കൊച്ചി: കേരളത്തിന് മുകളിൽ വീണ്ടും ദുരിതകാലത്തിന്റെ ഭീതി വിടർത്തി കാലാവസ്ഥ കൂടുതൽ മോശമാകുന്നു. നാളെയോടെ ലക്ഷദ്വീപിന് സമീപത്ത് ന്യൂനമർദ്ദം കൂടുതൽ ശക്തമാകും. ലക്ഷദ്വീപിന് സമീപം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.  കേരള തീരത്തും അതിശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കടലിലുളള മത്സ്യത്തൊഴിലാളികൾ ഇന്നു തന്നെ തീരത്ത് മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ സുരക്ഷിതമായ കരപ്രദേശത്തേക്ക് ഏറ്റവും വേഗം നീങ്ങണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

കനത്ത മഴയാണ് ഇടുക്കി ജില്ലയിലാകെ പെയ്യുന്നത്. ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 129.10 അടിയായി ഉയർന്നിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിനെ തുടർന്നു അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കൂടി. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് കരുതുന്നത്.

മൂന്നാറിൽ മഴ അതിശക്തമാണ്. വ്യാഴാഴ്ച രാവിലെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴയാണ്. ഹൈറേഞ്ച് മേഖലകളിൽ  ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്.  മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി ഉടൻ ഉയർത്താൻ തീരുമാനമായിട്ടുണ്ട്. നീലക്കുറിഞ്ഞി  കാണാൻ മൂന്നാറിലേക്ക് നാളെ മുതൽ ആരെയും കയറ്റിവിടില്ല.

മലമ്പുഴ അണക്കെട്ട് ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും.  അണക്കെട്ടിൽ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയർന്നതോടെയാണ് ഈ തീരുമാനം.  നാലു ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തും. കൽപാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. 115.06 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിർദേശവുമുണ്ട്.  മിക്ക ജില്ലകളിലും അഞ്ചു മുതൽ ഏഴു വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകും. ഇടുക്കിയിൽ നാലു മുതൽ ആറു വരെ തീയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.