കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. വയനാട് ജില്ല കലക്ട്രേറ്റിൽ ചേർന്ന മഴക്കെടുതി അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇത് പ്രഖ്യാപിച്ചത്.

വീടുകൾ നഷ്ടപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമ്മിച്ച് നൽകും. സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയാണ് സഹായധനം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകും. രേഖകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക അദാലത്തുകൾ വിളിച്ചുചേർത്ത് രേഖകൾ അനുവദിക്കും.

സംസ്ഥാനത്ത് ഇതുവരെ 29 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയാണ് സഹായധനമായി നൽകുക. ഇതിന് പുറമെ ദുരിതാശ്വാസ ക്യാംപിൽ എല്ലാവിധ സഹായ സജ്ജീകരണങ്ങളും സർക്കാർ ഏർപ്പെടുത്തുന്നുണ്ട്.

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് ഒരു കുടുംബത്തിന് 3800 രൂപയാണ് സഹായം നൽകാൻ തീരുമാനിച്ചത്. ഇവർക്ക് സൗജന്യ റേഷനും നൽകും. സംസ്ഥാനത്ത് 439 ദുരിതാശ്വാസ ക്യാംപുകളാണ് ഉളളത്. 53,501 പേരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കഴിയുന്നത്. എറണാകുളം ജില്ലയിൽ മാത്രം 78 ക്യാംപുകളിലായി 10531 പേർ കഴിയുന്നുണ്ട്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്. നാല് പേരെ കാണാതായിട്ടുണ്ട്. പാലക്കാടും എറണാകുളത്തും രണ്ട് പേർ വീതവും മലപ്പുറത്ത് ആറ് പേരും മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇവിടെ 12 പേർക്കാണ് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടത്.

വയനാട്ടിൽ നാല് പേർക്ക് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടമായി. കണ്ണൂരിൽ രണ്ട് പേർ മരിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരാളാണ് മരിച്ചത്. സംസ്ഥാനത്ത് നാല് പേരെ ഒഴുക്കിൽപെട്ട് കാണാതായിട്ടുണ്ട്. 21 പേർക്ക് പരിക്കേറ്റു. അതേസമയം നൂറ് കണക്കിന് വീടുകൾക്കാണ് സംസ്ഥാനത്ത് കേടുപാടുകൾ സംഭവിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.