തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂർ ജില്ലകളിലാണ് അലർട്ട്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി തുടരുന്ന ശക്തമായ മഴയ്ക്ക് നാളെയോടെ അൽപം ശമനമുണ്ടാകും. എവിടെയും ജാഗ്രതാനിർദേശം നൽകിയിട്ടില്ല. എന്നാൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. മേയ് 27ന് കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ വരെ വടക്ക് കേരള തീരങ്ങളിലും തെക്ക് കർണാടക തീരങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.
വടക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ , മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ അറബികടൽ, തെക്ക് പടിഞ്ഞാറൻ അറബികടൽ, എന്നിവിടങ്ങളിലും സമാന സാഹചര്യം നിലനിൽക്കുന്നതിനാൽ മീൻപിടിക്കാൻ പോകുന്നതിന് വിലക്കുണ്ട്.
അതേസമയം, വ്യഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ഡാമുകളിൽ കെഎസ്ഇബി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ പെരിങ്ങൽക്കൂത്ത്, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിലാണ് റെഡ് അലർട്ട്.
Also Read:മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: പരാതിയില്‍ പൊതുതാത്പര്യമുണ്ടെന്ന് ഹൈക്കോടതി