തിരുവനന്തപുരം: ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിയിച്ചു. പതിനായിരങ്ങളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പ ജ്യോതിക്കായി അണിനിരന്നത്.

കാസർഗോഡ് ജില്ലയിലെ ഹൊസങ്കടിയിൽ നിന്നാണ് പരിപാടി അവതരിപ്പിച്ചത്.  സംസ്ഥാനത്തൊട്ടാകെ പത്തു ലക്ഷത്തിലേറെപ്പേര്‍ പരിപാടിയിൽ അണിനിരക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിന് ബദലായാണ് ശബരിമല കർമസമിതി അയ്യപ്പജ്യോതി പ്രഖ്യാപിച്ചത്. തിരുവനന്തപുരം കളിയിക്കാവിളയിലാണ് അയ്യപ്പജ്യോതി തെളിയിച്ച അവസാന ഇടം. ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്നു തുടങ്ങി കളിയിക്കാവിളയില്‍നിന്നു തമിഴ്നാട്ടിലേക്കു കടക്കുന്ന രീതിയിലാണു ക്രമീകരണം. അങ്കമാലി വരെ ദേശീയപാതയിലും അതിനുശേഷം എംസി റോഡിലുമാണ് ജ്യോതി തെളിയിക്കുന്നത്.

ബിജെപി പരിപാടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എന്‍എസ്എസ് അയ്യപ്പജ്യോതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വനിതാ മതിലിനെ വര്‍ഗീയ മതിലെന്നാണ് എൻഎസ്എസ് വിശേഷിപ്പിച്ചത്.

വൈകിട്ട് അഞ്ചിനു പൊതുയോഗത്തോടെയാണ് പരിപാടിക്കു തുടങ്ങിയത്. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അയ്യപ്പജ്യോതി സന്ദേശം നൽകി.  ആറ് മണിക്ക് ദീപം തെളിയിച്ച് അയ്യപ്പഭക്തർ ആറര വരെ റോഡരികിൽ അണിനിരക്കുമെന്നാണ് അറിയിച്ചത്.  കേരള പിഎസ്‌സി മുൻ ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ, മുന്‍ ഡിജിപി ടി.പി.സെന്‍കുമാർ തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ പങ്കാളികളായി. തമിഴ്‌നാട്ടിൽ 69 കേന്ദ്രങ്ങളിലും അയ്യപ്പ ജ്യോതി തെളിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