കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം കേരളത്തിലെ ഓഗസ്റ്റ് മാസത്തില്‍ സാധാരണ കിട്ടുന്ന ആകെ മഴയേക്കാൾ അധികം ആദ്യ പത്ത് ദിവസത്തിൽ തന്നെ ലഭിച്ചതായി കണക്കുകൾ. സാധാരണ ഗതിയിൽ ഓഗസ്റ്റ് മാസം ആകെ 427 മില്ലിമീറ്ററാണ് മഴ രേഖപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ 10 ദിവസം, അതായത് 2020 ഓഗസ്റ്റ് 1 മുതല്‍ 10 വരെ നമുക്ക് കിട്ടിയത് 476 മില്ലിമീറ്റര്‍ മഴയാണ്. അതായത് ഈ മാസമാകെ കിട്ടേണ്ട മഴയില്‍ കൂടുതല്‍ 10 ദിവസം കൊണ്ട് രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി. ഇത്തരത്തിലുള്ള അതിതീവ്ര മഴ ഓഗസ്റ്റ് മാസത്തില്‍ കഴിഞ്ഞ 3 വര്‍ഷമായി ആവര്‍ത്തിക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും ഇന്നും നാളെയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ കുറച്ച് സമയം ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Also Read: മഴക്കെടുതി: കേന്ദ്രത്തോട് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

പ്രളയം നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം ശക്തമായി തുടരുന്നുണ്ട്. തയ്യാറെടുപ്പുകള്‍ നേരത്തെ മുതല്‍ക്കേ കാര്യമായി തന്നെ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് കുട്ടനാട് മേഖലയാണ് നമുക്ക് എല്ലാ കാലത്തും ദുരിതം അനുഭവിക്കേണ്ടി വരുന്ന സ്ഥലം. പത്തനംതിട്ടയിലും കോട്ടയത്തും മഴ പെയ്താല്‍ വെള്ളം ഒഴുകി എത്തിയാല്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ വലിയ തോതില്‍ വെള്ളം കയറുന്ന പ്രശ്നമുണ്ടായിരുന്നു.  പമ്പ, അച്ചന്‍ കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്‍റെ പ്രധാന കാരണം. അതില്‍ പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം കടലിലേക്ക് പുറന്തള്ളുന്നത് പ്രധാനമായും തോട്ടപ്പള്ളി സ്പില്‍വേ വഴിയാണ്. മുന്‍ വര്‍ഷം ജലം കടലിലേക്ക് ഒഴുക്കാന്‍ 30 മീറ്റര്‍ വീതിയിലാണ് പൊഴി മുറിച്ചു കൊണ്ടിരുന്നത്. ഇത്തവണ 360 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ചു. അവിടെ ആഴം വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരത്തിൽ വീതി കൂട്ടുകയും ആഴം വർധിപ്പിക്കുകയും ചെയ്തതോടെ പമ്പ, അച്ചന്‍കോവില്‍ നദികളിലെ പ്രളയ തീവ്രത ഇത്തവണ ഗണ്യമായി കുറഞ്ഞു.  പമ്പാ റിവര്‍ ഗേജിംഗ് സ്റ്റേഷന്‍ ആയ ഇറപ്പുഴയില്‍ 2018 ലെ മഹാപ്രളയ സമയത്ത് ഉണ്ടായിരുന്ന ജലനിരപ്പിനേക്കാളും 8 അടിയോളം കുറവുണ്ടായിട്ടു പോലും അന്ന് ഒഴുകിയ നിരക്കില്‍ തന്നെയാണ് തോട്ടപ്പള്ളിയിലൂടെ ഇപ്പോള്‍ ജലം ഒഴുകുന്നത്. എന്നാല്‍ മണിമലയാറില്‍ വെള്ളം ഉയര്‍ന്നതുമൂലം ചില ഇടങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. നമുക്ക് അത്തരം കാര്യങ്ങള്‍ കൂടി പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനുണ്ട്. അതുപോലെ വയനാട് ജില്ലയിലും ഇത്തരം ചില പദ്ധതികള്‍ നടപ്പാക്കി.

Also Read: Kerala Rains Floods Weather Live Updates: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിലേക്ക്; ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നു

മഴക്കെടുതി; വിവിധ ജില്ലകളിൽ വലിയ നാശനഷ്ടം

തിരുവനന്തപുരം ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 37 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മഴയില്‍ ജില്ലയില്‍ 5,600ല്‍പരം കര്‍ഷകരുടെ 5,875 ഹെക്ടര്‍ കൃഷി നശിച്ചു. നീണ്ടകര, അഴീക്കല്‍ ഭാഗങ്ങളില്‍ നിന്നും 15 വള്ളങ്ങളില്‍ 55 മത്സ്യത്തൊഴിലാളികള്‍ കൂടി പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തി. അറിയിപ്പ് ലഭിച്ച ഉടന്‍തന്നെ നമ്മുടെ സ്വന്തം സൈന്യം പുറപ്പെടുകയായിരുന്നു.  വെള്ളം കയറിയതിനെ തുടര്‍ന്ന് 6 ക്യാമ്പുകള്‍ തുടങ്ങി 103 കുടുംബങ്ങളിലെ 373 പേരെ മാറ്റിപാര്‍പ്പിച്ചു.

