കണ്ണൂർ: ഉറഞ്ഞാടിയ തെയ്യക്കോലം വാളെടുത്ത് വെട്ടിയതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. കണ്ണൂർ തില്ലങ്കേരിയിലെ ഇയ്യമ്പോട് വയൽത്തറ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. നാട്ടുകാരായ രണ്ട് പേർക്കാണ് വെട്ടേറ്റത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കേസെടുക്കേണ്ടതില്ലെന്ന ഇവരുടെ ആവശ്യത്തെ തുടർന്ന് സംഭവം ഒത്തുതീർപ്പാക്കാൻ തീരുമാനമായി.

ക്ഷേത്ര കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ തലശേരി സ്വദേശി ബൈജുവും പരിക്കേറ്റവരുടെ ചികിത്സ ചിലവ് വഹിക്കാമെന്ന ധാരണയിന്മേലാണ് സംഭവം ഒത്തുതീർപ്പാക്കിയതെന്ന് കണ്ണൂർ മുഴക്കുന്ന പൊലീസ് സ്റ്റേഷനിലെ എസ്ഐ പി രാജേഷ് ഐഇ മലയാളത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംഭവം. കൈത ചാമുണ്ഡിയെന്ന ഉഗ്ര സ്വരൂപമായ തെയ്യത്തിന് ചുറ്റും കൂകിവിളിച്ചോടുന്നതും തെയ്യം വാളെടുത്ത് വീശുന്നതും ആചാരമാണ്. വെട്ടേൽക്കാനുളള സാധ്യതയുളളതിനാൽ ഭക്തജനങ്ങൾ സൂക്ഷിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി നിരന്തരം മൈക്കിലൂടെ വിളിച്ചുപറഞ്ഞിരുന്നു.

കൂകിവിളിച്ച് പിന്നാലെ ഓടിയ രണ്ട് പേർക്കാണ് തെയ്യക്കോലത്തിന്റെ വെട്ടേറ്റത്. കോലം അഴിച്ചുവച്ചതോടെ കോലം കെട്ടിയാടിയ തലശേരി സ്വദേശി ബൈജുവിനെതിരെ നാട്ടുകാരിൽ ചിലർ പ്രതിഷേധവുമായി എത്തി.

ഇന്ന് രാവിലെ ബൈജുവിനെ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ആചാരമായതിനാൽ കേസിന് താത്പര്യമില്ലെന്ന് പരിക്കേറ്റവർ പിന്നീട് നിലപാടെടുത്തതോടെ ചികിത്സ ചിലവ് വഹിക്കാമെന്ന ധാരണയിൽ കേസ് ഒത്തുതീർപ്പാക്കിയതെന്ന് എസ്ഐ രാജേഷ് ഐഇ മലയാളത്തോട് പറഞ്ഞു.

തെയ്യക്കോലം ഉറഞ്ഞ ശേഷമുളള വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