കൊച്ചി: എറണാകുളത്തെ റോഡുകളില്‍ പൊതുവേ എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത് ശരിയല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കുണ്ടന്നൂര്‍ റോഡ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവേ എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. ചിലയിടത്ത് മാത്രമേ പ്രശ്‌നങ്ങളുള്ളൂ. അത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുണ്ടന്നൂര്‍ പാലം പൂര്‍ത്തിയാകാന്‍ ഏഴ് മാസം കൂടി വേണ്ടിവരും. മഴയായതിനാലാണ് പണികള്‍ കൃത്യമായി നടക്കാത്തത്. മഴയത്ത് ടാര്‍ ചെയ്യാന്‍ സാധിക്കില്ല. ടൈല്‍സ് ഇടുന്ന പണി നടക്കുന്നുണ്ട്. എല്ലാവരും സഹകരിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ അവസാനിക്കൂവെന്നും മന്ത്രി പറഞ്ഞു.

Read Also: ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; മമ്മൂട്ടിയെ കുറിച്ച് വിദേശികൾ പറയുന്നു

തിരക്കേറിയ നഗരത്തില്‍ രണ്ട് ഫ്‌ളൈ ഓവറുകളാണ് പണിയുന്നത്. അതിന്റെ തിരക്ക് ഉണ്ടാകും. മെട്രോ വന്നിട്ടും തിരക്ക് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. എറണാകുളം നഗരം എപ്പോഴും ഗതാഗത തടസങ്ങളുള്ള നഗരമാണ്. മഴയുള്ളതിനാലാണ് ടാറിങ് പണികള്‍ നടക്കാത്തത്. എല്ലാവരും ഇത് മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ ഗതാഗത കുരുക്കിന് കാരണം പിഡബ്ല്യുഡി അല്ലെന്ന് മന്ത്രി പറഞ്ഞു. ഗതാഗതം നിയന്ത്രിക്കേണ്ടത് കലക്ടറും പൊലീസും ചേര്‍ന്നാണ്. ഗതാഗത കുരുക്കിന് കാരണം പിഡബ്ല്യുഡി ആണെന്ന തരത്തില്‍ പറയുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറിലേറെ വാഹനങ്ങൾ കുണ്ടന്നൂരിൽ കുരുക്കിൽ അകപ്പെട്ടു കിടന്നിരുന്നു. നിരവധി പേർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.