കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- മേയ് 24: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി
- 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്
- 26: ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി
- 27: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി
- 28: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി
കൊച്ചി നഗരത്തിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ്, ബസ് സ്റ്റാൻഡ് പരിസരം, ഉദയാ കോളനി, എംജി റോഡ് (പള്ളിമുക്ക് മെഡിക്കൽ ട്രസ്റ്റ് റോഡ്), പനമ്പിളിനാഗർ തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വരും മണിക്കൂറുകളിൽ മഴയ്ക്ക് ശമനമുണ്ടാകും.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽനാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടി ക്കാൻ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്ക് തമിഴ്നാട് തീരത്തും, കന്യാകുമാരി തീരത്തും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലും സമാന കാലാവസ്ഥയായിരിക്കും ഇവിടങ്ങളിലും കടലിൽ പോകുന്നതിന് വിലക്കുണ്ട്.
അതേസമയം, വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനു മുന്നോടിയായി മഴ തുടരാനാണ് സാധ്യത.