തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പുകൾ എല്ലാവരും ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 60 പേർ മരണപ്പെട്ടു. 1551ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലായി രണ്ടു ലക്ഷത്തിലധികം പേരുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിനായി കേന്ദ്രസേനയും അഗ്നിശമനസേനയും അടക്കമുളളവർ രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിന് 5 മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു. ഉരുൾപൊട്ടൽ പ്രദേശത്ത് കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിക്കും. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ഒരു ടീമുണ്ട്. വ്യോമസേനയുടെ രണ്ടു ഹലികോപ്ടറുകൾ രക്ഷാപ്രവർത്തനത്തിനുണ്ട്.

Kerala Floods, Rain, Alert, Weather Live Updates: നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു, സർവ്വീസുകൾ ആരംഭിച്ചു

ബാണാസുരസാഗർ തുറക്കുന്നതിനു മുൻപ് 11,000 പേരെ മാറ്റിപ്പാർപ്പിച്ചു. മലപ്പുറം അമ്പുട്ടാംപെട്ടിയിൽ 100 വീടുകൾ ഒലിച്ചുപോയി. ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടായില്ല. ഏകോപിപ്പിച്ചുളള രക്ഷാപ്രവർത്തനം ആളപായം കുറച്ചു. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമായാൽ ഷോളയാർ ഡാം തുറക്കേണ്ടി വരും. പ്രദേശവാസികളെ ഇക്കാര്യം മുൻകൂട്ടി അറിയിക്കും. ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാംപുകളിൽ ചുമതലപ്പെട്ടവർ മാത്രമേ പ്രവേശിക്കാവൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹായിക്കാനെന്ന പേരിൽ ചിലർ പ്രത്യേക അടയാളങ്ങളായി എത്തുന്നു. അത്തരക്കാരെ ക്യാംപിനുളളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള പണം വകമാറ്റുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇത് നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്. സമൂഹ മാധ്യമങ്ങളിലൂടെയുളള വ്യാജപ്രചാരണം തടയാൻ കൂട്ടായ ശ്രമം വേണം. കഴിഞ്ഞ പ്രളയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും സഹായങ്ങൾ എത്തി. പക്ഷേ ഇത്തവണ മഴക്കെടുതിയിൽ ജനം ദുരിതത്തിലായപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനെക്കുറിച്ചല്ല സർക്കാർ ചിന്തിച്ചത്, മറിച്ച് രക്ഷാപ്രവർത്തനത്തിലാണ്. എന്നാൽ ചില കൂട്ടർ കേരളത്തിന് പുറത്ത് വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങളെ സർക്കാർ ഗൗരവത്തോടെ കാണും.

ദുരിതാശ്വാനിധിയിൽ ലഭിക്കുന്ന പണം ദുരിതാശ്വാസപ്രവർത്തനങ്ങളാണ് വിനിയോഗിക്കുക. മറ്റു കാര്യങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽനിന്നുളള പണം വിനിയോഗിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.