ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലുള്ള കുട്ടനാട്ടു‍കാര്‍ വീടുകളിലേക്ക് തിരിച്ച് പോവാനാവാതെ ആശങ്കയില്‍. വീടുകളില്‍ നിന്നും വെള്ളം ഇറങ്ങാത്തതാണ് ഇവരെ ക്യാംപുകളില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില വീടുകളിലേക്ക് ജനങ്ങള്‍ തിരികെ എത്തിയെങ്കിലും വീടുകളിലെ വെള്ളം കാരണം തിരികെ പോയി, വീട്ടുപകരണങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. മിക്ക വീടുകളിലേക്കും എത്തണമെങ്കില്‍ നീന്തണമെന്നതാണ് അവസ്ഥ. വീണ മടകള്‍ കുത്തിനിര്‍ത്താതെ ഇവിടങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോകില്ലെന്നാണ് കുട്ടനാട്ടുകാര്‍ പറയുന്നത്.

അതേസമയം മഴക്കെടുതിയില്‍ വീടിനും വീട്ടുസാധനങ്ങള്‍ക്കും നാശനഷ്‌ടമുണ്ടായവര്‍ക്കുള്ള അടിയന്തര ധനസഹായം 3,800 രൂപയായി ഉയര്‍ത്തി. നേരത്തേ ഇത്‌ 1,000 രൂപയായിരുന്നു. ജില്ലാ കലക്‌ടര്‍മാരുടെ ദുരന്തപ്രതികരണനിധിയില്‍ നിന്നാണ്‌ 2,800 രൂപ അധികമായി നല്‍കുന്നത്‌.

വെള്ളത്തിലായ വീടുകളില്‍നിന്ന്‌ മാറി ധരിക്കാനുള്ള വസ്‌ത്രം പോലും എടുക്കാന്‍ കഴിയാതെപോയവര്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്‌. ആദ്യം അനുവദിച്ച 1000 രൂപ നല്ലൊരു വസ്‌ത്രം വാങ്ങാന്‍ പോലും തികയില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ എല്ലാ സഹായങ്ങളും എത്തിക്കുന്നുണ്ടെന്ന്‌ മന്ത്രിമാര്‍ പറയുമ്പോഴും ദുരിതത്തിന്‌ അറുതിയായിട്ടില്ല. അടിയന്തര സഹായമായി അനുവദിച്ച തുക ഒന്നിനും തികയില്ലെന്നും സര്‍ക്കാര്‍ സഹായം പരിമിതമാണെന്നും തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത സ്‌ഥിതിയാണെന്നും മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രിയോടു ദുരിതബാധിതര്‍ പരാതിപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ്‌ കേന്ദ്രമന്ത്രി കിരണ്‍ റിജിജു അടിയന്തരമായി 80 കോടി അനുവദിച്ചത്‌.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