Latest News

Kerala Floods Rain Live Updates: മുഖ്യമന്ത്രി ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി; പെരിയാര്‍ തീരത്ത് ജലനിരപ്പില്‍ കുറവ്

Heavy Rain in Kerala, Idukki Dam Live Updates: ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ന്നതോടെ ഇവിടെ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ് കുറച്ചു

Kerala Floods Rain Live Updates: കൊച്ചി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയ സാഹചര്യത്തിൽ, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. ഇന്നലെ പുറത്തുവിട്ടതിനെക്കാൾ ഇരട്ടി ജലമാണ് ഇപ്പോൾ പുറത്തുവിടുന്നത്.

ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ അർധരാത്രി 2400.38 അടിയായിരുന്നു ജലനിരപ്പ്.   രാവിലെ ആറ് മണിക്കിത് 2400.94 അടിയായി ഉയർന്നു. രാവിലെ ഏഴരയോടെ ഇത് 2401 അടിയിലെത്തി. പിന്നീട് 2401.10 അടിയായി. വൈകിട്ട് 6 മണിക്ക് 2401.76 അടിയായി.

Kerala Flood News, Rain in Kerala Live Updates: കേരളത്തിലെ മഴക്കെടുതി തത്സമയ വിവരങ്ങൾ

9.00 pm: സംസ്ഥാനതല മോണിറ്ററിംഗ് സെല്ലിലെത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി

8.38 pm: വയനാട് മഴക്കെടുതിയില്‍ 530 വീടുകൾ ഭാഗികമായി തകർന്നു. 137 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനയ്യായിരത്തിലധികം പേരെ മാറ്റി താമസിപ്പിച്ചു

8.33 pm: കബനി നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് കുറുവ ദ്വീപിന് സമീപം ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ റവന്യൂ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം നാവിക സേന രക്ഷപ്പെടുത്തി

8.04 pm: സെക്കന്റില്‍ 800 ഘനമീറ്റര്‍ വെളളമാണ് ഇപ്പോള്‍ ചെറുതോണി അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുന്നത്

7.55 pm: പെരിയാര്‍ തീരത്ത് ജലനിരപ്പില്‍ കുറവ്

7.44 pm: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച്ചയാണ് കേരളത്തിലെത്തുന്നത്

7.33 pm: ചെറുതോണി പാലം പൂര്‍ണമായും മുങ്ങി, പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം

7.30 pm: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു, ജലനിരപ്പില്‍ നേരിയ കുറവ്

7.15 pm: ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളാണ് മുഖ്യമന്ത്രി നാളെ സന്ദർശിക്കുക. ഹെലിക്കോപ്റ്ററിലാണ് മുഖ്യമന്ത്രി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക

7.11 pm: പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശിക്കും

7.00 pm: ചെറുതോണിയില്‍ ഷട്ടര്‍ ഉയര്‍ത്തിയതോടെ കാലടിയില്‍ ജലനിരപ്പ് ഉയര്‍ന്നു

6.53 pm: അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

6.52 pm: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 29 പേരാണ് മരണപ്പെട്ടത്

6.50 pm: ഇടുക്കി അണക്കെട്ടിലെ ജനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി, 2401.07 അടിയായി ജലനിരപ്പ് കുറഞ്ഞു

ഇടുക്കയുടെ ആകാശദൃശ്യം

6.44 pm: മഴ നാശം വിതച്ച ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

6.33 pm: പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച അവലോകന യോഗം ആലുവ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വ്യവസായ ശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു

6.17 pm: ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗങ്ങളാണ് രംഗത്തുള്ളത്. ഇവരെ പൂര്‍ണ്ണമായും ആലുവ ഭാഗത്താണ് നിയോഗിച്ചിട്ടുള്ളത്

6.15 pm: ദുരിതബാധിതമേഖലകളില്‍ വിവിധ സേനാവിഭാഗങ്ങള്‍ നിലയുറപ്പിച്ചു. കരസേനാ വിഭാഗമായ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പ്, തീരദേശ സേനയുടെ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീം, ദേശീയ ദുരന്ത നിവാരണ സേന, നാവികസേന തുടങ്ങിയ വിഭാഗങ്ങളെ വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു.

