ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈതാങ്ങുമായി ഭക്ഷ്യവിതരണ കമ്പനികളും. ജനങ്ങൾക്ക് സഹായം എത്തിക്കാനുളള ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കമ്പനികള്‍ പൂർണ പിന്തുണ ഉറപ്പുനല്‍കി.

കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം ലഭ്യമാക്കുന്നതിന് ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുന്നതിനായാണ് കേന്ദ്ര ഭഷ്യസംസ്‌കരണ വ്യവസായ മന്ത്രി ഹര്‍ സിമ്രത് ബാദല്‍ ഭക്ഷ്യസംസ്‌കരണ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയത്. ഐടിസി, കൊക്കകോള, പെപ്സി, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍, ഡാബര്‍, എംടിആര്‍, നെസ്‌ലേ, ബ്രിട്ടാനിയ, മാരിക്കോ മുതലായ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

”ഓരോ സ്ഥാപനങ്ങളും വെവ്വേറെ വ്യക്തിപരമായി പരിശ്രമിക്കുന്നതിന് പകരം കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിനുള്ള ഏകോപിതമായ പരിശ്രമമാണ് ആവശ്യമെന്ന്” മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഗവണ്‍മെന്റുമായും ജില്ലാ ഉദ്യോഗസ്ഥരുമായും അവരുടെ ആവശ്യങ്ങള്‍ അറിയുന്നതിനായി തന്റെ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ബാദല്‍ പറഞ്ഞു.

പിണറായി വിജയനുമായി സംസാരിക്കുകയും ദുരന്തത്തിലുള്ള ദുഃഖം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും എല്ലാ സഹായവും സംസ്ഥാന ഗവണ്‍മെന്റിന് വാഗ്‌ദാനവും ചെയ്തു. അടിയന്തരമായി എന്ത് സഹായമാണ് ആവശ്യം എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് ശിശുക്കള്‍ക്ക് വേണ്ട ബേബി ഫുഡാണ് അടിയന്തിമായി വേണ്ടെതെന്ന് അദ്ദേഹം അറിയിച്ചു. ഈ ആവശ്യം ഭക്ഷ്യസംസ്‌കരണ കമ്പനികളെ കേന്ദ്രമന്ത്രി അറിയിക്കുകയും ചെയ്തു.

കമ്പനികൾ ഇതിനകം നല്‍കിക്കഴിഞ്ഞതും രണ്ടുദിവസത്തിനുള്ളില്‍ നല്‍കാമെന്ന് വാഗ്‌ദാനം ചെയ്തതുമായ ചില സംഭാവനകള്‍

കോക്ക്: 1.4 ലക്ഷം ലിറ്റര്‍ പാക്ക് ചെയ്ത കുടിവെള്ളം വിതരണം ചെയ്തു. 1 ലക്ഷം ലിറ്റര്‍ പാക്ക് ചെയ്ത കുടിവെള്ളം രണ്ടുദിവസത്തിനുള്ളില്‍ നല്‍കും. ഇതില്‍ 20,000 ബോട്ടിലുകള്‍ നാളെ നല്‍കും.

ബ്രിട്ടാനിയ: 2.10 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റ് (6.5 ടണ്‍) കൊച്ചിയില്‍ വിതരണം ചെയ്തു. 1.25 ലക്ഷം പാക്കറ്റ് ബിസ്ക്കറ്റുകള്‍ മലപ്പുറത്തും വയനാടും വിതരണം ചെയ്തു. ·1.25 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റുകള്‍ അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിതരണം ചെയ്യും. ബണ്ണുകളുടെ 3,000വും ബിസ്‌ക്കറ്റിന്റെ 10,000ഉം പാക്കറ്റുകള്‍ മധുരയില്‍ നിന്നും വിതരണം ചെയ്യും.

ബിക്കാനീര്‍വാല: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് 1 മെട്രിക് ടണ്‍ നംകീന്‍ (1 ലക്ഷം പാക്കറ്റുകള്‍) വിതരണത്തിന്
എംടിആര്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. 35,000 റെഡി ടു ഈറ്റ് പാക്കറ്റുകള്‍ വയനാട്ടില്‍ വിതരണം ചെയ്തു.

നെസ്‌ലേ: മാഗിയുടെ 90,000 പാക്കറ്റുകള്‍, 2 ലക്ഷം പാക്കറ്റ് മഞ്ച്, 1100 പാക്കറ്റ് കോഫി, 25000 യുഎച്ച്ടി പാല്‍ എന്നിവ വിതരണം ചെയ്തു. മാഗിയുടെ 40,000 പാക്കറ്റുകള്‍, 1 ലക്ഷം മഞ്ച്, 1100 പാക്കറ്റ് കോഫി, 2,500 യുഎച്ച്ടി പാല്‍ എന്നിവയോടൊപ്പം 30,000 പാക്കറ്റ് റെഡി ടു ഡ്രിങ്ക് മിലോയും, 10,000 പാക്ക് സെറിഗോയും വിതരണം ചെയ്യും.

ഡാബര്‍: 30,000 മുതല്‍ 40,000 ലിറ്റര്‍ ടെട്രാപാക്കിലുള്ള ജ്യൂസുകള്‍. 10,000 ട്യൂബ് ഓഡമോസ്.

പെപ്‌സികോ: 6.78 ലക്ഷം ലിറ്റര്‍ പാക്കറ്റ് കുടിവെള്ളം, 10,000 കിലോ ക്വാക്കര്‍ ഓട്‌സ്.

ജിഎസ്കെ: 10 ലക്ഷം രൂപ വിലവരുന്ന ദുരിതാശ്വാസ വസ്തുക്കള്‍, ഒരു ലക്ഷം പാക്കറ്റ് ഹോര്‍ലിക്‌സും ഒരു ദശലക്ഷം ക്രോസിന്‍ ഗുളികകളും വിതരണം ചെയ്യും.

ബാഗ്രീസ് ഇന്ത്യാ ലിമിറ്റഡ്: 10,000 പാക്കറ്റ് ഓട്ട്‌സ് (2 മെട്രിക് ടണ്‍) വിതരണം ചെയ്യും.

ഐടിസി: 3.30 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റ്, 2000 ബോട്ടില്‍ സാവ്‌ലോണ്‍, 3000 പാക്കറ്റ് ഡയറി വൈറ്റ്‌നര്‍ (പാല്‍പ്പൊടി), 9000 പാക്കറ്റ് ഹാന്‍ഡ് വാഷ്, 7000 സോപ്പുകള്‍

പെര്‍നാര്‍ഡ് റിക്കോര്‍ഡ് ആന്റ് കാര്‍ഗില്‍: അമുലുമായി ചേര്‍ന്ന് പാല്‍പ്പൊടിയും ബേബിഫുഡും നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി.

മാരിക്കോ: 30 മെട്രിക് ടണ്‍ ഓട്ട്‌സ് വിതരണം ചെയ്യാമെന്ന് ഉറപ്പുനല്‍കി.

മൊണ്‍ഡേല്‍സ് ഇന്ത്യാ ഫുഡ് ലിമിറ്റഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്യും.

ഹിന്ദുസ്ഥാന്‍ യുണി ലിവര്‍: 9,500 പെട്ടി ഉപ്പ്, 29,000 പെട്ടി ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, 1,000 പെട്ടി കെച്ചപ്പ്, 250 പെട്ടി സ്‌പൈസ് മിക്‌സ് മസാല ഉള്‍പ്പെടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം വിതരണം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.