Latest News

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്ക്ക് അനുമതി; 11 റോഡുകൾ ഭാരത് മാല പദ്ധതിയിൽ

തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ. റിങ് റോഡ് നിര്‍മിക്കാനും തീരുമാനമായി

kerala road development, pinarayi vijayan, nitin gadkari, pinarayi vijayan meets nitin gadkari, kannur airport road, bharatmala project kerala, kannur-mysore road development, ie malayalam

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളം വഴി മൈസൂരിലേക്കുള്ള റോഡിന്റെ കേരളത്തിലെ ഭാഗം ദേശീയപാതയായി ഉയര്‍ത്തുമെന്നു കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ ചൊവ്വയില്‍നിന്ന് ആരംഭിച്ച് മട്ടന്നൂര്‍, കൂട്ടും പുഴ, വളവുപാറ, മാക്കൂട്ടം, വിരാജ്‌പേട്ട, മടിക്കേരി വഴിയുള്ളതാണ് ഈ റോഡ്.

തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ. റിങ് റോഡ് നിര്‍മിക്കാനും നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ തത്വത്തില്‍ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാധ്യതകള്‍ കൂടി കണക്കിലെടുത്താവും പദ്ധതി വികസിപ്പിക്കുക. തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്കു നിര്‍ണായകമാകുന്ന പുതിയ പദ്ധതിക്ക് 4500 കോടി രൂപയാണ് പദ്ധതിത്തതുക പ്രതീക്ഷിക്കുന്നത്.

ദേശീയപാത അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. വിശദ പദ്ധതി റിപ്പോര്‍ട്ട് മാറ്റങ്ങള്‍ വരുത്തി സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനത്തെ 11 റോഡുകള്‍ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശേരി – വാഴൂര്‍ – പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ, കായകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജങ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജങ്ഷന്‍ (എന്‍. എച്ച് 183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജങ്ഷന്‍ വരെ (എന്‍. എച്ച് 85 ) 45 കി.മീ,
പുതിയ ദേശീയപാതയായ കല്‍പ്പറ്റയ്ക്കടുത്തുള്ള ജങ്ഷന്‍ (എന്‍. എച്ച് 766 ) മുതല്‍ മാനന്തവാടി വരെ 50 കി.മീ, എന്‍.എച്ച് 183 എയുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം ചവറ വരെ (എന്‍.എച്ച് 66 ) 17 കി.മീ, എന്‍.എച്ച് 183 എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ., തിരുവനന്തപുരം – തെന്മലയെ ബന്ധിപ്പിക്കുന്ന 72. കിമീ, ഹോസ്ദുര്‍ഗ് – പാണത്തൂര്‍ – ഭാഗമണ്ഡലം – മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ., ചേര്‍ക്കല – കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി – പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ്, തിരുവനന്തപുരം രാജ്യാന്തര തുറമുഖത്തെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം – കരമന-കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്യുക.

Also Read: മുഖ്യമന്ത്രി വിളിച്ചു, കട തുറക്കൽ സമരത്തിൽനിന്ന് പിന്മാറി വ്യാപാരികൾ

കേരളത്തിലെ 12 റോഡുകള്‍ ദേശീയപാതകളായി പ്രഖ്യാപിക്കാന്‍ ദേശീയപാത അതോറിറ്റി തത്വത്തില്‍ പ്രാരംഭാനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് വിശദപദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അലെയ്ന്‍മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം, പുതിയ റോഡുകള്‍ ഉടന്‍ അപ്‌ഗ്രേഡ് ചെയ്യില്ലെന്നാണ് അതോറിറ്റി അറിയിച്ചത്. തുടര്‍ന്ന്, ട്രാഫിക് കൂടുതലുള്ള റോഡുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് മാര്‍ച്ചില്‍ റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം സെക്രട്ടറിയുമായി കൊച്ചിയില്‍ ചര്‍ച്ച നടത്തിയിരുന്നു.

ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി. ജോയ്, റസിഡന്റ് കമ്മിഷണര്‍ സഞ്ജയ് ഗാര്‍ഗ് എന്നിവരും കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala road development pinarayi vijayan meets nitin gadkari

Next Story
15,637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 128 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com