6.02 pm: ഈ മാസം 13 വരെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

5.45 pm: ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നു. സെക്കന്റിൽ 8 ലക്ഷം വെളളം ഒഴുകുന്നു

5.35 pm: ചെറുതോണി ടൗണും പരിസര പ്രദേശങ്ങളും വെളളപ്പൊക്ക ഭീഷണിയിൽ. ചെറുതോണി പാലം വെളളത്തിൽ മുങ്ങി

5.15 pm: ആലുവ പമ്പ് ഹൗസില്‍ നിന്നുള്ള കുടിവെള്ള വിതരണം നിര്‍ത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പ്രതിദിനം 290 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ആലുവയില്‍ നിന്ന് വിതരണം ചെയ്യുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചിട്ടുണ്ട്. അതായത് മൊത്തം ജല വിതരണത്തില്‍ 20% കുറഞ്ഞിട്ടുണ്ട്. ജല ഉപയോഗത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

4.45 pm: ചെറുതോണി അണക്കെട്ടിൽനിന്നും കൂടുതൽ വെളളം തുറന്നുവിടും. സെക്കന്റിൽ 750 ഘനമീറ്റർ വെളളം പുറത്തേക്ക് ഒഴുക്കും

4.25 pm: ചെറുതോണിയിൽ പെരിയാർ തീരത്തുളള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

4.05 Pm: പളളിവാസലിൽ പ്ലംജുഡി റിസോര്‍ട്ടില്‍ കുടുങ്ങിയവരില്‍ റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു

3.55 pm: മഴക്കെടുതിയിൽ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 27 ആയി

3.50 pm: തൃശൂർ ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകൾ ഉയർത്തി. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുളളവർ ജാഗ്രത പാലിക്കണം

3.45 pm: ആലുവയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി. ആർമി എൻജിനീയറിങ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് എത്തിയത്. നാലു കമ്പനി ദുരന്തനിവാരണ സേനയെ കൂടി എറണാകുളത്ത് വിന്യസിക്കും

3.40 pm: ചെറുതോണി വഴി കട്ടപ്പനയിലേക്കുളള ഗതാഗതം തടസ്സപ്പെട്ടു

3.30 pm: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ റവന്യൂ വകുപ്പിന്റെ ഓഫിസുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവൃത്തിദിനമായിരിക്കും

3.15 pm: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 7.30 തിന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഉണ്ടാകും.

3.07 pm: എറണാകുളം ജില്ലയിൽ കര്‍ഷകര്‍ക്കുണ്ടായ കൃഷി നാശം സംബന്ധിച്ച് വിശദമായ കണക്കെടുപ്പ് നടത്തും. തെറ്റായ പ്രചരണങ്ങളിലൂടെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തരുത്. കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് സംവിധാനമുണ്ടാക്കും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഓരോ പ്രദേശത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി.

3.05 pm: കര്‍ക്കിടകവാവ് ബലി നടത്തുന്നവര്‍ ജാഗ്രത പാലിക്കണം. ബലിതര്‍പ്പണം കര്‍ശന നിയന്ത്രണത്തോടെയാകും നടത്തുക. പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം ചടങ്ങുകള്‍ നിര്‍വഹിക്കണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ബലിതര്‍പ്പണത്തിന് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആലുവ മണപ്പുറം, ചേലാമറ്റം എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് പുഴയില്‍ നിന്ന് പരമാവധി അകന്നു നിന്ന് ചടങ്ങുകള്‍ നിര്‍വഹിക്കണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും.

Read More: പെരിയാർ നിറഞ്ഞു കവിഞ്ഞു, ആലുവ ക്ഷേത്രം വെളളത്തിൽ മുങ്ങി, ബലിതർപ്പണത്തെ ബാധിച്ചേക്കും

3.03 pm: പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍, കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

3.00 pm: ഫെയ്സ്ബുക്കിന്റെ സേഫ്റ്റി ചെക്ക് ഫീച്ചർ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. പേമാരിയും പ്രളയവും ബാധിച്ച ജനവാസ പ്രദേശങ്ങളിലുളളവർ സുരക്ഷിതരാണോ, സഹായം ആവശ്യമുളളവരാണോ തുടങ്ങിയ കാര്യങ്ങൾ മറ്റുളളവരുമായി പങ്കുവയ്ക്കാനും സഹായം ആവശ്യമുളളവർക്ക് അത് എത്തിക്കാനും ഫെയ്സ്ബുക്കിന്റെ സേഫ്റ്റി ചെക്ക് ഉപകാരപ്പെടും.

