scorecardresearch

കാലവർഷം ശക്തമായി: മധ്യകേരളത്തില്‍ പ്രത്യേക ശ്രദ്ധ, സംസ്ഥാനം എന്തിനും സജ്ജമെന്ന് സര്‍ക്കാര്‍

മഴയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും 36 വീടുകൾ ഭാഗികമായി തകർന്നു

മഴയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും 36 വീടുകൾ ഭാഗികമായി തകർന്നു

author-image
WebDesk
New Update
Weather | Rain | Monsoon

എക്സ്പ്രെസ്സ് ഫൊട്ടൊ : നിര്‍മല്‍ ഹരീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങളുമായി റവന്യു മന്ത്രി കെ രാജൻ. മഴക്കെടുതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എന്തും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.

Advertisment

ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകും. ഇവിടെ മുന്നൊരുക്കങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ജില്ലാ കളക്ടർമാർക്കായിരിക്കും ചുമതല. അപകടാവസ്ഥയിൽ ഉള്ള മരങ്ങൾ മുറിച്ചുനീക്കാനുള്ള തീരുമാനമായി. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ക്യാമ്പുകൾ തുറക്കാൻ സജ്ജമാണ്. കൂടുതൽ പേർ ക്യാമ്പുകളിലേക്ക് വരാൻ സാധ്യതയുണ്ട്. താലൂക് അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും എമർജൻസി സെന്ററുകൾ തുറക്കും. പനി ബാധിതരെ പ്രത്യേകം പാർപ്പിക്കണം. അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെന്നും മന്ത്രി അറിയിച്ചു.

മഴയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും 36 വീടുകൾ ഭാഗികമായി തകർന്നു. ഹരിപ്പാട്, കായംകുളം മേഖലകളിലാണ് വീടുകൾ തകർന്നത്. കോട്ടയം വെച്ചൂരിലും പൂഞ്ഞാറിലും വീടുകൾ ഇടിഞ്ഞുവീണതായി റിപ്പോർട്ടുകളുണ്ട്. പത്തനംതിട്ട കോട്ടാങ്ങലിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.

Advertisment

എറണാകുളം കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്കേറ്റു. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകൻ അലന്‍റെ (10) തലയോട്ടിക്കാണ് പൊട്ടലേറ്റത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി.

മഴ കനത്ത സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ജില്ലാ അടിയന്തര ഓപ്പറേഷൻ സെന്റർ- 04842423513, 9400021077
ടോൾ ഫ്രീ നമ്പർ- 1077

താലൂക്ക് അടിയന്തര ഓപ്പറേഷൻ സെന്ററുകൾ

  • ആലുവ- 0484 22624052
  • കണ്ണയന്നൂർ- 0484 22624052
  • കൊച്ചി- 0484 22624052
  • കുന്നത്തുനാട്- 0484 22624052
  • കോതമംഗലം- 0484 22624052
  • മൂവാറ്റുപുഴ- 0484 22624052
  • പറവൂർ- 0484 22624052

സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം ജില്ലയിൽ യെല്ലോ അലർട്ടുമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ല കലക്ടര്‍മാരാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കാസര്‍ഗോഡ് ജില്ലയിലെ സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിക്കുന്നതായി കലക്ടര്‍ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറുകളായി അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികളെ മഴക്കെടുതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് നല്‍കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ജാഗ്രത നിർദേശം

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചില ​ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ ഇടുക്കി, കണ്ണൂർ ജില്ലകളിലും റെഡ് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉൾപ്പെടുത്തി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നി ജില്ലകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.

മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ നദികളിൽ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. കേരളം കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാ​ഗ്രത പാലിക്കാൻ ശ്രദ്ധിക്കുക.

Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: