കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വിശ്രമമില്ലാതെ ഓടുകയാണ് ഒരു കൂട്ടം ആളുകള്‍. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കു വേണ്ടി കേരളം മുഴുവന്‍ കൈ കോര്‍ക്കുമ്പോള്‍ കൊച്ചിയിലെ ഓരോ ക്യാമ്പിലേക്കും ആവശ്യമായ സാധന സാമഗ്രികള്‍ ശേഖരിക്കുന്ന തിരക്കിലാണ് ‘അന്‍പോടു കൊച്ചി’ എന്ന കൂട്ടായ്മ. ജില്ലാ ഭരണകൂടവും സഹായത്തിനുണ്ട്.

ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം എന്നിവര്‍ക്കൊപ്പം സിനിമാ താരങ്ങളായ ഇന്ദ്രജിത്, പൂര്‍ണിമ ഇന്ദ്രജിത്, പാര്‍വ്വതി, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍, സരയു തുടങ്ങിയവരും അവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.

2015ലെ ചെന്നൈയിലെ പ്രളയകാലത്താണ് ‘അൻപോട് കൊച്ചി’ എന്ന സംഘടനയുടെ തുടക്കം. ദുരന്തങ്ങൾ വരുന്നതുപോലെ മുന്നറിയിപ്പില്ലാതെയായിരുന്നു ദുരിത ബാധിതരെ സഹായിക്കാനുള്ള ഈ കൈകളും നീണ്ടത്. ഇന്ദ്രജിത്തും പൂർണിമയുമാണ് ഈ ആശയത്തിനു പിന്നിൽ. ഇരുവരും ചേർന്ന് ഉടൻ ഫെയ്സ്ബുക്ക് പേജ് തുടങ്ങി. പിന്നീട് ഇതിലേക്ക് സന്നദ്ധപ്രവർത്തകർ വന്നു ചേരുകയായിരുന്നു.

Read More: ട്രോളുകള്‍ നോക്കാന്‍ നേരമില്ല, മല്ലികയുടെ ‘മക്കള്‍’ ഇവിടെയുണ്ട്

ചെന്നൈയിലെ ദുരിത ബാധിതർക്കാവശ്യമായ ഭക്ഷണം,വെള്ളം, വസ്ത്രങ്ങള്‍,എമര്‍ജന്‍സി ലൈറ്റുകള്‍, പാത്രങ്ങള്‍, മെഴുകുതിരികള്‍, സാനിട്ടറി നാപ്കിന്‍, ഡയപ്പര്‍ തുടങ്ങിയ സാധനങ്ങളെല്ലാം പാക്ക് ചെയ്താണ് കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് ഇവർ അയച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ അനേകം പേര്‍ ‘അന്‍പോടു കൊച്ചി’ക്കൊപ്പമുണ്ട്.

ഇത്തവണയും കാര്യങ്ങൾ അങ്ങനെ തന്നെ. മുഴുവന്‍ സമയവും സാധനങ്ങള്‍ എടുക്കാനും കൊടുക്കാനും വരുന്നവരുടെ തിരക്കാണവിടെ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് തങ്ങളാലാകുന്ന സഹായങ്ങളുമായി സ്റ്റേഡിയത്തില്‍ എത്തുന്നത്. ഓരോ മുഖങ്ങളിലും ആശങ്കയുണ്ട്, പരിഭ്രാന്തിയുണ്ട് അതിനപ്പുറം ജീവനൊഴിച്ച് മറ്റെല്ലാം നഷ്ടപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാനുള്ള മനസുണ്ട്.

“ഒരുപാടൊന്നും ഉണ്ടായിട്ടല്ല, എന്നാലും നമ്മളെക്കൊണ്ട് കഴിയുന്നത് കൊടുക്കാമല്ലോ എന്നേ കരുതിയുള്ളൂ. ഇവിടെ കൊണ്ടുവന്നു കൊടുത്താല്‍ ക്യാമ്പുകളില്‍ എത്തിക്കും എന്നറിഞ്ഞു. അതാ രാവിലെ തന്നെ വന്നത്. കുറച്ച് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും, സാനിറ്ററി നാപ്കിനുമൊക്കെയാണ്,” സാധനങ്ങളുമായി എത്തിയ കൊച്ചിക്കാരായ ഒരു അമ്മയും മകളും പറയുന്നു.

ഇതിനിടയില്‍ ‘അന്‍പോടു കൊച്ചി’യില്‍ സംഭരിക്കാന്‍ കഴിയാത്തത്ര ഭക്ഷണ സാധനങ്ങള്‍ എത്തുന്നുണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് വൊളണ്ടിയറായ ശ്രീജിത്ത് പറയുന്നത്.

