തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 8) മുതല് 12 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ- വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ – ഛത്തിസ്ഗഢ് മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താലായിരിക്കും സംസ്ഥാനത്ത് മഴ ശക്തമാകുക.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഓഗസ്റ്റ് 7 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.