തിരുവനന്തപുരം: പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വലിയ അണക്കെട്ടുകളില്‍ വലിയ അളവില്‍ വെള്ളം സംഭരിക്കപ്പെട്ടിട്ടില്ല. ആ കാര്യത്തില്‍ ആശങ്ക വേണ്ട. ചെറിയ ചില അണക്കെട്ടുകള്‍ തുറക്കുകയും നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരം അണക്കെട്ടുകള്‍ക്ക് കീഴില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിമലയാര്‍, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ജല കമ്മിഷന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മള് ഒരു മഴക്കാലത്തിലല്ല ഉള്ളതെന്നതിനാല്‍ വലിയ പ്രളയ ഭീതിയുടെ സാഹചര്യമില്ല. എന്നാല്‍ അതിശക്തമായ മഴ തുടര്‍ന്നാല്‍ ജലനിരപ്പ് അപകടാവസ്ഥയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
രണ്ടു ദിവസമായുള്ള അതിതീവ്ര മഴയും അതിശക്തമായ കാറ്റും സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം രേഖപ്പെടുത്തിയ മഴ ശരാശരി 145.5 മില്ലിമീറ്ററാണ്. കൊച്ചി, പീരുമേട് സ്റ്റേഷനുകളില്‍ 200 മില്ലിമീറ്ററിനു മുകളില്‍ മഴ 24 മണിക്കൂറില്‍ രേഖപ്പെടുത്തി.
രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒന്‍പത് ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നുവെന്നത് ഗൗരവമായി കാണണം. കടല്‍ഭിത്തി നിര്‍മിച്ചതു കൊണ്ടുമാത്രം എല്ലായിടത്തും ശാശ്വതമായ പരിഹാരമാകുന്നില്ല.
Read Also: നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഞായറാഴ്ച അർധരാത്രി മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ
അപകടാവസ്ഥയില്‍ കഴിയുന്ന തീരദേശവാസികളുടെ സുരക്ഷക്കായുള്ള ശാശ്വത പരിഹാരമെന്ന നിലയക്കാണ് ‘പുനര്‍ഗേഹം’ എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. 50 മീറ്റര്‍ വേലിയേറ്റ പരിധിയില്‍ അപകട സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അവിടെനിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് ഭൂമി വാങ്ങാനും വീട് വയ്ക്കാനും സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയാണിത്.
ഇപ്പോള്‍ നമ്മള് ഒരു അടിയന്തര സാഹചര്യത്തിലാണ്. ചുഴലിക്കാറ്റ് മൂലമുള്ള കടല്‍ക്ഷോഭം കുറച്ചുദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി ആരുടെയും ജീവന് അപകടത്തില്‍ പെടുന്നില്ലന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. എല്ലാവരുടെയും സഹകരണം ഈ കാര്യത്തില്‍ സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയാണ്.