇന്നലെയും അയ്യപ്പ ദർശനത്തിന് യുവതികളെത്തിയത് പമ്പയിലും സന്നിധാനത്തും മണിക്കൂറുകളോളം ഉദ്വേഗഭരിതമായ രംഗങ്ങൾ സൃഷ്ടിച്ചു. കൊല്ലം ചാത്തന്നൂർ നെടുമ്പന സ്വദേശിയും ദളിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ 31കാരി എസ്.പി. മഞ്ജുവും സുഹൃത്തുക്കളായ രണ്ടു യുവതികളുമാണ് മല കയറാൻ ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിലെത്തിയത്. മഞ്ജു മാത്രമേ ഇരുമുടിക്കെട്ട് കരുതിയിരുന്നുള്ളൂ.

ആയിരത്തിലേറെ ആളുകൾ തമ്പടിച്ചിട്ടുള്ള സന്നിധാനത്തെ കനത്ത പ്രതിഷേധം പൊലീസ് മഞ്ജുവിനെ അറിയിച്ചു. എന്നാൽ, ദർശനം നടത്താനാണ് എത്തിയതെന്നും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്തേക്ക് പോകണമെന്നും യുവതി നിർബന്ധം പിടിച്ചു. തുടർന്ന് എെ.ജിമാരായ ശ്രീജിത്തിന്റെയും മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പമ്പ ദേവസ്വം ഗാർഡ് റൂമിൽ യോഗം ചേർന്നു. സുരക്ഷാ കവചവും ഹെൽമറ്റും ധരിച്ച് നൂറോളം പൊലീസുകാർ യാത്രയ്ക്ക് തയ്യാറായി നിന്നു. ഇതിനിടെ, ഇരുമുടിക്കെട്ടേന്തി പന്ത്രണ്ട് പ്രതിഷേധക്കാർ പല ഭാഗങ്ങളിൽ നിന്നായി ഗാർഡ് റൂമിന് മുന്നിലെത്തി അയ്യപ്പനാമം ജപിച്ചത് പൊലീസിനെ ഞെട്ടിച്ചു. അവർ സന്നിധാനത്തേക്ക് പോവുകയും ചെയ്തു.

9.27 pm:നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. ശബരിമല ക്ഷേത്രം അടച്ചിടണമെന്ന് പറയുന്നതിനുള്ള അവകാശം പന്തളം കൊട്ടാരത്തിന് തന്നെയെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു. അങ്ങനെ അവകാശമില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ ആവശ്യപ്പെടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സ്‌പോണ്‍സേഡ് ആളുകളാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

04.30pm: ശ്രീധരൻപിളള പുകമറ സൃഷ്ടിക്കുന്നുവെന്ന് രമേഷ് ചെന്നിത്തല. സംസ്ഥാന സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരാണ് ഓർഡിനൻസ് ഇറക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

04.15pm: രാജഭരണം കഴിഞ്ഞെന്ന് പന്തളം കൊട്ടാരത്തോട് മന്ത്രി എം.എം മണി. “ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്. നടയടച്ചിടുമെന്ന് പറഞ്ഞ തന്ത്രി ശമ്പളക്കാരൻ മാത്രം” എം.എം മണി പറഞ്ഞു.

03.20pm: ശബരിമല സന്ദർശനത്തിനെത്തിയ സ്ത്രീ

ഫോട്ടോ: വിഗ്നേഷ് കൃഷ്ണമൂർത്തി

02.45pm: സർക്കാർ ഇരട്ട നീതി നടപ്പാക്കൻ ശ്രമിക്കുന്നുവെന്ന് പന്തളം കൊട്ടരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ. എങ്ങനെയെങ്കിലും സ്ത്രീകളെ മലകയറ്റി ശബരിമലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ കോടതി വിധികളോടും സർക്കരിന്റെ സമീപനം വ്യത്യസ്ഥം. ജി സുധാകരന്റെ പരാമർശത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിനോടായിരുന്നു ശശികുമാര വർമ്മയുടെ പ്രതികരണം.

02.15pm: ഇന്ന് മാത്രം ശബരിമല കയറാനെത്തിയത് നാല് സ്ത്രീകൾ. എല്ലാവരെയും മടക്കി അയച്ചു

ഫോട്ടോ: വിഗ്നേഷ് കൃഷ്ണമൂർത്തി

01.30pm: ശബരിമലയിൽ ഒമ്പത് വയസ്സുകാരിയുടെ വ്യത്യസ്ഥമായ ഒരു പ്രതിഷേധം

12.41pm: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്റെ നേതൃത്വത്തിൽ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

12.30PM: സന്നിധാനത്തിലെത്തിയ ആന്ധ്ര സ്വദേശിയായ സ്ത്രീയെ  തടഞ്ഞു.

11.33 am: വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തുന്നു.

11.32 am: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി പത്തനംതിട്ടയിൽ നാമജപ ഘോഷയാത്ര

11.00 am: ദർശനത്തിനായെത്തിയ തെലങ്കാന സ്വദേശിനികൾ മടങ്ങി. ഇവരുമായി പൊലീസ് വാഹനം നിലയ്ക്കലിലേക്ക് യാത്ര തിരിച്ചു.

10.50 am: മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ തന്നെ നിയമസഭ വിളിക്കണമെന്ന് ശ്രീധരൻ പിള്ള

10.35 am: ശബരിമല വിഷയത്തിൽ ഇടപെടാൻ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടണം: പി.എസ് ശ്രീധരൻ പിളള

10.28 am: തെലങ്കാന സ്വദേശിനികൾ മടങ്ങുന്നു.

10.05 am: ദർശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ പമ്പയിൽ പ്രതിഷേധക്കാർ തടഞ്ഞു.

9.30 am: കോടതി വിധി നടപ്പിലാക്കാന്‍ സാധ്യമായ എല്ലാം പൊലീസ് ചെയ്തിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

9.15 am: ഹൈന്ദവ സംഘടനകളിലെ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിന് നേതാക്കളും സന്നിധാനത്ത് തങ്ങുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

9.00 am: അതേസമയം വിവിധ ഹൈന്ദവ സംഘടനകളിലെ പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് എത്തുന്നതായാണ് വിലയിരുത്തല്‍

7.45 am: വിധിക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകുന്നതിന് മുമ്പ് യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാന്‍ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

7.30 am: യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മയപ്പെട്ടിരിക്കുകയാണ്

7.15. am: സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ പൊലീസ് നിരീക്ഷണവും കര്‍ശനമാക്കി

7.00 am: തുലാമാസപൂജകള്‍ നാളെ അവസാനിക്കാനിരിക്കെ യുവതികള്‍ ദര്‍ശനത്തിനായെത്താനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.