2.55 pm: ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് റെസ്‌ക്യു തുടങ്ങിയ സേനാ വിഭാഗങ്ങളെ എറണാകുളത്ത് വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി വില്ലേജിലെ പിഴല എന്നിവിടങ്ങളിലാകും സേന നിലയുറപ്പിക്കുക. ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കും. പുതപ്പ്, തലയിണ മുതലായ സൗകര്യങ്ങള്‍ ലഭ്യമാക്കും.

2.50 pm: ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവര്‍ക്കെല്ലാം സഹായധനം വിതരണം ചെയ്യും. ഇതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും.

2.45 pm: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്ത് വെളളം കയറിയിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ലെന്നാണ് വിവരം. അതിനാൽ തന്നെ പ്രവർതത്തനങ്ങൾ നിർത്തിവയ്ക്കില്ലെന്ന് സിയാൽ വക്താവ് പിഎസ് ജയൻ അറിയിച്ചിട്ടുണ്ട്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് പുറകുവശത്ത് വെളളം കയറിയ ഭാഗത്ത് നാട്ടുകാർ

2.30 pm: ഇപ്പോൾ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ നിന്നും സെക്കന്റിൽ ആറ് ലക്ഷം ലിറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ചെറുതോണിയിൽ നിന്നും പുറത്തേക്ക് വിടുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിക്കാനുളള നീക്കത്തിലാണ് അധികൃതർ. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ പുഴയുടെ ഇരു കരയിലും ഉളള കടകൾ ഒഴിപ്പിക്കാനുളള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.

പളളിവാസലിൽ പ്ലംജുഡി റിസോർട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ സാഹസികമായി രക്ഷപ്പെടുത്തി

 

2.20 pm: ഇപ്പോൾ 50 സെന്റിമീറ്റർ മാത്രം ഉയർത്തിയിരിക്കുന്ന ചെറുതോണി ഡാമിന്റെ ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകൾ ഒരു മീറ്റർ ഉയർത്താനുളള ആലോചനയിലാണ് അധികൃതർ. ഇതിന് അന്തിമ അനുമതി ലഭിച്ചിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഷട്ടറുകൾ കൂടുതൽ ഉയർത്തുക.

2.10 pm: അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി പുഴയിൽ വെളളം കുത്തിയൊഴുകുകയാണ്. ഇരുകരകളിലും ഉളളവർ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ ഭീഷണിയാവും. ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ ജലനിരപ്പ് 2401.60 അടിയാണ്. പെരിയാറിന്റെ ഇരു തീരത്തും ഉളളവർ 100 മീറ്റർ എങ്കിലും ദൂരേയ്ക്ക് മാറി നിൽക്കണം എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

2.00 pm: മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികൾ മനസിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തും. കേരളത്തിൽ നിന്നുളള എംപിമാരുടെ സംഘം ഇന്ന് രാവിലെ കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് കേരളത്തിന് സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Rajnath Singh, പിണറായി വിജയൻ, രാജ്നാഥ് സിംഗ്, സിപിഎം, ബിജെപി, സംഘർഷം, തിരുവനന്തപുരം അക്രമം,

1.46 pm: സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം എറണാകുളത്തെ സർക്കാർ ഒാഫീസുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കാൻ ജില്ല കളക്ടർക്ക് ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശം നൽകി.

1.30 pm: ചെറുതോണി പാലത്തിലേക്ക് വെള്ളം കയറുന്നു. മരങ്ങൾ കടപുഴകി വീഴുന്നു.

വീഡിയോ കടപ്പാട്: ഇടുക്കി വിഷൻ ചാനൽ

1.20 pm: ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am)മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. കടലോര മേഖലയിലുളളവർ കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

1.00 pm: ഇടുക്കി ചെറുതോണി അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും തുറന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സെക്കന്റിൽ ആറ് ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.

12.50 pm: ഇടുക്കി ചെറുതോണി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെളളത്തിന്റെ തോത് വർദ്ധിച്ചു. ചെറുതോണി പാലം മുങ്ങി. അതേസമയം ഇന്ത്യൻ നാവിക സേന വയനാട്ടിലെ പനമരത്ത് നിന്നും 50 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

12.40 pm: ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് ഭീതിയില്ല. ഇപ്പോൾ തമിഴ്‌നാട്ടിൽ മഴ കുറവായതിനാൽ ഇവിടെ നിന്നും തമിഴ്‌നാട് വെളളം എടുക്കുന്നുണ്ട്. ഇതിനാലാണ് ഭീതിയില്ലാത്തത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജലനിരപ്പ് 134.50 അടിയാണ്. സെക്കന്റിൽ 4167 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ തമിഴ്‌നാട് രണ്ട് പെൻ സ്റ്റോക് പൈപ് ലൈനിലൂടെയും 2000 ഘന അടി വെളളം കൊണ്ടുപോകുന്നുണ്ട്.

