തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി പുതിയ വെബ്സൈറ്റുകൾ തുറന്നു. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകൾ വഴിയാണ് ഇനി കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ലഭിക്കുക.

കെഎസ്ആർടിസിയുടെ www.ksrtconline.com എന്ന സൈറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ച് ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പിൻവാങ്ങിയിരുന്നു. വെബ്സൈറ്റിന്റെ പ്രവർത്തനം സംബന്ധിച്ച് കെൽട്രോണുമായാണ് കെഎസ്ആർടിസി കരാർ ഉണ്ടാക്കിയത്. പിന്നീട് ഇത് ഉപകരാറായി ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കുകയായിരുന്നു.

വൻ തുക കമ്മിഷനായി ഈടാക്കുന്നുവെന്നാണ് കെഎസ്ആർടിസി പരാതി ഉന്നയിച്ചത്. ഇതേ തുടർന്ന് കെൽട്രോണുമായുളള കരാറിൽ നിന്ന് കെഎസ്ആർടിസി പിൻവാങ്ങിയിരുന്നു. ഇതിന് പിന്നാലെ പുതി കമ്പനിക്ക് ഇതിന്റെ കരാറും നൽകി.

എന്നാൽ പുതിയ കമ്പനിയുമായി ഒപ്പുവച്ച കരാറിനെക്കാൾ കുറഞ്ഞ തുകയ്‌ക്ക് കരാർ ഒപ്പുവയ്‌ക്കാമെന്ന് ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചെങ്കിലും കെഎസ്ആർടിസി മാനേജ്മെന്റ് തയ്യാറായില്ല. നാളിത് വരെ അധികമായി ഈടാക്കിയ തുക തിരികെ നൽകണമെന്ന വിചിത്രവാദം കെഎസ്ആർടിസി മുന്നോട്ട് വച്ചു. ഇതിന് ഊരാളുങ്കൽ സൊസൈറ്റി തയ്യാറായില്ല.

കരാർ അവസാനിപ്പിച്ച സാഹചര്യത്തിൽ ഇന്നലെ റിസർവേഷൻ സൈറ്റിന്റെ പ്രവർത്തനം ഊരാളുങ്കൽ സൊസൈറ്റി അവസാനിപ്പിച്ചു. ഇതേ തുടർന്ന് ഇന്നലെ പകൽ റിസർവേഷൻ സൗകര്യം ലഭ്യമായിരുന്നില്ല. അതേസമയം കെൽട്രോണിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook