തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തിലെ റെക്കോര്‍ഡ് തിരുത്തി പുതുവത്സരത്തലേന്നത്തെ മദ്യവില്‍പ്പന. ഇന്നലെ 82.26 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന 12 കോടി. 70.55 കോടിയുടെ വില്‍പ്പനയാണ് കഴിഞ്ഞവര്‍ഷം നടന്നത്.
ക്രിസ്മസ് ദിനത്തില്‍ 73 കോടി രൂപയുടെ റെക്കോഡ് മദ്യവില്‍പ്പനയാണു നടന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 18 കോടിയുടെ അധിക വില്‍പ്പന.
ക്രിസ്മസിനു റെക്കോര്‍ഡ് വില്‍പ്പന നടന്ന തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റിലാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ക്രിസ്മസിന് 73.54 ലക്ഷയുടേതായിരുന്നു വില്‍പ്പനയെങ്കില്‍ ഇന്നലെയത് 1.6 കോടിയുടേതായി.
Also Read: കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം: ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
ഇന്നലെ, പാലാരിവട്ടം, കടവന്ത്ര ബെവ്‌കോ ഔട്ട്ലെറ്റുകളാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാലാരിവട്ടത്ത് 81 ലക്ഷത്തിന്റെയും കടവന്ത്രയില്‍ 77.33 ലക്ഷത്തിന്റെയും വില്‍പ്പന നടന്നു.
ക്രിസ്മസ് മദ്യവില്‍പ്പനയില്‍ ചാലക്കുടിയായിരുന്നു രണ്ടാമത്. 70.70 ലക്ഷത്തിന്റേതായിരുന്നു വില്‍പ്പന. 60 ലക്ഷത്തിന്റെ മദ്യം വിറ്റ ഇരിങ്ങാലക്കുട ഔട്ട്ലെറ്റായിരുന്നു മൂന്നാമത്. കഴിഞ്ഞ വര്‍ഷവും ക്രിസ്മസ് വില്‍പ്പനയില്‍ തിരുവനന്തപുരം പവര്‍ഹൗസ് റോഡ്, ചാലക്കുടി, ഇരിങ്ങാലക്കുട ബെവ്കോ ഔട്ട്‌ലെറ്റുകളായിരുന്നു മുന്നില്‍.
ക്രിസ്മസിനും തലേന്നുമായി 150.38 കോടി രൂപയുടെ മദ്യവില്‍പ്പനയാണു സംസ്ഥാനത്ത് നടന്നത്. ക്രിസ്മസ് ദിനത്തില്‍ ബെവ്കോ 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് എട്ട് കോടിയുടെയും മദ്യം വിറ്റു. തലേന്ന് ബെവ്‌കോ 65.88 കോടിയുടെയും കണ്‍സ്യൂമര്‍ഫെഡ് 11.5 കോടിയുടെയും വില്‍പ്പന നടത്തി. ക്രിസ്മസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടേതാണ് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള വില്‍പ്പന.
Also Read: ആഘോഷക്കുടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