കൊച്ചി: കേരളം കഴിഞ്ഞ 150 വർഷത്തിനിടയിൽ മൂന്ന് തവണ മാത്രമാണ് ഇത്തരമൊരു കനത്ത മഴക്കാലത്തിലൂടെ കടന്നുപോയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( ഐ എം ഡി) മുൻ ഡയറക്ടറും കാലവസ്ഥാ ശാസ്ത്രജ്ഞനുമായ പി വി ജോസഫ് പറയുന്നു. കനത്ത മഴക്കാലമുൾപ്പടെയുളള കാലാവസ്ഥ മാറ്റങ്ങളുടെ തീവ്രതകളിലൂടെ കടന്നു പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ആഗോള താപനത്തെ തുടർന്ന് ലോകത്തെമ്പാടും തീവ്രമായ രീതിയിൽ കാലവസ്ഥാ മാറ്റങ്ങൾ സംഭവിക്കാനുളള സാധ്യതകളാണ് ഉളളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ കൊച്ചി സർവകലാശാലയിലെ അറ്റ്മോസ്ഫെറിക് സയൻസ് (അന്തരീക്ഷ ശാസ്ത്ര) വിഭാഗത്തിലെ പ്രൊഫസർ എമിരിറ്റസ് ആണ് ജോസഫ്.

ലോകത്തെ എല്ലാ പ്രദേശവും ഈ കാലവസ്ഥ മാറ്റത്തിന്റെ കെടുതികൾ നേരിടേണ്ടി വരുമെന്നാണ് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെയും ഈ വിഷയത്തിൽ മറ്റുളളവർ നടത്തിയിട്ടുളള പഠനങ്ങളും വിരൽ ചൂണ്ടുന്നത്.

കേരളം കടന്നു പോയതു പോലുളള കനത്ത മഴ ഉൾപ്പടെയുള്ള കാലവസ്ഥ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ഇനിയും നേരിടേണ്ടി വരും. അതിൽ നിന്നും ഇന്ത്യയും കേരളവും വിമുക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലുട നീളം പെയ്ത മഴയുടെയും തുടർന്നുണ്ടായ പ്രളയദുരന്തത്തിലുമായി 370 പേർക്ക് ജീവഹാനി സംഭവിക്കുകയും പത്ത് ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടമാകുകയും ചെയ്തു.

ഇപ്പോഴത്തെ കാലവർഷത്തിൽ, അതായത് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 24 വരെയളള സമയത്ത് നമ്മുക്ക് 240 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. അത് നമുക്ക് ലഭിച്ചിരുന്ന മഴയേക്കാൾ 39 ശതമാനം കൂടുതലാണ്. അതായത് അടുത്ത കാലത്തൊന്നും ഇത്രയധികം മഴ കേരളത്തിന് ലഭിച്ചിട്ടില്ല. 1871 മുതൽ ഈ വർഷം വരെയുളള മഴയുടെ കണക്കുകൾ ദിനാടിസ്ഥാനത്തിൽ നമ്മുടെ കൈവശം ഉണ്ട്. സൗത്ത് വെസ്റ്റ് മൺസൂൺ( ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെയുളള കാലത്ത് ലഭിക്കുന്ന മഴ) 39 ശതമാനത്തിൽ കൂടുതലായി രേഖപ്പെടുത്തയിട്ടുളളത് ഈ കാലയളവിനുളളിൽ മൂന്ന് തവണ മാത്രമാണ്. അതായത് ഏകേദശം നൂറ്റയമ്പത് വർഷത്തിനുളളിൽ പ്രതീക്ഷിത മഴയേക്കാൾ 39 ശമാനത്തിൽ കൂടുതൽ ലഭിച്ചത് മൂന്ന് തവണ മാത്രമാണ്. 1878 ൽ 51 ശതമാനം മഴ അധികം ലഭിച്ചു. 1924 പ്രതീക്ഷിത മഴയേക്കാൾ 61 ശതമാനം അധികം ലഭിച്ചു. 1961 ൽ പ്രതീക്ഷിത മഴയേക്കാൾ 52 ശതമാനം അധികം ലഭിച്ചു.

അതായത് ’99 ലെ മഹാപ്രളയം എന്നറിയപ്പെടുന്ന 1924 ലെ പേമാരിയുടെ കാലത്ത് പ്രതീക്ഷിത മഴയേക്കാൾ 61 ശതമാനം മഴയാണ് അധികം ലഭിച്ചത്. കേരളം എന്ന സംസ്ഥാനം രൂപീകൃതമായശേഷം ഒരു തവണ മാത്രമാണ് പ്രതീക്ഷിത മഴയേക്കാൾ ഇത്രയധികം മഴ ലഭിച്ചിട്ടുളളൂ അത് 1961 ലാണ്. അന്ന് 52 ശതമാനമാണ് അധികമായി ലഭിച്ച മഴ.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് നിന്നുളള അതിശക്തമായ കാറ്റ് ഭൂമധ്യരേഖ കടന്ന് ഇന്ത്യൻ ഉപദ്വീപിലൂടെ കടന്നു പോകും. ഈ വർഷം കേരളത്തിലെ മൺസൂണിന്റെ ജലാംശവുമായി കടന്നു വന്ന അതിശക്തമായ കാറ്റ് കേരളത്തിലൂടെ നിരവധി തവണ കടന്നു. കാറ്റിന്റെ ഒഴുക്കിലുണ്ടായ ഈ വ്യതിയാനമാകാം ദക്ഷിണായന മേഖലയിലെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റിന് വഴിയൊരുക്കിയിരിക്കുക. 1924 ലെ കേരളം കണ്ട വെളളപ്പൊത്തിന്റെ കാലത്തും (’99 ലെ വെളളപ്പൊക്കം) ഈ പ്രദേശത്ത് ചുഴിലിക്കാറ്റിന്റെ പ്രതിഫലനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.