തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും മണിക്കൂറുകളായി മഴ തോരാതെ തുടരുന്നു. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ ഉച്ചയോടെ മലവെള്ളപ്പാച്ചിലുണ്ടായി. പുഴയുടെ തീരത്തും താഴ്ന്ന പ്രദേശത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മധ്യ കേരളത്തില്‍ കോട്ടയത്തും എറണാകുളത്തുമാണ് മഴ ശക്തമായി തുടരുന്നത്. എരുമേലി തുമരംപാറയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വനം പ്രദേശത്ത് ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച്ച മുതൽ മഴ കണക്കുമെന്നാണ് പ്രവചനം. ജൂലൈ 30 മുതൽ ഓഗസ്റ്റ് മൂന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നത്. കർണാടക – തമിഴ്നാട് തീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പത്തിയാണ് മഴയ്ക്ക് കാരണം. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 01-08-2022: കോട്ടയം, ഇടുക്കി
- 02-08-2022:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
- 03-08-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 30-07-2022: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
- 31-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
- 01-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
- 02-08-2022: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
- 03-08-2022: തിരുവനന്തപുരം, കണ്ണൂർ, കാസറഗോഡ്
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മീൻപിടിക്കാൻ പോകുന്നതിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.