12.35 pm: പ്ലംജൂഡി റിസോർട്ടുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തുടക്കം. ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ് മറികടന്നാണ് റിസോർട്ട് പണിതതെന്ന് മാതൃഭൂമി ന്യൂസ്. എന്നാൽ റിസോർട്ടിൽ മണ്ണിടിച്ചിലുണ്ടായതിനെ നിസാരവത്കരിച്ച് എസ് രാജേന്ദ്രൻ എംഎൽഎ രംഗത്തെത്തി. എല്ലാ മഴക്കാലത്തും മണ്ണിടിച്ചിൽ പതിവാണെന്ന് അദ്ദേഹം പറഞ്ഞു. റിസോർട്ട് അടയ്ക്കാൻ ഇടുക്കി ജില്ല കളക്ടർ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഈ റിസോർട്ടിലാണ് ഇപ്പോൾ വിദേശികളടക്കം കുടുങ്ങിയിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് വഴി തകർന്നതിനാൽ പലർക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി.

Kerala Heavy Rain Live Updates: ഇന്ന് പുലർച്ചെ ഇടമലയാർ അണക്കെട്ടിന്റെ  ദൃശ്യം. ചിത്രം- അരുൺ ചന്ദ്ര ബോസ്/ ഫെയ്‌സ്ബുക്

12.20 pm: ഉച്ചയ്ക്ക് ശേഷം അണക്കെട്ടിൽ നിന്ന് സെക്കന്റിൽ 6 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളയുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

12.15 pm: ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. 5.21 ലക്ഷം ലിറ്റർ ജലമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഷട്ടറുകൾ ഉയർത്തിയതോടെ സെക്കൻഡിൽ 4,25,000 ലക്ഷം ലീറ്റർ (425 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും. മൂലമറ്റം പവർഹൗസിൽ 1,16000 ലിറ്റർ ജലം വൈദ്യുതോൽപ്പാദനത്തിനായി ഉപയോഗിക്കുന്നുണ്ട്. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തിയിരുന്നു. 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. 12 മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.50 അടിയാണു ജലനിരപ്പ്.

12.10 pm: മൂന്നാർ പളളിവാസലിലെ പ്ലംജൂഡി റിസോർട്ടിൽ കുടുങ്ങിയ വിദേശികളും സ്വദേശികളുമായ 30 ഓളം വിനോദസഞ്ചാരികളുമായി സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഫോണിലൂടെ സംസാരിച്ചു.

12.00 noon: മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 12 ലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. മഴക്കെടുതിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നതിനായി തലസ്ഥാനത്ത് തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

11.30 am: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 2401.46 അടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി മൂന്ന് ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിയാൽ അണക്കെട്ടിലെ ജലം നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇടുക്കിയിൽ പലയിടത്തും ഇപ്പോഴും മഴ തുടരുകയാണ്.

ചെറുതോണി അണക്കെട്ടിൽ നിന്നുളള വെളളം ചെറുതോണി പുഴയിലൂടെ ഒഴുകുന്നു. ചിത്രത്തിൽ കാണുന്നത് ചെറുതോണി പാലത്തിന്റെ ദൃശ്യം

10.45 am: ഇടമലയാർ അണക്കെട്ടിൽ നിന്നുളള ജലത്തിന്റെ അളവ് സെക്കന്റിൽ 500 ഘന മീറ്റർ അടിയായി കുറച്ചു. ഇടുക്കിയിലെ ചെറുതോണി അണക്കെട്ടിൽ നിന്നുളള വെളളം സെക്കന്റിൽ മൂന്ന് ലക്ഷമാക്കി ഉയർത്താനാണ് ആലോചന. ഇപ്പോഴിത് 1.25 ലക്ഷം ലിറ്ററാണ്.

