/indian-express-malayalam/media/media_files/uploads/2023/07/Rain-Monsoon-2.jpg)
പ്രതീകാത്മക ചിത്രം | എക്സ്പ്രസ് ഫൊട്ടൊ: അമിത് ചക്രവര്‍ത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലില്‍ വരുംമണിക്കൂറുകളില്‍ ഉണ്ടായേക്കാവുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തൃശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ചക്രവാത ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ടതും അറബിക്കടലിലെ ന്യൂനമർദ്ദവുമാണ് സംസ്ഥാനത്ത് മഴ ശക്തമാക്കിയത്. തമിഴ്നാട് തീരത്തിന് മുകളിലും ലക്ഷദ്വീപിന് മുകളിലുമാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്.
കേരളാ തീരത്തോട് ചേർന്ന അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിൽ ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാം. ഇത് വടക്കു പടിഞ്ഞാറേക്ക് നീങ്ങി 21ഓടെ തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് നി​ഗമനം. ന്യൂനമർദ്ദം കേരളാ തീരത്തോട് ചേർന്ന് കൂടുതൽ സമയം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
മലയോര മേഖലയിൽ നിലവിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.