ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് ആശ്വാസവുമായി കേന്ദ്രം. മഴയിലും വെള്ളപ്പൊക്കത്തിലുമായി നശിച്ചു പോയ പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം പുതിയവ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

കേരളത്തില്‍ മഴയും വെള്ളപ്പൊക്കവും വലിയ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സാഹചര്യം സാധാരണ നിലയിലേക്ക് മാറുന്ന പക്ഷം നശിച്ചു പോയ പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം പുതിയവ സൗജന്യമായി നല്‍കുമെന്നും ഇതിന് ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയാകുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

നേരത്തെ, കേരളത്തിലുണ്ടായത് ഗൗരവതരമായ മഴക്കെടുതിയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും കെടുതികള്‍ നേരിടാന്‍ സംസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച രാജനാഥ് പറഞ്ഞിരുന്നു.

സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം രാജ്‌നാഥിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് സമാനതകളില്ലാത്ത മഴക്കെടുതിയാണ്. അതിനാല്‍ തന്നെ ദുരിതാശ്വാസം അനുവദിക്കുന്നതിന് കേന്ദ്രം നിലവിലെ മാനദണ്ഡങ്ങള്‍ അവലംബിക്കരുത്. നാശനഷ്ടങ്ങള്‍ മന്ത്രിയും കേന്ദ്ര സംഘവും നേരിട്ട് വിലയിരുത്തിയതാണ്. ഈ സാഹചര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് ഉണ്ടാകണം. വീണ്ടുമൊരു കേന്ദ്ര സംഘത്തെ കൂടി കേരളത്തിലേക്ക് അയയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.