Kerala Heavy Rain Live Updates: ചെറുതോണി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ വഴിയും വെളളം പുറത്തേക്ക് ഒഴുകുന്നു

10.30 am: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.34 അടിയായി ഉയർന്നു. 822 ക്യുമിക്സ് ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. പവർ ഹൗസിലേക്ക് 116 ക്യുമിക്സ് ജലം ഉപയോഗിക്കുമ്പോൾ 125 ക്യുമിക്സ് ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. ഇപ്പോൾ 40 സെന്റിമീറ്റർ ആയിരുന്നു ഷട്ടറുകൾ ഉയർത്തിയത്. എന്നാൽ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറുകൾ 80 സെന്റിമീറ്റർ വരെ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങിനെ വന്നാൽ നീരൊഴുക്ക് ശക്തമാവുകയും ചെയ്യും.

10.20 am: മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മരിച്ചത് 26 പേർ. മലപ്പുറം  ചെട്ടിയംപാറയിൽ മണ്ണിടിഞ്ഞ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് പേരിൽ  സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു.

നെടുമ്പാശേരി വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം വെളളമെത്തിയപ്പോൾ

10.11 am: പ്രളയബാധിത മേഖലകളിൽ അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആലുവയിൽ അറിയിച്ചു. രാവിലെ 9.30 ന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ ആലുവയിൽ അവലോകന യോഗം ചേർന്നിരുന്നു.

10.10 am: നെടുമ്പാശേരി വിമാനത്താവളത്തിൽ യാതൊരു പ്രശ്നവും ഇല്ലെന്ന് വക്താവ് പിഎസ് ജയൻ. പ്രവർത്തനങ്ങൾ യാതൊരു തടസവുമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Kerala Heavy Rain Live Updates: ആലുവ മണപ്പുറത്തിന്റെ ആകാശ കാഴ്ച. ചിത്രം/ ഫെയ്‌സ്ബുക്

10.00 am: ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്താൽ തീരുമാനിച്ചതായി ക്യാംപ് ഓഫീസർ യു.അബ്ദുൾ കരീം അറിയിച്ചു

9.55 am: ഇടുക്കി ജില്ലയിൽ വലിയ വാഹനങ്ങൾക്കും വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തി. ദുരന്ത നിവാരണ നിയമം 2005 ലെ 34ാം വകുപ്പ് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

9.50 am: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.2 അടിയായി ഉയർന്നു. 2403 അടിയാണ് അണക്കെട്ടിന്റെ ശേഷിയെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി എംഎം മണി. മൂലമറ്റം പവർഹൗസിൽ സെക്കന്റിൽ 1,16,000 ലിറ്റർ വെളളമാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ എടുക്കുന്നത്. 1,25,000 ലിറ്റർ പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. അതേസമയം 1,78,000 ലിറ്റർ ജലം അണക്കെട്ടിലേക്ക് അധികമായി എത്തിച്ചേരുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തിയായി തുടരുകയാണ്.

Kerala Heavy Rain Live Updates: ആലുവയുടെ ആകാശദൃശ്യം

9.40 am: ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും, ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ട് നേരത്തേ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി. ആശങ്കപ്പെടേണ്ട സാഹചര്യം അല്ല ഉളളതെന്ന് പറഞ്ഞ മന്ത്രി ഇടുക്കിയിൽ നിന്ന് പുറത്തേക്ക് വിടുന്ന വെളളത്തിന്റെ അളവ് ഉയർത്തുമെന്നും വിശദീകരിച്ചു.

9.30 am: ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം തിരുവനന്തപുരത്ത് തുടങ്ങി.

9.25 am: തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. വെഞ്ഞാറമൂട് പലവിളയിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. കിണറിടിഞ്ഞ് വീണാണ് അപകടം. സുരേഷ് കുമാർ (36) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ ചെട്ടിയംപാറയിൽ ഇന്നലെ കാണാതായ ആളുടെ മൃതദേഹം ലഭിച്ചു.

