തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത പേമാരി, ഉരുൾപൊട്ടൽ വെളളപ്പൊക്കം എന്നീ ദുരന്തങ്ങളെ നേരിടാൻ എല്ലാവരും അതീവശ്രദ്ധ പുലർത്തണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. ആഴ്ചകളായി തോരാതെ പെയ്യുന്ന മഴയെ തുടർന്ന് സംസ്ഥാനത്തെ ജലസംഭരണികളും പുഴകളുമൊക്കെ നിറഞ്ഞു കവിയുകയും ഒട്ടേറെ ദുരന്തങ്ങൾ സൃഷ്ടിക്കുകയും ചെയ്തു കഴിഞ്ഞു. സംസ്ഥാനത്തെ പതിനാല് ജില്ലകളും ജാഗ്രത നിർദ്ദേശത്തിന്റെ പരിധിയിലാണ് ഇപ്പോൾ.

 

തലസ്ഥാന ജില്ലയും കൊല്ലവും ഒഴികെയുളള​ പന്ത്രണ്ട് ജില്ലകളും അതിതീവ്രജാഗ്രത നിർദ്ദേശമായ റെഡ് അലർട്ട് പരിധിയിലായിക്കഴിഞ്ഞു. അവശേഷിക്കുന്ന രണ്ട് ജില്ലകളും അതിജാഗ്രത നിർദ്ദേശമായ ഓറഞ്ച് അലർട്ടിലുമാണ്.

 

ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണിവരെയുളള യാത്രകൾ കഴിവതും ഒഴിവാക്കണം.

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ ശ്രദ്ധിക്കണം

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേയ്ക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.