ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ട് നാളെ രാവിലെ 10നു തുറക്കും. ഡാം റൂൾ കർവ് അനുസരിച്ച് 50 ക്യൂസെക്സ് വെള്ളമാണു തുറന്നുവിടുക. അണക്കെട്ടിൽ അര അടി വെള്ളമുയർന്നാൽ നിരപ്പ് റൂൾ കർവ് പരിധിയിലെത്തും. നിലവിലെ 2382.88 അടിയാണു ജലനിരപ്പ്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ വെള്ളം നിറയുകയാണ്. ഇടുക്കി ഡാമിൽ രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഷട്ടറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലായിരുന്നു. ആലുവ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകൾ തുറക്കൂവെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്.
അതിനിടെ, 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നതായാണ് ഒടുവിൽ ലഭിച്ച വിവരം. പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി
മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ല. 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.