9.10  am: ഇടുക്കി അണക്കെട്ടിൽ നിന്ന് ഒരു സെക്കന്റിൽ പുറത്തേക്ക് ഒഴുകുന്ന വെളളത്തിന്റെ അളവ് 1,25000 ലിറ്ററാണ്. എന്നാൽ ഒരു സെക്കന്റിൽ 4,19,000 ലിറ്റർ വെളളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും ജലനിരപ്പ് ഉയരാൻ ഉളള സാഹചര്യങ്ങളാണ് എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറിയപ്പോൾ

9.00  am: ഇടുക്കി ജില്ലയിലെ മൂന്നാർ പള്ളിവാസലിൽ സ്ഥിതി ചെയ്യുന്ന പ്ലംജൂഡി റിസോർട്ടിനകത്ത് 30 ഓളം വിദേശികൾ കുടുങ്ങിക്കിടക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. ഇവർ താമസിക്കുന്ന റിസോർട്ടിന് സമീപത്ത് ഉരുൾപൊട്ടി വഴി തടസപ്പെട്ടതോടെയാണ് ഇത്. വിദേശികൾക്ക് പുറമെ മലയാളികളും ഗുജറാത്തിൽ നിന്നുളളവരും അടക്കം ഇവിടെയുണ്ട്.

8.45 am: കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്. കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും 22 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. സംസ്ഥാനത്തൊട്ടാകെ 24 അണക്കെട്ടുകളാണ് തുറന്നത്. പ്രശ്‌നം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

Kerala Heavy Rain Live Updates: മഴക്കെടുതിയ്ക്കിടെ നടന്ന രക്ഷാപ്രവർത്തനം

8.30 am: വയനാട് ജില്ലയിലെ കറുവ ദ്വീപിൽ അകപ്പെട്ട 21 പേരെ നാവിക സേനയുടെ സംഘം രക്ഷപ്പെടുത്തി. 17 പേരെ രക്ഷിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലത്തെ മഴയിലും ഉരുൾപൊട്ടലിലും വയനാട് ജില്ല തന്നെ ഒറ്റപ്പെട്ടിരുന്നു. മേഖലയിൽ പുഴയിലെ നീരൊഴുക്കിന്റെ ശക്തി കൂടിയത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചതായി നാവിക സേനാംഗങ്ങൾ അറിയിച്ചു.

Kerala Idukki Dam Water Level: ഇന്ത്യൻ നാവിക സേന വയനാട്ടിൽ എത്തിയപ്പോൾ

8.15 am: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതായാണ് ലഭിക്കുന്ന വിവരം. ശക്തമായ മഴയാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് തുടരുന്നത്. ഇതോടെ 2401.10 അടിയായി അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിച്ചു.

8.00 am: ജനങ്ങൾ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പുഴയിൽ ഇറങ്ങരുതെന്ന് സർക്കാർ മുന്നറിയിപ്പ്. ചെറു പാലങ്ങൾ മുറിച്ചു കടക്കാനോ, അതുവഴി വാഹനങ്ങളിൽ പോകുന്നതും ഒഴിവാക്കണം.

7.30 am: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. ഇതിലൂടെ സെക്കന്റിൽ  1,20,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 2401 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

7.00 am: എറണാകുളത്തും ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് കനത്ത മഴക്ക് നേരിയ ശമനമുണ്ട്.  പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി നൽകിയിട്ടുണ്ട്. മഴക്കെടുതി വിലയിരുത്താൻ മന്ത്രി എ.കെ.ബാലന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

6.30 am: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് വർദ്ധിച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ കാടുകളില്‍ തുടർച്ചയായി പെയ്ത മഴയും, പെരിങ്ങല്‍കുത്ത്, ഷോഷയാര്‍ അണക്കെട്ടുകൾ തുറന്നുവിട്ടതും ജലനിരപ്പുയരാന്‍ കാരണമായി.  വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. വയനാട്ടിൽ രാത്രിയിലും കനത്ത മഴ തുടർന്നു.

Kerala Heavy Rain Live Updates: പ്രളയക്കെടുതിയിൽ തകർന്ന വീട്

6.00 am: കക്കി ആനത്തോട് അണക്കെട്ട് തുറന്ന സാഹചര്യത്തിൽ കുട്ടനാട് വീണ്ടും പ്രളയ ഭീതിയിലായി.ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് കൂടാതെ അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു.   പമ്പ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു.  ആനത്തോട് അണക്കെട്ട് തുറന്നത് പമ്പ നദിയിൽ ജലനിരപ്പ് ഉയർത്തിയിരുന്നു. എന്നാൽ പമ്പ അണക്കെട്ട് കൂടി തുറക്കേണ്ടി വന്നാൽ ജലനിരപ്പ് മൂന്നര മീറ്ററോളം ഉയരും.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rains landslides floods idukki dam live updates

Next Story
ആരാധനാലയങ്ങളില്‍ പ്രസാദവിതരണത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com