പാലക്കാട്: അട്ടപ്പാടി ആനമൂളിയിൽ മലവെള്ള പാച്ചിലിൽ പിക്കപ്പ് വാൻ ഒഴുകിപ്പോയി. വാനിലുണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അട്ടപ്പാടി ചുരം മേഖലയിൽ ആനമൂളി ഉരള കുന്നിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ പിക്കപ്പ് വാൻ ഒഴുകി പോവുകയായിരുന്നു.
പുത്തൻ പുരക്കൽ സോമനും മകനുമായിരുന്നു വാനിലുണ്ടായിരുന്നത്. ഇവർ ഒഴുക്കിൽ പെട്ടെങ്കിലും സമീപത്തുണ്ടായിരുന്നവർ കയർ ഇട്ടുകൊടുക്കുകയും അതിൽ പിടിച്ച് അച്ഛനും മകനും കരയ്ക്ക് കയറുകയുമായിരുന്നു. പിക്കപ്പ് വാൻ കരക്കെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അട്ടപ്പാടി ചുരം പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനിടെയാണ് സംഭവം. ചുരത്തിന് പുറമെ പ്രദേശത്തെ ഉൾവനങ്ങളിലും ശക്തമായ മഴ തുടരുന്നുണ്ട്. എന്നാൽ അഗളി അടക്കമുള്ള ചില മേഖലകളിൽ കാര്യമായി മഴയില്ല.കനത്ത മഴയെ അട്ടപ്പാടി ചുരത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.