“സത്യത്തില്‍ ഞങ്ങള്‍ക്കിവിടെ സാധനങ്ങള്‍ക്ക് ഷോര്‍ട്ടേജാണ്. പ്രചരിക്കുന്ന സന്ദേശങ്ങളൊക്കെ തെറ്റാണ്. ആളുകള്‍ സാധനങ്ങളുമായി എത്തുന്നുണ്ട്. എല്ലാം ഞങ്ങള്‍ സംഭരിക്കുന്നുമുണ്ട്. പല സാധനങ്ങള്‍ക്കും ദൗര്‍ലഭ്യമുണ്ട്. പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങള്‍ക്ക്. മരുന്നുകളും ആവശ്യമുണ്ട്. കൊച്ചിയിലെ മാത്രമല്ല, കേരളത്തിലെ എല്ലാ ക്യാമ്പുകളിലും ഭക്ഷണ സാധനങ്ങള്‍ ആവശ്യത്തിനില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. മഴ കാരണം പാലൊന്നും വരുന്നില്ല. പല സാധനങ്ങളും കടകളില്‍ പോലും ലഭിക്കുന്നില്ല. അതാണ് അവസ്ഥ,” ശ്രീജിത്ത് പറയുന്നു.

Anbodu Kochi

ക്യാമ്പുകളിലേക്ക് നല്‍കുന്ന സാധനങ്ങള്‍ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഇന്നു മുതല്‍ തഹസില്‍ദാരുടേയോ ക്യാമ്പുകളുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും കത്തുമായി വന്നാലേ സാധനങ്ങള്‍ നല്‍കുന്നുള്ളൂവെന്നും ശ്രീജിത് പറയുന്നു.

“ഒരുപാട് ആളുകള്‍ സാധനങ്ങള്‍ എടുക്കാന്‍ വരുന്നുണ്ട്. ഷോര്‍ട്ടേജ് ഉള്ളതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് സാധനങ്ങള്‍ നല്‍കുന്നത്. അര്‍ഹതപ്പെട്ടവരുടെ കൈയ്യില്‍ തന്നെ എത്തണമല്ലോ. ഞങ്ങള്‍ കൊണ്ടു കൊടുക്കാറില്ല, ആവശ്യമുള്ളവര്‍ വണ്ടിയുമായി വന്ന് ഇവിടെ നിന്നും എടുത്തു കൊണ്ട് പോകുകയാണ് ചെയ്യുന്നത്. ഇന്നു മുതല്‍ കത്തു കൂടി വേണം,” ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് സംസാരിക്കുന്നതിനിടെ സാധനങ്ങള്‍ എടുക്കാനും കൊടുക്കാനുമെത്തുന്നവരോട് കാര്യങ്ങള്‍ അന്വേഷിക്കന്നുമുണ്ട് ശ്രീജിത്.

നടിമാരായ പാർവ്വതി ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യം കൂടിയാണ് ‘അൻപോടു കൊച്ചി’യെ മുഖ്യധാരയിൽ എത്തിച്ചത്. കൂട്ടായ്മയിലേക്ക് സഹായ സഹകരണങ്ങൾ ആവശ്യപ്പെട്ട് പാർവ്വതിയും റിമയും രമ്യയും പൂർണിമയുമെല്ലാം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനിടയില്‍ സിനിമാ താരങ്ങള്‍ ഉണ്ടെന്നറിഞ്ഞെത്തുന്നവരെ ഒരുതരത്തിലും അവർ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം അവിടെ താരങ്ങളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് ഓരോരുത്തരും ജോലി ചെയ്യുന്നത്. എല്ലാവരുടേയും ലക്ഷ്യം ഒന്നു മാത്രം.

Read More: ‘അന്‍പോടു കൊച്ചി’ക്കൊപ്പം കൈ കോര്‍ത്ത് താരങ്ങളും

എറണാകുളം ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 50,000ത്തില്‍ അധികം ആളുകള്‍ താമസിക്കുന്നുണ്ടെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകളുടേയും കുട്ടികളുടേയും അടിവസ്ത്രങ്ങള്‍, സ്ത്രീകള്‍ക്കായുള്ള സാനിറ്ററി പാഡുകള്‍, മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കുമുള്ള ഹോട്ട് വാട്ടര്‍ ബാഗുകള്‍, മരുന്നുകള്‍ എന്നിവ വളരെ അത്യവശ്യമാണെന്നാണ് ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുവരില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