പത്തനംതിട്ട ജില്ലയില്‍ ആറ് താലൂക്കുകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1432 കുടുംബങ്ങളില്‍ നിന്ന് 4657 പേരെ മാറ്റി താമസിപ്പിച്ചു. 60 വയസിന് മുകളിലുള്ള 400 പേരെയാണ് മാറ്റി താമസിപ്പിച്ചത്. മൂഴിയാര്‍, മണിയാര്‍, പമ്പ എന്നീ ഡാമുകളില്‍ നിന്നും ജലം ഒഴുക്കി വിടുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ 74 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1251 കുടുംബങ്ങളിലായി 4449 ആളുകളാണ് ക്യാമ്പിലുള്ളത്.

കോട്ടയത്ത് ഇതുവരെ 217 കുടുംബങ്ങളിലെ 5647 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാറ്റിലും മണിമലയാറ്റിലും കൈവഴികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തുടരുന്നു.

Also Read: Kerala Weather: അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം ജില്ലയില്‍ ആശങ്കജനകമായ അവസ്ഥ ഇല്ല. പ്രധാന നദികളില്‍ അപകട നിലയില്‍ ജലനിരപ്പ് എത്തിയിട്ടില്ല. ചെല്ലാനം മേഖലയില്‍ അതിശക്തമായ കടല്‍ക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നിരവധി വീടുകളില്‍ വെള്ളം കയറി.

പാലക്കാടിന്‍റെ മലയോര മേഖലയില്‍ മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാല്‍ നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 27 പേരെ അയിലൂര്‍ പ്രീമെടിക് ഹോസ്റ്റലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍ ഇന്നലെ മുതല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ട്. ബാണാസുുര സാഗര്‍, കാരാപ്പുഴ ഡാമുകളിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. 81 ദുരിതാശ്വാസ ക്യാമ്പുകളിലായി 1232 കുടുംബങ്ങളിലെ 4217 അംഗങ്ങളാണ് ഇപ്പോള്‍ കഴിയുന്നത്. ഇവരില്‍ 2312 പേര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. 11,000ത്തിലധികം പേരെ ബന്ധു വീടുകളിലേക്കും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

ജാഗ്രത തുടരും

ജലസേചന, വൈദ്യുതി വകുപ്പുകളുടെ ചില ചെറിയ അണക്കെട്ടുകള്‍ നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. അലേര്‍ട്ട് ലെവലിന് താഴെ എത്തിയാല്‍ അത് അവസാനിപ്പിക്കും. അത് വരെ അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരേണ്ടതാണ്.

മഴ മാറിയതോടെ നദികളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളില്‍നിന്ന് വേഗത്തില്‍ തന്നെ കടലിലേക്ക് വെള്ളം ഒഴുകി പോകുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര ജലകമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ് ആ സംവിധാനത്തിന്‍റെ കണക്ക് പ്രകാരം അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചില്‍ എന്നീ നദികളിലാണ് വാണിംഗ് നിരപ്പില്‍ ജലനിരപ്പ് നില്‍ക്കുന്നത്. ഇവിടങ്ങളിലും ജലനിരപ്പ് താഴുന്ന പ്രവണതയാണ് ഇന്ന് പകല്‍ കാണിക്കുന്നത്. പൊതുവില്‍ സംസ്ഥാനത്ത് അപകയാവസ്ഥ കുറഞ്ഞു വരുന്ന ആശ്വാസമാണ് ഉള്ളത്. എങ്കിലും കുറച്ച് ദിവസം കൂടി ജാഗ്രത തുടരാന്‍ തന്നെയാണ് നിര്‍ദേശം.

4.5 കോടി രൂപ ചെലവിട്ടു നദികളും തോടുകളുമെല്ലാം വൃത്തിയാക്കി ആഴം കൂട്ടി. അതുകൊണ്ടുതന്നെ വെള്ളം കുടുതല്‍ കെട്ടി നില്‍ക്കുന്ന സാഹചര്യം ഇത്തവണ അധികം ഉണ്ടായില്ല.  ഭൂരിഭാഗം ഇടങ്ങളിലും ഇത്തരം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റൂം ഫോര്‍ പമ്പ, റൂം ഫോര്‍ വേമ്പനാട് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook