scorecardresearch
Latest News

അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ, വടക്കൻ ജില്ലകളിൽ രണ്ടു ദിവസമായി കനത്ത മഴയാണ് ലഭിക്കുന്നത്. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുനലൂർ മൂവാറ്റുപുഴ റോഡിൽ സംരക്ഷണ ഭിത്തി തകർന്നു. ഇടുക്കി ചിന്നക്കനാലിൽ രണ്ട് വീടുകളും മുരിക്കാശ്ശേരിയിൽ ഒരു വീടും ഭാഗികമായി തകർന്നു. കോതമംഗലം മണികണ്ഠൻ ചപ്പാത്ത് മുങ്ങി. കുട്ടമ്പുഴയിൽ നിരവധി വീടുകൾ ഒറ്റപ്പെട്ടു.

തെക്കൻ ജാർഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത്അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതേതുടർന്ന് അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യതയുടെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

  • 03-07-2022: ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • 04-07-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • 05-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • 06-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

  • 03-07-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, മലപ്പുറം, വയനാട്
  • 04-07-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട്
  • 05-07-2022: പത്തനംതിട്ട, പാലക്കാട്, വയനാട്
  • 06-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
  • 07-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്


കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ ഏഴ് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ കടലിൽ പോകാരുതെന്ന് അറിയിപ്പുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടെയും മീൻപിടിക്കാൻ പോകാൻ വിലക്കുണ്ട്.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala rain weather forecast heavy rain expected alerts updates