തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

ഓഗസ്റ്റ് നാലോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള നേരിയ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്.

അതിതീവ്രമഴ സാധ്യത നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൗരവത്തില്‍ കണ്ട് തയ്യാറെടുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ക്യാമ്പുകള്‍ക്ക് കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്‍റെ രുപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 11 മുതല്‍ 20 സെന്റീമീറ്റര്‍ മഴയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസം അതിശക്തമായ മഴ ലഭിച്ച കോട്ടയം, എറണാകുളം ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേമുണ്ട്.

Read More: നിർത്താതെ പെയ്യുന്ന മഴ വലിയ ആശങ്ക സൃഷ്ടിക്കുന്നു

അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത ഇത്തരത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളരെ കൂടുതലായിരിക്കും. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും പൂർണ സജ്ജരാവുകയും മുൻകരുതൽ നടപടികൾ പൂർത്തിയാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മുൻവര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടായ മേഖലകളിലെ താമസക്കാരും, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയ അപകട സാധ്യതാ മേഖലകളിലെ താമസക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചു.

ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചനനൽകുന്നു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ജൂലായ് 31 മുതൽ ഓഗസ്റ്റ് ആറുവരെയുള്ള ആഴ്ചയുടെ അവസാനത്തോടെ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത, നേരത്തേ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

ഡാമുകളിൽ ജലനിരപ്പ് നിയന്ത്രിക്കുന്നു

  • അരുവിക്കര ഡാമിൻ്റെ രണ്ടാമത്തെ ഷട്ടർ നിലവിൽ 20 cm തുറന്നിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ അത് 50 CM കൂടി തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
  • നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 10 cm ഉയർത്തിയിട്ടുണ്ട്. രണ്ടു മണിയോടെ നാലു ഷട്ടറുകളും 5 cm കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

കൊച്ചിയിലെ മഴവെള്ളക്കെട്ട്; ഹൈക്കോടതി കോര്‍പ്പറേഷനോട് വിശദീകരണം തേടി

അതേസമയം നഗരത്തില്‍ ഇന്നലെയുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ഹൈക്കോടതി അധികൃതരോട് വിശദീകരണം തേടി. ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും അഞ്ച് ദിവസത്തിനകം റിപ്പോര്‍ട് നല്‍കണം. മുല്ലശേരി കനാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമെന്നും തടസ്സം നീക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കനാല്‍ ശുചീകരണം കോര്‍പ്പറേഷന് തനിച്ച് സാധ്യമാവുന്നില്ലങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടറോട് ഏറ്റെടുക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.