തിരുവനന്തപുരം:  ശബരിമല വിഷയം കത്തിനിൽക്കെ, സഭാ നടപടികൾ അഞ്ചാം ദിവസം പുനരാരംഭിച്ചു. ചോദ്യോത്തര വേളയോട് പ്രതിപക്ഷം സഹകരിക്കുകയാണ്. മന്ത്രി കെ.ടി.ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

സഭാ ഹാളിനകത്ത് ഇപ്പോഴും പ്രതിപക്ഷ അംഗങ്ങൾ സത്യാഗ്രഹ സമരം തുടരുകയാണ്.  വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, ഡോ. എന്‍.ജയരാജ് എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്. രാവിലെ പ്രതിപക്ഷ നേതാവ് ഇവരെ സന്ദർശിച്ചു. സഭാ നടപടികളുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ അംഗങ്ങൾ സമരം ചെയ്യുന്ന കാര്യം പ്രതിപക്ഷ നേതാവ് സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തി.

ശബരിമലയിൽ നിരോധനാജ്ഞ അടക്കമുളള പൊലീസ് നിയന്ത്രണങ്ങൾ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ ഹാളിനുള്ളില്‍ സത്യാഗ്രഹ സമരം നടത്തുന്നത്.

ശബരിമല വിവാദത്തിൽ വനിത മതിൽ നിർമ്മിക്കാനുളള സർക്കാർ തീരുമാനത്തിന് ഇന്ന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചേക്കും. സാമുദായിക സംഘടനകളെ കൂട്ടുപിടിക്കുന്നത് ഭാവിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുമോയെന്ന് ഇന്നത്തെ യോഗം ചർച്ച ചെയ്യും.

അതേസമയം, വ്യാഴാഴ്ച ആരംഭിക്കുന്ന മത സൗഹാർദ്ദ സദസ്സുകളിൽ കോൺഗ്രസിനും ബിജെപിക്കും എതിരെ ശക്തമായ പ്രചാരണം ആരംഭിക്കാൻ സിപിഎം തീരുമാനിച്ചു കഴിഞ്ഞു.   നിയമസഭയിൽ യുഡിഎഫും സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപിയും സമരം തുടങ്ങിയതോടെ ശബരിമല സമരം ആരംഭിച്ച സാഹചര്യത്തിലാണ് ഇത്.

സഭാ സമ്മേളന കാലമായതിനാൽ ശബരിമലയിൽ നിന്ന് സമരങ്ങളും തിരുവനന്തപുരത്തേക്ക് മാറിയിട്ടുണ്ട്.  ഈ സാഹചര്യത്തിൽ യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ലക്ഷ്യം ഒന്നാണെന്ന ആരോപണത്തിൽ ഉറച്ച് മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.