Kerala Rains: തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അടയ്ക്കുകയും കേരളത്തിലെ റോഡ് ഗതാഗതവും ട്രെയിൻ ഗതാഗതവും താറുമാറുകയും ചെയ്ത സാഹചര്യത്തിൽ വിമാന ടിക്കറ്റുകൾക്ക് തീവില. വിമാന യാത്രാനിരക്കിൽ മണിക്കൂറുകൾക്കുളളിലാണ്  വന്‍ വർധനവുണ്ടായിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ​താൽക്കാലികമായി നിർത്തിവച്ച സാഹചര്യത്തിലാണ് വിവിധ വിമാനക്കമ്പനികൾ തിരുവനന്തപുരത്ത് നിന്നുളള  യാത്രക്കാരെ പിഴിയാൻ  ആരംഭിച്ചത്.

തിരുവനന്തപുരത്തു നിന്നും​ മെട്രോ നഗരങ്ങളിലേക്കുള്ള വിമാനയാത്രാനിരക്കുകൾ പത്തിരട്ടിയോളം വർധിച്ചതായാണ് ബുക്കിങ് സൈറ്റുകളിൽ കാണാൻ കഴിയുന്നത്. തിരുവനന്തപുരത്തു നിന്നും ബെംഗളൂരു, മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രാനിരക്കുകളിലാണ് വമ്പിച്ച വർധന ഉണ്ടായിക്കുന്നത്.

ഓഗസ്റ്റ് 16-ാം തീയതിയിലെ നിരക്കുകൾ


തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്കുള്ള നോൺ സ്റ്റോപ്പ് ഫ്ളൈറ്റുകൾക്കും മൾട്ടി സ്റ്റോപ്പ് ഫ്ളൈറ്റുകൾക്കും 8,697 മുതൽ 19,334 രൂപ വരെയാണ് നിരക്ക് കാണിക്കുന്നത്. തിരുവനന്തപുരം- ഡൽഹി യാത്രാനിരക്ക് 7,768 – 15,516 രൂപയാണ്. മുംബൈയിലേക്കുള്ള നിരക്ക് 7,658 മുതൽ 19,334 രൂപയായും ഉയർന്നു. തിരുവനന്തപുരം- ചെന്നൈ ഫ്ളൈറ്റുകൾക്ക് 12,567 – 49,328 രൂപ വരെ യാത്രാനിരക്കു കാണുന്നുണ്ട്. തിരുവനന്തപുരം- ഹൈദരാബാദ് ഫ്ളൈറ്റുകൾക്ക് 11,202 – 46,956 രൂപ വരെയാണ് യാത്രാനിരക്ക്.

ഓഗസ്റ്റ് 17-ാം തീയതിയിലെ നിരക്കുകൾ

തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്കുള്ള നോൺ സ്റ്റോപ്പ് ഫ്ളൈറ്റുകൾക്കും മൾട്ടി സ്റ്റോപ്പ് ഫ്ളൈറ്റുകൾക്കും 16,758 മുതൽ 29, 414 രൂപ വരെയാണ് നിരക്ക് കാണിക്കുന്നത്. തിരുവനന്തപുരം- ഡൽഹി യാത്രാനിരക്ക് 17,727- 34,784 രൂപയാണ്. മുംബൈയിലേക്കുള്ള നിരക്ക് 14,785 രൂപയായും ഉയർന്നു. മുംബൈയിലേക്ക് എക്കോണമി സീറ്റുകളിൽ രണ്ടെണ്ണം മാത്രമേ ബാക്കിയുള്ളൂ. 36,312 രൂപ മുതലാണ് മുംബൈയിലേക്കുള്ള ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റുകളുടെ നിരക്ക് ആരംഭിക്കുന്നത്. തിരുവനന്തപുരം- ചെന്നൈ ഫ്ളൈറ്റുകൾക്ക് 10,851- 51,044 രൂപ വരെ യാത്രാനിരക്കു കാണുന്നുണ്ട് . തിരുവനന്തപുരം- ഹൈദരാബാദ് ഫ്ളൈറ്റുകൾക്ക് 32,302 – 45,799 രൂപ വരെയാണ് യാത്രാനിരക്ക്.

പ്രധാന ബുക്കിങ് സൈറ്റുകളായ മെയ്ക്ക് മൈ ട്രിപ്പ്, യാത്ര ഡോട് കോം,ക്ലിയർ ട്രിപ്പ് ഡോട് കോം എന്നിവയിൽ ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് കണ്ട നിരക്കാണ് ഇത്. എയർ ഇന്ത്യ, ജെറ്റ് എയർവേഴ്സ്,​ ഇൻഡിഗോ എന്നീ എയർലൈനുകളുടെ ഫ്ളൈറ്റുകൾക്കെല്ലാം ഏതാണ്ട് സമാനമായ നിരക്കുകളാണ് കാണാൻ കഴിയുന്നത്.

ചെങ്കൽത്തോട്ടിൽ നിന്നും വെള്ളം റൺവേയിലേക്ക് കയറി കൊച്ചി വിമാനത്താവളം നാലുദിവസത്തേക്ക് അടച്ചതിനെ തുടർന്നുണ്ടായ പശ്ചാത്തലത്തിലാണ് യാത്രാനിരക്കുകളിലെ ഈ വർധന. നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നാവും ഈ ദിവസങ്ങളിൽ സർവീസ് നടത്തുക. മിക്ക എയർലൈൻസുകളിലും എക്കോണമി ക്ലാസ്സ് ടിക്കറ്റുകൾ പൂർണമായും വിറ്റു പോയിരിക്കുന്നു. ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റുകൾ മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. ബിസിനസ് ക്ലാസുകളുടെ കൂടിയ നിരക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്.

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ, കൊച്ചിയിലേക്കുള്ള ചെറിയ വിമാനങ്ങൾ കഴിവതും പഴയ വിമാനത്താവളത്തിൽ ഇറക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സിവിൽ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ തങ്ങൾക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് നാവിക സേന അധികൃതർ അറിയിച്ചു. നാവിക സേനയുടെ നിയന്ത്രണത്തിലാണ് പഴയ വിമാനത്താവളം.

ഇതേസമയം, കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാൽ​ വിമാനത്താവളം അടച്ചത് കാരണം യാത്രമാറ്റി വച്ചവർക്ക്  പണം തിരികെ കൊടുക്കാമെന്ന് ചില എയർലൈനുകൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.

അതേസമയം, കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമുള്ള യാത്രാനിരക്കുകളിൽ വലിയ വർധനവ് കാണുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.