പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയും കാറ്റും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മണിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്താൻ സാധിക്കാത്ത വിധം തകരാറിലാണ്. ഒന്നാമത്തെ ഷട്ടർ തന്നെയാണ് കൂടുതൽ ഉയർത്തിയത്.

മഴ കനത്ത സാഹചര്യത്തിൽ മലമ്പുഴ, മാട്ടുപ്പെട്ടി അണക്കെട്ടുകളും തുറക്കുന്നുണ്ട്. മണിയാര്‍, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പമ്പയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്യണമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.

ഒക്ടോബർ അഞ്ചുമുതല്‍ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടയും. ജലനിരപ്പു നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ നാലിന് രാവിലെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കും. രാവിലെ എട്ടു മണി മുതല്‍ 25 ക്യുമെക്സ് ജലം സ്പില്‍വേ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍.എ ഹെഡ് വര്‍ക്സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടും.

മലയോര മേഖലകളിലേക്കുളള യാത്ര പരമാവധി ഒഴിവാക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നാറിലേക്ക് ഒക്ടോബർ അഞ്ചിന് ശേഷം യാത്രാ വിലക്കുണ്ട്. സമാനമായി പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലേക്കും സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. രാത്രിയാത്രകൾ ഒഴിവാക്കാനാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