കൊച്ചി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരപ്രകാരം കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 18 വരെ ലഭിച്ചത് 2344.84 മില്ലീ മീറ്റര്‍ മഴ. സാധാരാണയായി 1669.3 മില്ലീ മീറ്ററാണ് ലഭിക്കാറ്. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടരമാസത്തിനിടെ 42.17 ശതമാനത്തിന്റെ അധികലഭ്യതയാണെന്നാണ് കണക്കുകള്‍ പറയുന്നത്.

എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, മലപ്പുറം ഉള്‍പ്പെടെ പത്തു ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിട്ടുള്ളത്. അതില്‍ തന്നെ ഇടുക്കിയിലാണ് കണക്കുകള്‍ പ്രകാരം മഴയുടെ ലഭ്യത കൂടുതല്‍. സാധാരണയെക്കാള്‍ 70 ശതമാനമാണ് കൂടുതല്‍ മഴ ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ലഭിച്ച മഴയുടെ അളവ് 2664.9 മില്ലീ മീറ്ററാണ്. എന്നാല്‍ കഴിഞ്ഞ രണ്ടരമാസം മാത്രം ലഭിച്ചത് 2344.84 മില്ലീ മീറ്ററും.

കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ കേരളത്തിന് ലഭിച്ചത് 1855.9 മില്ലീ മീറ്റര്‍ മഴയായിരുന്നു. സാധാരഗതിയില്‍ 2039.7 മില്ലീ മീറ്റര്‍ ലഭിക്കേണ്ടിയിരുന്നിടത്താണിത്. അതായത് ഒമ്പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവര പ്രകാരം സാധാരണയായി ലഭിക്കുന്ന മഴയെക്കാള്‍ 19 ശതമാനം കൂടുതലോ കുറവോ മഴ ലഭിക്കുകയാണെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ടതില്ല.

തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഈ വര്‍ഷം ലഭിച്ചത് 346.7 മില്ലീമീറ്റര്‍ മഴയാണ്. സാധാരണഗതിയില്‍ 440.6 മില്ലീ മീറ്ററാണ് ലഭിക്കാറ്. ഇത്തവണ 21 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ സാധാരണ അളവിലും 12 സംസ്ഥാനങ്ങളില്‍ കുറവ് മഴയും ലഭിച്ചപ്പോള്‍ കേരളത്തിലാണ് ഇക്കുറി ഏറ്റവുമധികം മഴ ലഭിച്ചതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

കേരളത്തില്‍ അവസാനമായി ജൂണ്‍ മുതല്‍ സെപ്തംബര്‍ മാസങ്ങള്‍ക്കിടെ അധികമഴ ലഭിച്ചത് 2013ലായിരുന്നു. 2561.2(26ശതമാനം) മില്ലി മീറ്ററായിരുന്നു അന്ന് ലഭിച്ചത്. എല്ലാ റെക്കോര്‍ഡുകളേയും ഭേദിക്കുന്ന തരത്തിലാണ് ഇക്കുറി കേരളത്തില്‍ ലഭിക്കുന്ന മഴ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook