തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ തുടരുന്നതോടെ ആശങ്കയുടെ നിരപ്പ് ഉയരുന്നു. മഴ കനത്തത് തെക്കൻ ജില്ലകളെയും മധ്യകേരളത്തെയും കാര്യമായി ബാധിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പലിയടങ്ങളിലും മണ്ണിടിച്ചിൽ വീടുകൾ തകർന്നു
കൊച്ചി നഗരത്തിന്റെ ഭാഗമായ പനമ്പളളി നഗർ, മരട്, പേട്ട, രവിപുരം എന്നീ പ്രദേശങ്ങൾ വെള്ളത്തിലാണ്. തീരപ്രദേശത്തും വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. പശ്ചിമ കൊച്ചിയോട് ചേർന്ന കോളനികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കമ്മട്ടിപാടത്തെ വീടുകളിൽ വെള്ളം കയറി.
കോട്ടയം മുട്ടമ്പലത്ത് റെയിൽവേ പാളത്തിൽ മണ്ണിടിച്ചിലുണ്ടായി. തിരുവനന്തപുരം- എറണാകുളം സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിച്ചു. ആളപായമില്ല. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളിൽ ജലനിരപ്പ് കുതിച്ചുയര്‍ന്നു. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.
നിർത്താതെ പെയ്യുന്ന മഴ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തൃശൂർ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ നാളെ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Land slide near kottayam tunnel.Venad short terminated at Changnasery #heavyrain #kerala pic.twitter.com/ZFBYit7uWh
— Rtv (@Robinjourno) July 29, 2020
അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത ഇത്തരത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളരെ കൂടുതലായിരിക്കും. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും പൂർണ സജ്ജരാവുകയും മുൻകരുതൽ നടപടികൾ പൂർത്തിയാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി.
കോട്ടയം വഴിയുള്ള ട്രെയിനുകളിൽ ക്രമീകരണം
കോട്ടയം വഴിയുള്ള റെയിൽപാതയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് തടസ്സം നേരിട്ടതിനാലാണ് നടപടി. നമ്പർ 06301 തിരുവനന്തപുരം-എറണാകുളം വേണാട് സ്പെഷ്യൽ എക്സ്പ്രസ് ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും. നമ്പർ 02617 എറണാകുളം- നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിനിന്റെ കണക്ഷൻ ട്രെയിനാണ് തിരുവനന്തപുരം-എറണാകുളം വേണാട് സ്പെഷ്യൽ എക്സ്പ്രസ് എന്നതിനാൽ ചങ്ങനാശ്ശേയിൽ ഇറങ്ങുന്ന യാത്രക്കാരെ ബസ് മാർഗം എറണാകുളത്ത് എത്തിക്കാൻ സൗകര്യമൊരുക്കും.
നമ്പർ 06302 എറണാകുളം-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ചങ്ങനാശേരിമുതലാണ് ആരംഭിക്കുക. നമ്പർ 02617 എറണാകുളം നിസാമുദ്ദീൻ എറണാകുളത്ത് നിന്ന് 10.50ന് ആരംഭിക്കുന്നതിന് പകരം 11.45നാണ് യാത്ര തിരിക്കുക. നമ്പർ 02082 തിരുവനന്തപുരം – കണ്ണൂർ ജൻ ശദാബ്ദി ആലപ്പുഴ വഴി തിരിച്ചുവിടും. കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
അതി ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നിൽ കണ്ട് കൂടുതൽ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.
- ഓറഞ്ച് അലർട്ട്
2020 ജൂലൈ 29 : കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്.
2020 ജൂലൈ 30 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്നത്.
- യെല്ലോ അലർട്ട്
ജൂലൈ 29 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
ജൂലൈ 30 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്.
ജൂലൈ 31 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ്.
ഓഗസ്റ്റ് 1 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
ഓഗസ്റ്റ് 2 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഴ തുടരുന്നു
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇതാണ് എറണാകുളം, കോട്ടയം ജില്ലകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. കൊച്ചി നഗരത്തിന്റെ ഭാഗമായ പനമ്പളളി നഗർ, മരട്, പേട്ട, രവിപുരം എന്നിവിടങ്ങൾ വെള്ളത്തിലാണ്. തീരപ്രദേശത്തും വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.
പശ്ചിമ കൊച്ചിയോട് ചേർന്ന കോളനികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കമ്മട്ടിപാടത്തെ വീടുകളിൽ വെള്ളം കയറി. ആളുകൾ തങ്ങളുടെ സാധനങ്ങളെല്ലാം വീടുകളിൽ നിന്നു മാറ്റുകയാണ്. സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റിമീറ്റർ തുറന്നു കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
Also Read: പേമാരി, മണ്ണിടിച്ചിൽ; വടക്കൻ കേരളത്തിലും മഴ ശക്തമാകും, മുന്നറിയിപ്പ്
മുന്നറിയിപ്പ്
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
- ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
- അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
- ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
- കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കോട്ടയം മുട്ടമ്പലത്ത് റെയിൽവേ പാളത്തിൽ മണ്ണിടിച്ചിൽ. തിരുവനന്തപുരം എറണാകുളം സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിച്ചു. ആളപായമില്ല. കോട്ടയത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളിൽ ജലനിരപ്പ് കുതിച്ചുയര്‍ന്നു. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. കോട്ടയത്ത് പലയിടത്തും മണ്ണിടിച്ചിലിൽ വീടുകൾ തകർന്നു